23 December 2025, Tuesday

രാജ്യത്ത് മതേതരത്വം അപകടത്തില്‍: പരകാല പ്രഭാകര്‍

Janayugom Webdesk
കാഞ്ഞങ്ങാട്
December 12, 2023 9:30 pm

മുന്‍കാലങ്ങളില്‍ താനൊരു മതേതരവാദിയാണെന്ന് ഓരോരുത്തരും അഭിമാനത്തോടെ പറയുമായിരുന്നെങ്കില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിപ്പുറം ഇതിനു വലിയ മാറ്റം സംഭവിച്ചതായി രാഷ്ട്രീയ സാമ്പത്തിക വിദഗ്ധനും കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്റെ ഭര്‍ത്താവുമായ പരകാല പ്രഭാകര്‍. കാഞ്ഞങ്ങാട് സെക്യുലര്‍ ഫോറം സംഘടിപ്പിച്ച പ്രഭാഷണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി പോലും ഒരു മതേതരപാര്‍ട്ടിയാണെന്നാണ് നേരത്തെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ പാര്‍ട്ടി ഹിന്ദുസംരക്ഷകരാണെന്നും തങ്ങളാണ് യഥാര്‍ത്ഥ ഹിന്ദുക്കളെന്നും ആ പാര്‍ട്ടിയും നേതാക്കളും വിളിച്ചുപറയുന്നു. മതേതരത്വം എന്ന വാക്ക് തന്നെ ആരും മിണ്ടുന്നില്ല. മതേതര പാര്‍ട്ടികളാകട്ടെ ഒരു തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അടുത്ത തെരഞ്ഞെടുപ്പ് വരെ ആലസ്യത്തിലായിരിക്കും. എന്നാല്‍ ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള പ്രചരണവിഭാഗം ജനമനസുകളില്‍ വിദ്വേഷം പരത്താന്‍ എണ്ണയിട്ട യന്ത്രം പോലെ 24 മണിക്കൂറും ജോലിചെയ്യുന്നു. 

വെറും രണ്ടു സീറ്റില്‍ നിന്നും 303 സീറ്റുകളിലേക്ക് ബിജെപി വളരാനുള്ള കാരണവും അതാണ്. ഇതിനെ പ്രതിരോധിക്കാന്‍ ഉത്തരവാദപ്പെട്ട മതേതര വിഭാഗക്കാരെ കാണാനുമില്ല. അഞ്ച് മിനിറ്റ് പോലും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെയാണ് കര്‍ഷകബില്‍ പാസാക്കിയത്. ഒരു വര്‍ഷത്തെ കര്‍ഷകസമരത്തിനു ശേഷം ബില്‍ പിന്‍വലിച്ചപ്പോഴും യാതൊരു ചര്‍ച്ചയും നടത്തിയില്ല. ഇതു സൂചിപ്പിക്കുന്നത് മതേതരത്വം പോലെ നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ നിലനില്പും അപകടത്തിലാണ് എന്നതാണ്.
24 ശതമാനമാണ് യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ. ഇതു ലിബിയ, ഇറാന്‍ പോലുള്ള രാജ്യങ്ങളുടേതിന് തുല്യമാണ്. അടുത്തിടെ റെയില്‍വേയിലെ 35,000 ചെറുകിട ജോലികളുടെ ഒഴിവുകളിലേക്ക് അപേക്ഷിച്ചത് 1.25 കോടി യുവാക്കളായിരുന്നു. ദുര്‍ബലമായ സാമ്പത്തിക വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതായിരുന്നു മനഃസാക്ഷിയില്ലാത്തതും വിഡ്ഢിത്തം നിറഞ്ഞതുമായ നോട്ട് നിരോധനം. നിരോധത്തിനു മുമ്പ് ഇവിടെയുണ്ടായിരുന്ന കറന്‍സി 15 ലക്ഷം കോടിയായിരുന്നെങ്കില്‍ ഇന്നത് 34 ലക്ഷം കോടിയായി ഉയര്‍ന്നു.

മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ് 50 ലക്ഷം കോടി രൂപയായിരുന്നു രാജ്യത്തിന്റെ പൊതുകടമെങ്കില്‍ വെറും 10 വര്‍ഷത്തിനിപ്പുറം ഇത് 100 ലക്ഷം കോടി രൂപയായി ഇരട്ടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോറം ചെയര്‍മാന്‍ അഡ്വ. ടി കെ സുധാകരന്‍ അധ്യക്ഷത വഹിച്ചു. പരകാല പ്രഭാകറിന്റെ ‘ആരൂഡം വളഞ്ഞ നവ ഇന്ത്യ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി സുജാതയ്ക്ക് നല്‍കി പ്രകാശിപ്പിച്ചു. ഡോ. ഖാദര്‍ മാങ്ങാട്, എ ഹമീദ് ഹാജി, സി മുഹമ്മദ് കുഞ്ഞി, ഡോ. അജയകുമാര്‍ കോടോത്ത് എന്നിവര്‍ സംസാരിച്ചു. 

Eng­lish Summary:Secularism in dan­ger in the coun­try: Parakala Prabhakar
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.