11 December 2024, Wednesday
KSFE Galaxy Chits Banner 2

മതേതരത്വം വെല്ലുവിളിക്കപ്പെടുന്നു

Janayugom Webdesk
December 8, 2024 5:00 am

സംഭാലിനെ കുറിച്ച് ഒത്തിരി എഴുതിയിരിക്കുന്നു, ഉത്തർപ്രദേശിലെ ആ നഗരത്തിലാണ് ആഴ്ചകൾക്ക് മുമ്പ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ക്ഷേത്രാവശിഷ്ടങ്ങൾക്ക് മുകളിലാണ് ഷാഹി ജുമാ മസ്ജിദ് പണിതതെന്ന് സ്ഥാപിക്കുന്നതിനായി ഒരു സംഘം സർവേയ്ക്കെത്തുകയായിരുന്നു. വാരാണസിയിലെ ഗ്യാൻ വ്യാപി, മഥുരയിലെ ഷാഹി ഈദ്ഗാഹ്, മധ്യപ്രദേശിൽ ധാറിലെ കമാൽ മൗലാ പള്ളി എന്നിവയ്ക്ക് സമാനമായിട്ടായിരുന്നു ഇവിടെയും അവകാശവാദമുന്നയിച്ചത്. സംഭാലിൽ സംഘർഷം ആളിക്കത്തുന്നതിന് അധിക സമയം വേണ്ടിവന്നില്ല. സ്ഥിതി സ്ഫോടനാത്മകവുമായി. കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റുകളും മാത്രമാണ് പ്രയോഗിച്ചതെന്നാണ് പൊലീസ് പറയുന്നതെങ്കിലും അഞ്ചുപേർ കൊല്ലപ്പെട്ടു. 31 പേരെ അറസ്റ്റ് ചെയ്തെന്നാണ് റിപ്പോർട്ടുകൾ. ജനങ്ങൾക്കിടയിൽ പ്രത്യേകിച്ച് ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ പ്രകടമാണ്. മാർക്കറ്റുകൾ നിശബ്ദവും തെരുവുകൾ ശൂന്യവുമാണ്. ആളുകൾ സംസാരിക്കാൻ പോലും ഭയപ്പെടുന്നു. ദുരിതങ്ങൾ പരസ്പരം പങ്കുവയ്ക്കുക മാത്രം ചെയ്യുന്നു. ഷാഹി ജുമാ മസ്ജിദിന് സമീപം വസ്ത്രശാല നടത്തുന്ന 22കാരനായ ബിലാൽ അൻസാരി രാവിലെ തന്റെ കടയിലേക്ക് പോയതായിരുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം, ബിലാലിന് പരിക്കേറ്റെന്നും ആശുപത്രിയിലാണെന്നും വീട്ടുകാർക്ക് ഫോൺ സന്ദേശമെത്തി. സഹോദരൻ അത്യാഹിത വിഭാഗത്തിലേക്ക് ഓടി. ബിലാൽ അവിടെയുണ്ടായിരുന്നു. സഹോദരൻ ബിലാലിന്റെ കൈപിടിക്കുമ്പോൾ ശ്വാസംമുട്ടിക്കൊണ്ടിരുന്നു. എന്നെ പൊലീസ് വെടിവച്ചു എന്ന് മാത്രമായിരുന്നു അവൻ മന്ത്രിച്ചത്. സഹോദരൻ ചോദിച്ചു, എങ്ങനെയാണ് നാം ജീവിക്കുക. അപ്പോൾ ആരോ കൂട്ടിച്ചേർത്തു, മുസൽമാന് ആരാണ് നീതി നൽകുക. ചരിത്രം ഇങ്ങനെ ആവർത്തിക്കുകയാണ്.

വംശത്തിന്റെയും അതിന്റെ സംസ്കാരത്തിന്റെയും വിശുദ്ധി നിലനിർത്താൻ, സെമിറ്റിക് വംശങ്ങളുടെ — ജൂതന്മാരുടെ രാഷ്ട്രത്തെ ശുദ്ധീകരിച്ചുകൊണ്ട് ലോകത്തെ ഞെട്ടിച്ച രാജ്യമാണ് ജർമ്മനി, ഹിന്ദുസ്ഥാന് പഠിക്കുവാനും നേട്ടമുണ്ടാക്കുവാനുമാകുന്ന നല്ലൊരു പാഠമാണിതെന്ന് ആർഎസ്എസ് മുഖ്യനായിരുന്ന എം എസ് ഗോൾവാൾക്കർ എഴുതിയിട്ടുണ്ട്. ആര്യവംശ പരിശുദ്ധിയുടെ പേരിൽ ഹിറ്റ്ലറുടെ ജർമ്മനിയിൽ ജൂത വംശത്തെ മുഴുവനായി തുടച്ചുനീക്കുന്നതിന് നടത്തിയ ക്രൂരതകൾ ആർഎസ്എസ് നേതാക്കളെ വല്ലാതെ ആകർഷിക്കുകയും ചെയ്തിരുന്നു. ഹിന്ദുത്വ വിശ്വാസത്തെ ഉറപ്പിക്കുവാൻ ശ്രമിക്കുന്ന ആർഎസ്എസ് ദൈവത്തിന്റെ കരങ്ങളാലാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് ജനങ്ങളെ വിശ്വസിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു. അതേസമയം സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കം മുതൽ ദേശീയ പ്രസ്ഥാനമാകെ മതേതരത്വത്തോട് പൂർണമായും പ്രതിജ്ഞാബദ്ധമായിരുന്നു. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ നേതാക്കൾ സംയുക്ത സംസ്കാരങ്ങളിൽ വിശ്വസിച്ചു. ഇന്ത്യയുടെ വിഭജനത്തിനും വർഗീയ കൂട്ടക്കൊലയുടെ ഭീകരതയ്ക്കുമിടയിൽ, വംശീയതയില്ലാത്തതും സാമ്രാജ്യത്വവിരുദ്ധ ശക്തിയുമായി ഉയർന്നുവന്ന ഭരണഘടനയിൽ മതേതരത്വത്തെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഭൂതകാലത്തിൽ നിന്ന് നമുക്ക് ലഭിച്ച നാനാത്വത്തിൽ ഏകത്വത്തിന്റെ സമ്പന്നവും കരുത്തുറ്റതുമായ പാരമ്പര്യം ഹിന്ദുത്വത്തെ പ്രതിനിധാനം ചെയ്യുന്ന വലതുപക്ഷ ശക്തികളോടുള്ള വെല്ലുവിളിയായി നിലനിൽക്കുകയും ചെയ്യുന്നു. അതുകൊണ്ട് അവർ മതത്തെ ശക്തമായ ഉന്മാദ വസ്തുവായി ഉപയോഗിക്കുകയും പ്രതിസന്ധി ഘട്ടങ്ങളിൽ അതിനെ കവചമാക്കി ജനങ്ങൾക്കിടയിൽ വിരോധം വളർത്തുകയും ചെയ്തു. ജൂതന്മാരെ ഒരു കുറ്റബോധവുമില്ലാതെ ഉന്മൂലനം ചെയ്യുന്നതിന് ജർമ്മനിയിൽ നാസി പാർട്ടി ആര്യവംശ വിശുദ്ധിയുടെ പേരിലും ഇതേ രീതിയാണ് ഉപയോഗിച്ചിരുന്നത്. നമ്മുടെ രാജ്യത്താകട്ടെ കഴിഞ്ഞ ഒരു ദശകത്തിലധികമായി കുറ്റബോധത്തിന്റെ തരിമ്പുമില്ലാതെ സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്കാരികമായും പരിണമിക്കുന്നതിനുള്ള നമ്മുടെ എല്ലാ ശ്രമങ്ങളെയും തടയുവാന്‍ ശ്രമിക്കുന്നു. ജനാധിപത്യത്തിനും സാമ്രാജ്യത്വ ശക്തികൾക്കുമിടയിൽ നിലനിൽക്കുന്ന വൈരുദ്ധ്യത്തെ ഇല്ലാതാക്കുവാനും ഏകാധിപത്യത്തിന്റെ വിജയം സ്ഥാപിക്കുവാനുമാണ് അവർ ശ്രമിക്കുന്നത്.

തങ്ങൾ പ്രതിനിധാനം ചെയ്യേണ്ടിയിരുന്ന ജനങ്ങൾക്ക് സമാനതകളില്ലാത്ത ക്രൂരതകളും ദുരിതങ്ങളും അടിച്ചേല്പിച്ച നിരവധി സ്വേച്ഛാധിപതികളുടെ ഓർമ്മകളാൽ നിറഞ്ഞതാണ് ലോകചരിത്രം. സ്വന്തം അമരത്വത്തിനായി അവർ പ്രതിമകൾ നിർമ്മിക്കുകയും പലപ്പോഴും തങ്ങൾ ദൈവത്തിന്റെ പ്രതിപുരുഷരാണെന്ന് വരുത്താൻ ശ്രമിക്കുകയും ചെയ്തു. ജനങ്ങൾക്ക് വേദനാജനകമായ അടിച്ചമർത്തലുകളുടെ ഭൂതകാല ഓർമ്മകളാണ് അവർ അവശേഷിപ്പിച്ചത്. ഹിറ്റ്ലറാണ് അതിലെ ഏറ്റവും കുപ്രസിദ്ധമായ ഉദാഹരണം. മോഡി ഹിറ്റ്ലറിൽ നിന്നാണ് പഠിച്ചിരിക്കുന്നത്. ജർമ്മനിയിലെ നാസിപ്രസ്ഥാനം പരമ്പരാഗത ചർച്ചുകളോട് ശത്രുത വച്ചുപുലർത്തി. പുരോഗമന ക്രിസ്ത്യാനികൾ അപ്പോസ്തലന്മാരിലോ ക്രിസ്തുവിലോ ദൈവപുത്രനിലോ വിശ്വസിക്കുന്നില്ലെന്ന് ഹിറ്റ്ലർ മന്ത്രിസഭയിൽ ചർച്ചുകളുമായി ബന്ധപ്പെട്ട മന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. പുതിയ വെളിപാടിന്റെ പ്രഘോഷകൻ ഫ്യൂറോർ ആണെന്നും പഴയനിയമത്തിലോ ഹീബ്രു ബൈബിളിലോ ദൈവപുത്രനെന്ന നിലയിൽ ക്രിസ്തുവിലോ വിശ്വസിക്കുന്നവരല്ലെന്നും പ്രചരിപ്പിച്ചു. പുരോഗമന ക്രിസ്ത്യാനികളെ പ്രതിനിധീകരിക്കുന്നത് നാസി പാർട്ടി തന്നെയായിരുന്നു. നാസികളുടെ പുരോഗമന ക്രൈസ്തവത്വമെന്നത് വൈദിക ഫാസിസമായിരുന്നു. ഉന്നത പുരോഹിതന്മാരെക്കാൾ നന്നായി യുദ്ധത്തിന്റെ മതം തനിക്ക് മനസിലായെന്നാണ് ഹിറ്റ്ലർ വിശ്വസിച്ചത്. ഉന്നത പുരോഹിതരെക്കാൾ മികച്ചത് ജനറൽമാരാണെന്നും അദ്ദേഹം വിശ്വസിച്ചു.

മതം ജനങ്ങളെ മയക്കുന്ന കറുപ്പാണെന്നും അത് അടിച്ചമർത്തപ്പെട്ടവരുടെ നെടുവീർപ്പാണെന്നും മാർക്സ് എഴുതിയിട്ടുണ്ട്. രണ്ടും ജനങ്ങളുടെ പ്രാരാബ്ധങ്ങളെയാണ് പ്രതിഫലിപ്പിച്ചത്. വളരെ വേദനാജനകമായ വർത്തമാനകാലം ജനങ്ങൾക്ക് മറക്കേണ്ടതുണ്ട്. ഭൂതകാലം ഇരുട്ടിൽ നഷ്ടപ്പെടുകയും ഭാവി ഇരുളടഞ്ഞതുമാണ്. തങ്ങളുടെ നയങ്ങൾ കാരണം ദുരിതമനുഭവിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ ഈ അവസ്ഥയാണ് അധികാരത്തിലിരിക്കുന്നവർ അല്ലെങ്കിൽ അധികാരത്തിൽ എത്താൻ ശ്രമിക്കുന്നവർ ഉപയോഗിക്കുന്നത്. സംഭാലിലെ സംഭവത്തിലേക്ക് വന്നാൽ ഷാഹി ജുമാ മസ്ജിദിന്റെ മാനേജിങ് കമ്മിറ്റി സർവേയെക്കുറിച്ച് കൂടിയാലോചിച്ചിരുന്നതാണ്. എന്നാൽ നവംബർ 26ന് കോടതി ഏകപക്ഷീയമായി സർവേക്ക് ഉത്തരവിടുകയായിരുന്നു. രണ്ട് വിഭാഗത്തിന്റെയും വാദം കേട്ടായിരുന്നില്ല ഉത്തരവിറക്കിയത്. ഏറ്റവും ശ്രദ്ധേയമായത് 1904ലെ പുരാതന സ്മാരകങ്ങൾ സംരക്ഷണ നിയമപ്രകാരം സംരക്ഷിത സ്മാരകങ്ങളിൽ ഒന്നാണ് സംഭാൽ ഷാഹി ജുമാമസ്ജിദ് എന്നതാണ്. 1947 ഓഗസ്റ്റ് 15ന് നിലനിന്നിരുന്ന ഏതൊരു ആരാധനാലയത്തിന്റെയും മതപരമായ സ്വഭാവം നിലനിർത്തണമെന്ന് വ്യവസ്ഥ ചെയ്യുന്ന 1991ലെ ആരാധനാലയ നിയമത്തിന് കീഴിലും ഇത് ഉൾപ്പെടുന്നു. ഈ നിയമനിർമ്മാണം സാമുദായിക സൗഹാർദം പുനഃസ്ഥാപിക്കുന്നതിന് വളരെയധികം സഹായിക്കുമെന്ന് നിയമനിർമ്മാണ വേളയിൽ അന്നത്തെ ആഭ്യന്തര മന്ത്രി എസ് ബി ചവാൻ പറയുകയുണ്ടായി. രാജ്യം ഒരിക്കലും സങ്കല്പിക്കാത്ത ഒരു ഭാവിയിലേക്ക് നമ്മുടെ കാലം മാറിയിരിക്കുന്നു. മുതലാളിത്തത്തിന്റെ പരിവർത്തന ഘട്ടത്തിൽ ധനമൂലധനമാണ് ഇവിടെ ഭരണം നടത്തുന്നതെന്ന ലെനിന്റെ വാക്കുകൾ ശരിയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.

TOP NEWS

December 11, 2024
December 11, 2024
December 11, 2024
December 11, 2024
December 11, 2024
December 11, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.