22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 18, 2026
January 16, 2026
January 15, 2026
January 15, 2026
January 12, 2026
January 11, 2026
January 5, 2026
January 1, 2026

ആരാധകരില്ലാതെ ആശ്വാസ ജയം തേടി

നിഖില്‍ എസ് ബാലകൃഷ്ണന്‍
കൊച്ചി
December 22, 2024 7:20 am

പരിശീലകന്‍ പാതിവഴിയില്‍ പടിയിറങ്ങി, ബഹിഷ്‌കരണവുമായി ആരാധക കൂട്ടായ്മകൾ, തുടര്‍ച്ചയായി മൂന്ന് തോല്‍വികള്‍. ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ 11-ാം സീസണില്‍ നിലനില്‍പ്പ് അപകടത്തിലായ കേരള ബ്ലാസ്റ്റേഴ്‌സ് ആശ്വാസ ജയം തേടി ഇന്ന് ഇറങ്ങും. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30ന് പന്ത് ഉരുണ്ട് തുടങ്ങുമ്പോള്‍ എതിരാളികള്‍ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് ക്ലബ്ബ്. ബ്ലാസ്റ്റേഴ്സ് അവസാനമായി മൈതാനത്തിറങ്ങിയിട്ട് കൃത്യം ഏഴ് ദിവസം പൂര്‍ത്തിയായി. ഈ ഒരാഴ്ച്ചയ്ക്കിടയിലാണ് ആരാധക കൂട്ടായ്മ മഞ്ഞപ്പട ബഹിഷ്‌കരണവുമായി രംഗത്ത് വന്നത് ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. തൊട്ടുപിന്നാലെ ഇടിത്തീപോലെ പരിശീലകന്‍ മിഖായല്‍ സ്റ്റാറെയെ പുറത്താക്കിയ വാര്‍ത്തയുമെത്തി. ഈ പരിതസ്ഥിതികള്‍ക്കിടയില്‍ ഇന്ന് കൊച്ചിയില്‍ വീണ്ടും ഇറങ്ങുമ്പോള്‍ ജയത്തോടെ ലീഗില്‍ സജീവമായി നില്‍ക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. നിലവില്‍ അവസാന അഞ്ച് കളികളില്‍ നാലിലും തോറ്റ് 11 പോയിന്റുമായി പട്ടികയില്‍ 10-ാം സ്ഥാനത്ത് തുടരുകയാണ് ബ്ലാസ്റ്റേഴ്‌സ്. തങ്ങള്‍ക്കും താഴെ പോയിന്റുപട്ടികയില്‍ നില്‍ക്കുന്ന മൂന്ന് ടീമുകളില്‍ ഒന്നാണ് ഇന്നത്തെ എതിരാളികള്‍ എന്നത് ബ്ലാസ്റ്റേഴ്‌സിന് ആശ്വാസം നല്‍കുന്ന ഘടകമാണ്. 

നേരത്തെ അവരുടെ മൈതാനത്ത് ഏറ്റുമുട്ടിയപ്പോഴും ബ്ലാസ്റ്റേഴ്‌സ് ജയിച്ചിരുന്നു. പുതിയ പരിശീലകനെ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നാണ് ചില കേന്ദ്രങ്ങളില്‍ നിന്ന് കിട്ടുന്ന റിപ്പോര്‍ട്ടുകള്‍. അതിന് മുമ്പ് ലീഗിലെ നിലനില്‍പ് സുരക്ഷിതമാക്കണമെന്ന ലക്ഷ്യമാണ് ടീമിന് മുന്നിലുള്ളത്. ഈ വര്‍ഷം സ്വന്തം മൈതാനത്ത് കളിക്കുന്ന അവസാന മത്സരംകൂടിയാണ് ഇന്നത്തെ പോരാട്ടം. ആരാധകര്‍ക്ക് ജയത്തോടെ ക്രിസ്മസ്-പുതുവത്സര സമ്മാനം കൂടി നല്‍കാമെന്ന ചിന്തയും ടീമിനുണ്ട്. കഴിഞ്ഞ മത്സരങ്ങളില്‍ തോറ്റെങ്കിലും സാമാന്യം ഭേദപ്പെട്ട പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. ഗോള്‍ അടിച്ചുകൂട്ടുന്ന ജീസസ് ജിമിനെസും നോവ സദോയിയും ടീമിന് ബലം നല്‍കുമ്പോള്‍ പിന്തുണയുമായി ക്യാപ്റ്റന്‍ ലൂണയുമുണ്ട്. പകരക്കാരന്റെ റോളില്‍ ഇറങ്ങുന്ന ക്വാമി പെപ്രകൂടി ചേരുമ്പോള്‍ ദുര്‍ബലരായ എതിരാളികള്‍ വിയര്‍ക്കും. ഇന്ന് ജയിച്ചാല്‍ ഈ മാസം 29ന് ജംഷഡ്പൂരിനെതിരെ അവരുടെ മൈതാനത്ത് ഇറങ്ങുമ്പോള്‍ ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസം തിരിച്ചുപിടിക്കാനും സാധിക്കുമെന്നാണ് ആരാധകര്‍ കണക്ക് കൂട്ടുന്നത്. 

ഇടക്കാലത്തേയ്ക്ക് ടീമിന്റെ ചുമതല ഏറ്റെടുത്ത പരിശീലകന്‍ പി ജി പുരുഷോത്തമനും ഇക്കാര്യം അടിവരയിടുന്നുണ്ട്. ”ഭൂതകാലത്തെക്കുറിച്ചോ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചോ ചിന്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അടുത്ത മത്സരത്തില്‍ മാത്രമാണ് ഞങ്ങളുടെ ശ്രദ്ധ. ഒരു ടീം എന്ന നിലയില്‍, ഞങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ഈ മത്സരത്തില്‍ വിജയിക്കുകയും ചെയ്യാന്‍ ആഗ്രഹിക്കുന്നു. എതിരാളികളും നല്ല ഫോമിലല്ല. ഓരോ മത്സരവും വ്യത്യസ്തമാണ്. ഞങ്ങള്‍ അവരെ നേരത്തെ തോല്‍പ്പിച്ചിട്ടുണ്ട്, ഞങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്നും ഞങ്ങളുടെ ലക്ഷ്യം എങ്ങനെ കൈവരിക്കാമെന്നും ഞങ്ങള്‍ ആസൂത്രണം ചെയ്തുകഴിഞ്ഞു”. ജയിക്കാന്‍ സാധിക്കുമെന്നാണ് ഉറച്ചുവിശ്വസിക്കുന്നതെന്ന് ക്യാപ്റ്റന്‍ ലൂണയും സാക്ഷ്യപ്പെടുത്തുന്നു. എതിരാളികളായ മുഹമ്മദന്‍സ് എസ്‌സി ഏറക്കുറെ ലീഗില്‍ നിന്ന് പുറത്തായിക്ക­ഴിഞ്ഞു. 11 കളികളില്‍ നിന്ന് ജയിക്കാനായത് ഒരു മത്സരം മാത്രമാണ്. ബ്ലാസ്റ്റേഴ്‌സിനെ പോലെ പരാജയപ്പെട്ട മത്സരങ്ങളിലും ചില മിന്നുംപ്രകടനങ്ങള്‍ കാഴ്ച്ചവയ്ക്കാന്‍ സാധിച്ച ടീമാണ് അവര്‍. ഇന്ന് ഒരുപക്ഷെ ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചാല്‍ പേരുക്കേട്ട ആരാധകകൂട്ടായ്മയ്ക്കുമുന്നില്‍ തലയുയര്‍ത്തി തന്നെ നില്‍ക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.