ചടുലമായ നീക്കങ്ങൾക്കും അതിസഹസികമായ സംഘട്ടങ്ങൾക്കുമൊടുവിൽ ശത്രുവിനെ അയാൾ പോലുമറിയാതെ ഇല്ലാതാക്കി ഒന്നും സംഭവിക്കാത്ത പോലെ നടന്ന് നീങ്ങുന്ന അതിമാനുഷ്യകനായ കുറ്റാന്വേഷകൻ. ലോകം കണ്ട ഏറ്റവും പ്രശക്തനായ സീക്രട്ട് ഏജന്റ്. ഇന്നും മാനവരാശിയെ ത്രസിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇയാൻ ഫ്ലമിങ് എന്ന എഴുത്തുകാരൻ സൃഷ്‌ടിച്ച ഈ കഥാപാത്രം യഥാർത്ഥത്തിൽ ജീവിച്ചിരുന്ന വ്യക്തിയെന്നാണ് അന്നും ഇന്നും പലരും കരുതുന്നത്. എഴുത്തുകാരൻ മരിച്ച് 60വർഷം പിന്നിടുമ്പോഴും അദ്ദേഹത്തെ ആരും ഓർക്കുന്നില്ല. എന്നാല്‍ അദ്ദേഹം സൃഷ്ടിച്ച കഥാപാത്രം ചിരഞ്ജീവിയായി നിലകൊള്ളുന്നു.
ബ്രിട്ടീഷ്കാരനായ ഇയാൻ ലങ്കാസ്റ്റർ ഫ്ലെമിങ് എന്ന ഇയാൾ ഫ്ലെമിങ് 1908 മെയ് 28നാണ് ലണ്ടനിൽ ഒരു ധനിക കുടുംബത്തിൽ ജനിക്കുന്നത്. വിദ്യാഭ്യാസത്തിന് ശേഷം റോയിട്ടർ വാർത്ത ഏജൻസിയിൽ ജേർണലിസ്റ്റായി. ആഡംബര പ്രിയനായ ഇയാന് ആ ജോലിയിൽ തുടരാൻ താല്പര്യമുണ്ടായില്ല. കൂടുതൽ പണം സമ്പാദിക്കാൻ ഓഹരി കമ്പോളത്തിലേക്ക് കടന്നു. എന്നാല്‍ അത് പരാജയമായി. അത് കൊണ്ട് വീണ്ടും പത്രപ്രവർത്തനത്തിലേക്ക് വന്നു. രണ്ടാം ലോക മഹായുദ്ധത്തിന് തൊട്ട് മുമ്പ് ബ്രിട്ടീഷ് നേവൽ ഇന്റലിജന്റ്സിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ പേഴ്സ്ണൽ അസിസ്റ്റന്റായി. ഇതൊരു വഴിത്തിരുവായിരുന്നു. മാസങ്ങൾക്കകം കമാൻണ്ടാറായി ഉയർത്തപ്പെട്ടു. രണ്ടാം ലോക
മഹായുദ്ധത്തിൽ ബ്രിട്ടീഷ് ചാരനായി മികച്ച പ്രകടനം കാഴ്ച വെച്ചു. യുദ്ധ അവസാനം ഈ ജോലി അവസാനിപ്പിച്ച് ജമൈക്കയിൽ ഇയാൻ വലിയൊരു എസ്റ്റേറ്റ് വാങ്ങി. ‘ഗോൾഡൻ ഐ’ എന്ന് പേരിട്ട ഇവിടെ വച്ചാണ് ഇയാൻ തന്റെ വിശ്വ പ്രസിദ്ധമായ ജെയിംസ് ബോണ്ടിന് ജന്മം നൽകിയത്. ഇവിടെ വെച്ച് തന്നെയാണ് ജെയിംസ് ബോണ്ട് നോവലുകൾ 12എണ്ണവും അദ്ദേഹം എഴുതിയത്. ആദ്യമെല്ലാം വല്ലപ്പോഴും ഉല്ലസിക്കാൻ മാത്രം എസ്റ്റേറ്റിൽ എത്തിരുന്ന ഇയാൻ തന്റെ ജീവിതം എഴുതാൻ തീരുമാനിച്ചു. സമയം കളയാൻ വേണ്ടിയുള്ള ഒരേർപ്പാട് മാത്രമായിരുന്നു അത്.
ബോണ്ട് കഥകളിലെ ചാരവൃത്തിക്ക് ഫ്ലെമിങ്ന്റെ ഔദ്യാഗിക ജീവിതത്തിലെ ചാരവൃത്തിയുമായി സാമ്യമുണ്ടായിരുന്നു. സ്വന്തം അനുഭവങ്ങളും ജീവിത ശൈലിയുമൊക്കെ അദ്ദേഹം തന്റെ നോവലുകളിലേക്ക് കടമെടുത്തു. യഥാർത്ഥത്തിൽ ഇയാൻ ഫ്ലമിങ്ങിന്റെ റൊമാന്റിക്കായ പ്രതിരൂപം തന്നെയായിരുന്നു ജെയിംസ് ബോണ്ട്.
ആദ്യ നോവൽ കാസീനോ റോയാൽ (casino Royale )1952ലാണ് എഴുതിയത്. ഒരു മാസമേ വേണ്ടി വന്നുള്ളൂ എഴുതാൻ. ചടുലതയും സഹസികതയും കൈമുതലാക്കിയ ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തിന്റെ ജനനം അങ്ങനെയായിരുന്നു. 1953ലാണ് ആദ്യ നോവൽ പ്രസിദ്ധികരിക്കുന്നത്. വൻ വിജയമായിരുന്നു ഇത്. വായനക്കാർ രണ്ട് കയ്യുംനീട്ടി സ്വീകരിച്ചു. ഇതോടെ വീണ്ടും എഴുതാൻ ഫ്ലാമിങ്ങിന് പ്രചോദനമായി. 12നോവലുകളും രണ്ട് ചെറുകഥാ സമാഹാരങ്ങളുമാണ് പുറത്തിറങ്ങിയത്. ഇതിൽ രണ്ട് നോവൽ മരണശേഷമാണ് പുറത്തിറങ്ങിയത്. സ്വർണം പൂശിയ ടൈപ്പ് റൈറ്ററിലാണ് ഇയാൻ ഫ്ലെമിങ് തന്റെ നോവലുകളെല്ലാം എഴുതിയത്. എഴുത്തുകാരന്റെ മരണ ശേഷം 1995ൽ ഏതാണ്ട് ഇന്ത്യൻ മൂല്യമനുസരിച്ച് 63ലക്ഷം രൂപയ്ക്കാണ് ലണ്ടനിൽ നടന്ന ലേലത്തിൽ ഈ ടൈപ്പ് റൈറ്റെർ വിറ്റ് പോയത്.
എഴുത്തുകാരൻ, കലാകാരൻ എന്നീ വിശേഷണങ്ങൽ ഇഷ്ടപെടാത്ത ആളായിരുന്നു ഇയാൻ ഫ്ലെമിങ്. തന്റെ പുസ്തകം കൂടുതൽ വിൽക്കണമെന്നോ പേരും പ്രശക്തിയും നേടണമെന്നോ അദ്ദേഹം ആഗ്രഹിച്ചില്ല. എന്തിനേറെ സ്വന്തം കുടുംബത്തോട് പോലും ഒരു കടപ്പാടുമില്ലാത്ത വ്യക്തിയായിരുന്നു ഫ്ലെമിങ്. ആഡംബര ജീവിതം മാത്രമായിരുന്നു ലക്ഷ്യം. ഇന്നത്തെ ഭാഷയിൽ ഒരു അടിച്ചു പൊളി ജീവിതം. കടുത്ത പുകവലികാരനും മദ്യപാനിയുമായിരുന്നു. അവസാനം വരെ അങ്ങനെ തന്നെ ജീവിച്ച ഈ എഴുത്തുകാരൻ 1964ൽ 56മത്തെ വയസിലാണ് അന്തരിക്കുന്നത്. 1952ലാണ് വിവാഹ മോചിതയായിരുന്ന ആനിയെയാണ് ഇയാൻ വിവാഹം കഴിക്കുന്നത്, ജെയിംസ് ബോണ്ട് ആദ്യ നോവൽ എഴുതുന്നതിന് തൊട്ട് മുമ്പ്. ഇവർക്ക് ഒരു മകനുണ്ട്. അയാളും പിതാവിനെ പോലെ ആർഭാട ജീവിതം നയിച്ച വ്യക്തിയായിരുന്നു. മയക്ക് മരുന്നിനു അടിമയായി 1975ൽ 23മത്തെ വയസിൽ അകാല മരണത്തിന് കിഴടങ്ങുകയായിരുന്നു. ആനി മരിക്കുന്നത് 1981ലാണ്.
ആരാണ് ജെയിംസ് ബോണ്ട് ?
******************************
ഒരു കഥാപാത്രമാണെങ്കിലും ജീവിച്ചിരുന്ന വ്യക്തിയായാണ് വായനക്കാർ ബോണ്ടിനെ കണ്ടിരുന്നത്. ഇയാൻ ഫ്ലെമിങ്ങിന്റെ അവതരണം അങ്ങനെയായിരുന്നു. ബ്രിട്ടീഷ് റോയൽ നേവി ഓഫീസറായിരുന്ന കമാൻണ്ടർ പാട്രിക് ഡാൻസെൽ ജോബ് രണ്ടാം ലോകമഹായുദ്ധ കാലത്ത് നടത്തിയ അതിസാഹസികമായ ചാര പ്രവൃത്തികളിൽ ആകൃഷ്ടനായാണ് ഇയാൻ തന്റെ ആക്ഷൻ ഹീറോക്ക് രൂപം നൽകിയത്. എങ്കിലും താൻ യുദ്ധ കാലത്ത് പരിചയപ്പെട്ട വിവിധ സീക്രട്ട് ഏജന്റുകളുടെയും കമാണ്ടോകളുടെയും ആകെ തുകയാണ് ജയിംസ് ബോണ്ട് എന്ന് പറയാം.
അമേരിക്കൻ പക്ഷി നിരീക്ഷകനായ ജെയിംസ് ബോണ്ടിന്റെ പേരാണ് തന്റെ കഥാപാത്രത്തിനായി ഇയാൻ ഫ്ലാമിങ് തിരഞ്ഞെടുത്തതെന്ന് കരുതപ്പെടുന്നു. അക്കാലത്തെ സാമാന്യം പേര് കേട്ട ഒരു പക്ഷി നിരീക്ഷകനായിരുന്നു ഇദ്ദേഹം. ഇയാനും പക്ഷി നിരീക്ഷണത്തോട് താല്പര്യമുള്ള ആളായിരുന്നു. ‘Birds of the west indies’ എന്ന ജെയിംസ് ബോണ്ടിന്റെ പുസ്തകം അക്കാലത്തു ഹിറ്റായ ഒരു പുസ്തമായിരുന്നു. ഇത് വായിച്ച ഇയാൻ ഇദ്ദേഹത്തിന്റെ ആരാധകനായി. അങ്ങനെയാണ് ഈ പേരുമായി ഇയാൻ ഫ്ലാമിങ് അടുത്തിഴപഴകുന്നത്. ബോണ്ട് നോവലുകളിൽ ആരെങ്കിലും പക്ഷികളെ കൊന്നാൽ ആ കഥാപാത്രം കൊല്ലപ്പെടുമെന്നുറപ്പാണ്. കാരണം പക്ഷികളെ അത്രക്ക് ഇഷ്ടമാണ് ഫ്ലമിങ്ങിന്.
ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയിലെ ഇന്റലിജൻസ് ഓഫിസറാണ് ജെയിംസ് ബോണ്ട്. M16 എന്നാണ് ഇതറിയപ്പെടുന്നത്. ഏജന്റ് 007 എന്നതാണ് ബോണ്ടിന്റെ രഹസ്യ കോഡ്. ഇതിൽ ആദ്യത്തെ രണ്ട് പൂജ്യം ബ്രിട്ടീഷ് സൈന്യത്തിന്റെ രഹസ്യ കോഡും എഴ് എന്നത് ബോണ്ടിന്റെ മാത്രമുള്ള രഹസ്യ കോഡുമാണ്. റോയൽ നേവൽ റിസർവ് കമാൻഡർ എന്നതാണ് ജെയിംസ് ബോണ്ടിന്റെ ഔദ്യോഗിക പദവി. ഇത് ഇയാൻ ഫ്ലമിങ് ബ്രിട്ടീഷ് മിലിട്ടറിയിൽ വഹിച്ച അതേ പദവി തന്നെയാണ്. ലണ്ടനാണ് ജെയിംസ് ബോണ്ടിന്റെ ആസ്ഥാനമെങ്കിലും ലോകം മുഴുവൻ സഞ്ചരിച്ചു ലക്ഷ്യം പൂർത്തികരിക്കുന്ന സഹസികനാണ് ഇദ്ദേഹം. കുറ്റവാളികളെ കൊല്ലാനുള്ള ലൈസൻസ് ബോണ്ടിനുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി ഏതറ്റം വരെ പോകാനും മടിയില്ലാത്ത ഡിക്ടറ്റീവാണ് അദ്ദേഹം. ധീരതയുടെ പര്യായം. അന്നും ഇന്നും ഒരു കിടിലൻ ആക്ഷൻ ഹീറോ. ആരെയും അതിശയിപ്പിക്കുന്ന ഫൈറ്റിങ് രീതി. ഒറ്റയടിക്ക് അഞ്ച് രീതിയിൽ ഒരാളെ കൊല്ലാൻ ബോണ്ടിന് കഴിയുമത്രേ. ഡ്രൈവിങ്ങിൽ പുപ്പുലിയാണ്. കാർ, ബോട്ട്, വിമാനം, അന്തർവഹിനി അടക്കം എന്തും ഓടിക്കും. മാത്രമല്ല തോക്ക് ഉപയോഗിക്കുന്നതിൽ അഗ്രഗണ്യൻ. ലോകം എങ്ങനെ ആരാധിക്കാതിരിക്കും?
എഴുത്തുകാരനും കഥാപാത്രത്തിനും തമ്മിൽ പല കാര്യത്തിനും സാമ്യമുണ്ട്. രണ്ട് പേരും പുകവലിക്കാരും മദ്യപാനികളുമാണ്. സിഗരറ്റിന്റെ ബ്രാൻഡ് പോലും ഒന്നാണ്. ഭക്ഷണരീതിയിലും ഇഷ്ടപ്പെട്ട ഭക്ഷണത്തിലും ബോണ്ടും ഫ്ലമിങ്ങും ഒന്ന് പോലെയായിരുന്നു.
രണ്ട് പേരും ഗോൾഫ് കളിക്കുമായിരുന്നു. ചായ കുടിക്കാത്ത ആളായിരുന്നു ബോണ്ട്. ഹിറ്റ്‌ലറുമായും ബോണ്ടിനെ എഴുത്തുകാരൻ ബന്ധിപ്പിക്കുന്നുണ്ട്. ഒരേ തരം തോക്കാണ് രണ്ട് പേരും ഉപയോഗിച്ചിരുന്നത്, Walther ppk എന്ന മോഡൽ. ഹിറ്റ്ലർ സ്വയം വെടിവെച്ചു മരിക്കുന്നതും ഈ തോക്ക് ഉപയോഗിച്ച് തന്നെയാണ്. രണ്ട് അമേരിക്കൻ പ്രസിഡന്റ്മാർ ജെയിംസ് ബോണ്ടിന്റെ ആരാധകരായിരുന്നു. കൊല്ലപ്പെട്ട ജോൺ എഫ് കെന്നഡിയും റൊണോൾഡ് റീഗനും. നോവൽ ചരിത്രത്തിലെ ഏറ്റവും വലിയ അത്ഭുതമാണ് എഴുത്ത്കാരൻ മരിച്ചിട്ടും നിരന്തരം അദ്ദേഹത്തിന്റെ നോവലുകൾ എഴുതപ്പെട്ടു കൊണ്ടിരുന്നു എന്നത്. ഇയാൻ ഫ്ലമിങ്ങിന്റെ മരണ ശേഷം ബോണ്ട് കൃതികളുടെ പകർപ്പവകാശം കിട്ടിയത് ഫ്ലമിങ് എസ്റ്റേറ്റിനായിരുന്നു. അവർ മറ്റ് എഴുത്തുകാരെ വച്ച് ബോണ്ട് നോവലുകൾ എഴുതികൊണ്ടിരുന്നു. ഇയാൻ ഫ്ലമിങ് ജീവിച്ചിരുപ്പോൾ 12നോവലുകളെ അദ്ദേഹം എഴുതുകയുണ്ടായുള്ളൂ. പക്ഷെ മറ്റ് എഴുത്തുകാർ എഴുതിയത് 40ഓളം ബോണ്ട് നോവലുകളാണ്. ജോൺ ഗാർഡ്നർ എന്ന എഴുത്തുകാരൻ മാത്രം 16നോവലുകൾ എഴുതി.
ജെയിംസ് ബോണ്ട് സിനിമകൾ
*******************************
പ്രേക്ഷകരെ ഇന്നും ആവേശം കൊള്ളിക്കുന്നതാണ് ജെയിംസ് ബോണ്ട് സിനിമകൾ. നോവലിന്റെ ചലച്ചിത്ര ആവിഷ്കാരങ്ങളാണ് പലതും. അല്ലാത്തവയുമുണ്ട്. 1962ലാണ് ആദ്യ ജെയിംസ് ബോണ്ട് സിനിമ പുറത്തിറങ്ങിയത്. ടെറൻസ് യങ് സംവിധാനം ചെയ്ത ‘ഡോക്ടർ നോ’ ആയിരുന്നു അത്. അന്ന് 11 ലക്ഷം ഡോളർ മുടക്കി ചെയ്ത സിനിമ 5.9കോടി ഡോളറാണ് തിയേറ്ററിൽ നിന്ന് മാത്രം നേടിയത്. വൻ ഹിറ്റായിരുന്നു അത്. തുടർന്ന് ഒന്നിന് പിറകെ ഒന്നായി 23സിനിമകൾ വന്നു. മിക്കവയും തകർപ്പൻ വിജയങ്ങളായിരുന്നു. ബോണ്ട് പരമ്പരയിലെ 24മത്തെ ചിത്രം 2015ൽ പുറത്തിറങ്ങി സ്‌പെക്ടർ ആയിരുന്നു അത്. ഏറ്റവും അവസാനം ഈ സിരിസിൽ പുറത്തിറങ്ങിയത് 2021ൽ ‘നോ ടൈം ടുഡേ‘യാണ്. ഇനിയും ഈ പരമ്പര തുടരാനാണ് സാധ്യത. ജെയിംസ് ബോണ്ട് സിനിമകൾ ഇറക്കുന്നത് ഇയോൺ പ്രോഡക്ഷൻസ് എന്ന കമ്പനിയാണ്. അവർക്കാണ് കഥയുടെ അവകാശം. എല്ലാ സിനിമകളും അവരാണ് നിർമ്മിച്ചത്. രണ്ടെണ്ണം ഇവരുടെ ആയിരുന്നില്ല എന്ന് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.