22 December 2024, Sunday
KSFE Galaxy Chits Banner 2

ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ

Janayugom Webdesk
June 11, 2023 5:00 am

രാജ്യദ്രോഹക്കുറ്റത്തിനുള്ള ശിക്ഷാവ്യവസ്ഥയെ പിന്തുണച്ചുള്ള നിയമ കമ്മിഷന്‍ റിപ്പോർട്ടുകൾ ജൂൺ ഒന്നിന് പുറത്തുവന്നു. രാജ്യദ്രോഹക്കുറ്റം പൂർണമായും റദ്ദാക്കുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും വെല്ലുവിളിയാകുമെന്ന നിലപാടിലായിരുന്നു അവർ. അക്രമങ്ങൾക്ക് കാരണമാകുന്ന വിഷയത്തോടുള്ള താല്പര്യംപോലും രാജ്യദ്രോഹക്കുറ്റത്തിനുള്ള ശിക്ഷയ്ക്ക് മതിയാകുമെന്ന് അവർ ഉയർത്തിക്കാട്ടി. ഇന്ത്യൻ ശിക്ഷാനിയമത്തിൽ രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട 124എ വകുപ്പിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്തുള്ള ഹർജിയിൽ പ്രതികരണത്തിന് സർക്കാർ സുപ്രീം കോടതിയില്‍ കൂടുതൽ സമയം തേടിയിരിക്കുകയാണ്. ഈ വകുപ്പനുസരിച്ച് ഇതിനോടകം 559 കേസുകൾ അധികമായി ചേർത്തിട്ടുണ്ട്. കേസുകളുടെ വർധന 28 ശതമാനമാണ്. 2014–20 വർഷങ്ങളിൽ രാജ്യദ്രോഹക്കുറ്റങ്ങൾ ചുമത്തിയ കേസുകളുടെ പെരുക്കം ഞെട്ടിക്കുന്നതായിരുന്നു. തുടർന്നാണ് 2021ലെ സുപ്രീം കോടതിയുടെ ഇടപെടൽ. മഹാത്മാഗാന്ധിയും ബാലഗംഗാധരതിലകും ഉൾപ്പെടെയുള്ള സ്വാതന്ത്ര്യസമര പോരാളികൾക്കെതിരെ പ്രയോഗിച്ച സാമ്രാജ്യത്വ ആയുധമായ നിയമം, സ്വാതന്ത്ര്യത്തിന് 75 വർഷത്തിന് ശേഷവും നിലനിൽക്കുന്നത് എന്തുകൊണ്ട് എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. 124എ വകുപ്പ് സർക്കാർ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

പതിനേഴാം നൂറ്റാണ്ടിലാണ് ഇംഗ്ലണ്ടിൽ രാജ്യദ്രോഹ നിയമം നിലവിൽ വന്നത്. 1837ൽ ബ്രിട്ടീഷ് ചരിത്രകാരനായ തോമസ് മെക്കാളെ ആയിരുന്നു നിയമം ആദ്യം തയ്യാറാക്കിയത്. 1860ൽ ഇന്ത്യൻ ശിക്ഷാനിയമം പ്രാബല്യത്തിലായപ്പോൾ അത് ഒഴിവാക്കപ്പെട്ടു. 1870ൽ സർ ജെയിംസ് സ്റ്റീഫൻ ഭേദഗതി ഉന്നയിക്കുകയും 124എ വകുപ്പ് രാജ്യദ്രോഹക്കുറ്റവുമായി ചേർത്ത് ഉൾപ്പെടുത്തുകയും ചെയ്തു. രാജ്യദ്രോഹം, ഐപിസിയുടെ 124എ അനുസരിച്ച് ഭരണകൂടത്തിനെതിരായ കുറ്റമാണ്. ഈ കുറ്റങ്ങളിൽ ജയിൽശിക്ഷ വർധിപ്പിക്കാനാണ് നിയമ കമ്മിഷന്റെ ശുപാർശ. ‘രാജ്യദ്രോഹ നിയമത്തിന്റെ ഉപയോഗം’ എന്നതിനെക്കുറിച്ചുള്ള ഒരു മുൻകാല റിപ്പോർട്ടിൽ, കമ്മിഷൻ ഐപിസി 124എ വകുപ്പുമായി ബന്ധപ്പെട്ട (രാജ്യദ്രോഹ നിയമം) ശിക്ഷാ നടപടികളെ ‘വളരെ വിചിത്രം’ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. കാരണം അതിലുള്ള വ്യവസ്ഥകൾ തന്നെയായിരുന്നു. ശിക്ഷയാകട്ടെ ജീവപര്യന്തമോ മൂന്ന് വർഷമോ തടവ്. അതിനിടയിൽ ഒന്നുമില്ല എന്ന രീതിയിലുള്ള ശിക്ഷയിൽ അസമത്വം വ്യക്തമാണെന്ന് കമ്മിഷൻ പറഞ്ഞു.


ഇതുകൂടി വായിക്കൂ: രാജ്യദ്രോഹക്കുറ്റത്തിനായുള്ള പിടിവാശി


ഐപിസിയുടെ ആറാം അധ്യായം രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ”അതിനാൽ, ആറാം അധ്യായത്തിന് കീഴിലുള്ള മറ്റ് കുറ്റകൃത്യങ്ങൾക്ക് നൽകിയിരിക്കുന്ന ശിക്ഷാ പദ്ധതിയുമായി ചേർക്കുമ്പോൾ 124എ വകുപ്പിന് യാതൊരു പൊരുത്തവുമില്ല’’. കമ്മിഷൻ 124എ വകുപ്പിൽ മാറ്റങ്ങളും നിർദേശിച്ചു. ‘അക്രമം പ്രേരിപ്പിക്കുകയോ പൊതുവായ അസ്വസ്ഥതകൾ സൃഷ്ടിക്കുകയോ ചെയ്യുന്ന പ്രവണത’ എന്നീ വാക്കുകൾ കൂട്ടിച്ചേർത്തു. നിലവിൽ 124എ വകുപ്പിൽ ഇങ്ങനെയാണ് വിശദീകരണം: ”രാജ്യദ്രോഹം-വാക്കിലൂടെയോ, എഴുത്തിലൂടെയോ, അല്ലെങ്കിൽ അടയാളങ്ങളിലൂടെയോ, ദൃശ്യമായ ഇടപെടലിലൂടെയോ, വിദ്വേഷത്തിനോ അവഹേളനത്തിനോ വഴിയൊരുക്കുകയോ വർധിപ്പിക്കുകയോ ചെയ്യുന്ന പ്രവർത്തികളിലൂടെ ഭരണകൂടത്തോടുള്ള പൊതുമമതയ്ക്ക് കോട്ടമുണ്ടാക്കിയാൽ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കും. അതോടൊപ്പം പിഴയും വിധിക്കാം. അല്ലെങ്കിൽ മൂന്ന് വർഷം വരെ നീണ്ടുനിൽക്കുന്ന തടവും പിഴയും.” നിയമ കമ്മിഷൻ വകുപ്പിൽ മാറ്റത്തിന് ശുപാർശ ചെയ്തതിങ്ങനെ: “വാക്കിലൂടെയോ, എഴുത്തിലൂടെയോ, അടയാളങ്ങളിലൂടെയോ, ദൃശ്യമായ ഇടപെടൽ വഴിയോ, അക്രമത്തിന് പ്രേരിപ്പിക്കുന്നതോ ക്രമസമാധാന ലംഘനത്തിന് വഴിയൊരുക്കുന്നതോ ആയ പ്രവണതയോടെ, വിദ്വേഷമോ അവഹേളനമോ മൂലമോ, കലാപങ്ങൾക്ക് വഴിയൊരുക്കി ഭരണകൂടത്തോടുള്ള അതൃപ്തി വർധിപ്പിക്കാനുള്ള ശ്രമങ്ങളിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടും. കൂടെ പിഴയും വിധിക്കാം. അല്ലെങ്കിൽ ഏഴു വർഷം വരെ നീണ്ടുനിൽക്കുന്ന തടവും കൂടെ പിഴയും വിധിക്കാം.” ‘പ്രവണത’ എന്നത് അക്രമത്തിന്റെ തെളിവോ അക്രമഭീഷണിയോ എന്നതിലുപരി അക്രമത്തെ പ്രേരിപ്പിക്കുന്നതിനോ ക്രമസമാധാന ലംഘനത്തിനോ കാരണമാകാവുന്ന മനോഭാവം മാത്രമാകാമെന്ന് കമ്മിഷൻ പറയുന്നു.

നിയമ കമ്മിഷൻ റിപ്പോർട്ട് പൂർത്തിയാക്കി വകുപ്പ് മന്ത്രിക്ക് നൽകി. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124എ വകുപ്പിനെയാണ് നിയമ കമ്മിഷൻ പിന്തുണച്ചതെന്ന് വ്യക്തമാകുന്നു. എന്നാൽ ഈ നിയമം ഇനിയും കൂടുതൽ വന്യമാക്കാനാണ് ബിജെപി സർക്കാരിന്റെ ആലോചന. വരുന്ന പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരമൊരു സന്ദേശം നൽകാനാണ് ഭരണകൂട ശ്രമം. വിയോജിപ്പുകളെ അട്ടിമറിക്കാനും കീഴ്പ്പെടുത്താനും നിശബ്ദമാക്കാനുമുള്ള ഒരു ഉപകരണമായി ബിജെപി രാജ്യദ്രോഹ നിയമത്തെ ഉപയോഗിക്കുമെന്ന് ആക്ഷേപമുണ്ട്. സുപ്രീം കോടതി വിധി വരാനിരിക്കെ സർക്കാർ നിയമം കൂടുതൽ കർക്കശമാക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്. ഭരണാധികാരിയും ഭരിക്കുന്നവനും തമ്മിൽ അകലമേറുമെന്നും ഈ നിയമത്തിലൂടെ റിപ്പബ്ലിക്കിന്റെ അടിത്തറ ഇളകുമെന്നും നിയമ കമ്മിഷൻ മുന്നറിയിപ്പ് നൽകുന്നു.

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.