18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 2, 2024
December 1, 2024
November 29, 2024
November 28, 2024
November 27, 2024
November 26, 2024
November 26, 2024
November 24, 2024
November 24, 2024

അഡാനി തട്ടിപ്പില്‍ സെബിയുടെ നിസംഗത ഇന്ത്യക്ക് തിരിച്ചടിയാകും

Janayugom Webdesk
ന്യൂഡല്‍ഹി
September 4, 2023 11:30 pm

അഡാനി കമ്പനികളുടെ സാമ്പത്തിക തട്ടിപ്പില്‍ സെക്യൂരീറ്റിസ് ആന്റ് എ‌ക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ നിസംഗത ഇന്ത്യക്ക് തിരിച്ചടിയാകും. ആഗോള സാമ്പത്തിക നിരീക്ഷണ സമിതിയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ് ) അംഗത്വം രാജ്യത്തിന് നഷ്ടപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അഡാനിക്കെതിരെയുള്ള ആരോപണത്തിലെ കേന്ദ്ര സര്‍ക്കാരിന്റെ മൗനവും സെബിയുടെ നിസംഗതയും ഗൗരവമായാണ് എഫ്എടിഎഫ് വിലയിരുത്തുന്നത്.
കള്ളപ്പണം-തീവ്രവാദ ഫണ്ടിങ് എന്നിവ സമൂഹത്തില്‍ സൃഷ്ടിക്കുന്ന ഗുരുതര പ്രത്യാഘാതം കണക്കിലെടുത്ത് ഇത്തരം വിഷയങ്ങളില്‍ കടുത്ത നിലപാടാണ് സമിതി സ്വീകരിച്ചുവരുന്നത്. സാമ്പത്തിക ഇടപാടില്‍ സുതാര്യത പുലര്‍ത്താത്ത, കള്ളപ്പണം വെളുപ്പിക്കല്‍ നടപടി പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയ ഉത്തര കൊറിയ, ഇറാന്‍, മ്യാന്‍മര്‍, പാകിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു. അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുള്ള ധനസഹായത്തിന് സമിതിയുടെ അനുമതി ആവശ്യമാണെന്നിരിക്കെയാണ് വിഷയത്തില്‍ സെബിയുടെ നിസംഗത തുടരുന്നത്. 

അഡാനി കമ്പനികളുടെ സാമ്പത്തിക തട്ടിപ്പ് പുറത്തുകൊണ്ടുവന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വിവാദമായതിന് പിന്നാലെ പരിശോധന നടത്തി ആറുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി സെബിക്ക് നിര്‍ദേശം നല്‍കിയിരുന്നു. അന്തിമ റിപ്പോര്‍ട്ട് സെബി ഇതുവരെ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. അഡാനിയെ വെളളപൂശിയുള്ള റിപ്പോര്‍ട്ടാണ് സെബി തയ്യറാക്കിയിരിക്കുന്നതെന്ന മാധ്യമ വാര്‍ത്തകള്‍ അടുത്തിടെ വന്നിരുന്നു. ഈമാസം ആദ്യം ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്റ്റും അഡാനി കമ്പനികളുടെ ധനകാര്യ തട്ടിപ്പിന്റെ വിശദമായ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടും അന്വേഷണ ഏജന്‍സിയായ സെബി വിഷയത്തില്‍ തുടരുന്ന മെല്ലെപ്പോക്കും നിസംഗതയും ഇതിനകം രാജ്യമാകെ ചര്‍ച്ചയായി കഴിഞ്ഞു.
മാനദണ്ഡവും നിര്‍ദേശങ്ങളും പാലിക്കുന്നതില്‍ ഇന്ത്യ വീഴ്ച വരുത്തിയതായാണ് എഫ്എടിഎഫ് സമിതി വിലയിരുത്തുന്നത്. സമിതി ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ ഇന്ത്യ അലംഭാവം കാട്ടുന്നതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിയമപരമായി പാലിക്കേണ്ട പല വ്യവസ്ഥകളും അഡാനി വിഷയത്തില്‍ ഇന്ത്യ പാലിക്കുന്നില്ല. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച് ഇഡി അടക്കമുള്ള സ്ഥാപനങ്ങള്‍ ശരിയായ ദിശയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന രാജ്യങ്ങളെ സംഘടനയില്‍ നിന്ന് ഒഴിവാക്കുന്നതാണ് കീഴ്‌വഴക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഫ്എടിഎഫ് വിലയിരുത്തല്‍ നടക്കുന്നുവെന്ന കാരണം പറഞ്ഞാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടുന്നതിന് സുപ്രീം കോടതിയില്‍ പോലും കേന്ദ്ര സര്‍ക്കാര്‍ വാശിപിടിച്ചിരുന്നത്. എന്നാല്‍ പ്രസ്തുത സമിതിയിലെ അംഗത്വം തന്നെ രാജ്യത്തിന് നഷ്ടമാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. 

Eng­lish Sum­ma­ry: Sebi’s indif­fer­ence in Adani scam will back­fire for India

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.