
സെമി ഹൈസ്പീഡ് റെയിൽ യഥാർത്ഥ്യമാകുമെന്ന് മെട്രോ മാൻ ഇ ശ്രീധരന്‍ പറഞ്ഞു. കേന്ദ്ര റെയിൽവേ മന്ത്രിയെ നേരിൽ കണ്ട് പദ്ധതിയുടെ പ്രാധാന്യം ബോധ്യപ്പെടുത്താൻ താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രം മുന്നോട്ടുവെച്ച മൂന്ന്, നാല് ലൈൻ പാത വികസനം കേരളത്തിന് അപ്രായോഗികമാണെന്നും ശ്രീധരൻ അഭിപ്രായപ്പെട്ടു. കേന്ദ്രം ആവശ്യപ്പെട്ടാൽ ഉടൻ ഡല്‍ഹിയിൽ എത്തുമെന്നും, തൻ്റെ ബദൽ പദ്ധതി മുന്നോട്ട് വെച്ച സംസ്ഥാന സർക്കാരിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബദൽ പദ്ധതിക്ക് കൂടുതൽ സ്ഥലമെടുപ്പ് ആവശ്യമില്ലെന്നും എലിവേറ്റഡ് പാതയും ടണലുകളും കേരളത്തിന് അനുയോജ്യമാണെന്നും ശ്രീധരൻ വ്യക്തമാക്കി.
സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർലൈനിനോ, ഇ ശ്രീധരൻ പകരം നിർദ്ദേശിച്ച സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതിക്കോ അനുകൂല നിലപാട് പ്രതീക്ഷിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സംസ്ഥാന സംഘം ഇന്നലെ ഡല്‍ഹിയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയത്. കെ-റെയിൽ പദ്ധതിയെക്കുറിച്ച് ഉന്നയിച്ചപ്പോൾ, ഇ ശ്രീധരൻ നൽകിയ കത്ത് പരിഗണനയിലുണ്ടെന്നും, ശ്രീധരനുമായി ചർച്ച നടത്താമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. കേന്ദ്രം ഈ നിർദ്ദേശം ഇതുവരെ വിശദമായി പരിശോധിച്ചിട്ടില്ലെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഇ ശ്രീധരനുമായി ചർച്ച നടത്താമെന്ന് അറിയിച്ചത് സെമി ഹൈസ്പീഡ് റെയിൽ പദ്ധതികളോട് കേന്ദ്രം അനുകൂല നിലപാടുകളെടുക്കുമെന്ന പ്രതീതിയുണ്ടാക്കിയിരുന്നു.
എന്നാൽ ഈ വാർത്തകൾ വന്ന് മണിക്കൂറുകൾക്കകം കേരളത്തിൽ നിലവിലുള്ള രണ്ടും മൂന്നും പാതകൾക്ക് പകരം മൂന്നും നാലും ലൈനുകൾ പണിയാനാണ് താൽപര്യമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് എക്സിൽ കുറിച്ചു. ഇതോടെ, കേരളത്തിൽ സെമി ഹൈസ്പീഡ് റെയിൽ പാതയോടല്ല, മറിച്ച് നിലവിലുള്ള റെയിൽ ശൃംഖലയിൽ പുതിയ രണ്ട് റെയിൽ ലൈനുകൾ കൂടി നിർമ്മിക്കുന്നതിനാണ് കേന്ദ്രത്തിന് താൽപര്യമെന്ന് ഒരിക്കൽക്കൂടി വ്യക്തമായി. സിൽവർലൈൻ പോലുള്ള വലിയ പദ്ധതിക്ക് പകരം മൂന്നും നാലും പാതകൾ നിർമ്മിക്കുന്നതാണ് കേരളത്തിന് അനുയോജ്യമെന്നാണ് നേരത്തെയും കേന്ദ്രത്തിന്റെ നിലപാട്. നിലവിലുള്ള റെയിൽ പാതകളുടെ എണ്ണം കൂട്ടിയാൽ ഒരു പാത വന്ദേഭാരത് പോലുള്ള അതിവേഗ ട്രെയിനുകൾക്ക് മാത്രമായി മാറ്റിവെക്കാമെന്നും റെയിൽവേ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.