19 January 2026, Monday

ആഫ്രിക്കന്‍ തമ്പ്രാക്കള്‍ ഇനി സെനഗല്‍

Janayugom Webdesk
റാബാറ്റ്
January 19, 2026 10:22 pm

ആവേശം അതിരുവിട്ട പോരാട്ടത്തിനൊടുവിൽ ആതിഥേയരായ മൊറോക്കോയെ തകർത്ത് സെനഗൽ ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടം സ്വന്തമാക്കി. പെനാൽറ്റി വിവാദവും കളി ബഹിഷ്കരണവും കണ്ട നാടകീയമായ ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിനാണ് സെനഗലിന്റെ വിജയം. സെനഗൽ ഫുട്‌ബോൾ ചരിത്രത്തിലെ രണ്ടാമത്തെ നേഷൻസ് കപ്പ് കിരീടമാണിത് (2021ലായിരുന്നു ആദ്യ കിരീടം).

സ്വന്തം കാണികൾക്ക് മുന്നിൽ 1976ന് ശേഷമുള്ള ആദ്യ കിരീടം ലക്ഷ്യമിട്ടിറങ്ങിയ മൊറോക്കോയ്ക്ക് സെനഗലിന്റെ പ്രതിരോധം മറികടക്കാനായില്ല. ഇരുപകുതികളിലും ഗോളെന്നുറച്ച പല അവസരങ്ങളും ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകൾ മൊറോക്കോയ്ക്ക് തിരിച്ചടിയായി. നിശ്ചിത 90 മിനിറ്റിലും ഇരുടീമുകൾക്കും ഗോൾ കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. അധികസമയത്തിന്റെ നാലാം മിനിറ്റിൽ വിയ്യാറയൽ മധ്യനിര താരം പാപ് ഗെയ് നേടിയ തകർപ്പൻ ഗോളാണ് സെനഗലിന് ചാമ്പ്യൻപട്ടം നേടിക്കൊടുത്തത്.

മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ നാടകീയ രംഗങ്ങൾ അരങ്ങേറി. റഫറിയുടെ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് സെനഗൽ താരങ്ങൾ ഒന്നടങ്കം മൈതാനം വിട്ടുപോയത് വലിയ ആശങ്കയ്ക്ക് ഇടയാക്കി. റയൽ മാഡ്രിഡ് താരം ബ്രഹിം ഡിയാസിനെ സെനഗലിന്റെ എൽഹാജി ദിയോഫ് ബോക്സിൽ ഫൗൾ ചെയ്തതിന് റഫറി മൊറോക്കോയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചു. ‘വാർ’ പരിശോധനയിലും പെനാൽറ്റി ശരിവച്ചു. നേരത്തെ തങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന ഒരു പെനാൽറ്റി റഫറി നിഷേധിച്ചതിൽ പ്രകോപിതനായിരുന്ന സെനഗൽ പരിശീലകൻ പാപ് തയേവ്, മൊറോക്കോയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചതോടെ കളി നിർത്താൻ ആവശ്യപ്പെട്ടു. പരിശീലകന്റെ നിർദേശപ്രകാരം സെനഗൽ താരങ്ങൾ മൈതാനം വിട്ടു പുറത്തുപോയതോടെ മത്സരം ഏകദേശം 10 മിനിറ്റോളം തടസപ്പെട്ടു.

പിന്നീട് അധികൃതരുടെയും നായകൻ സാദിയോ മാനെയുടെയും ഇടപെടലിനെത്തുടർന്നാണ് താരങ്ങൾ വീണ്ടും കളത്തിലേക്ക് തിരിച്ചെത്തിയത്. വിവാദ പെനാൽറ്റി വലയിലെത്തിക്കാൻ മൊറോക്കോയ്ക്ക് സാധിക്കാതെ വന്നതും സെനഗലിന് തുണയായി. അധികസമയത്തിന്റെ തുടക്കത്തിൽ തന്നെ സെനഗൽ ആക്രമണം കടുപ്പിച്ചു. നാലാം മിനിറ്റിൽ പാപെ ഗുയെ പന്ത് വലയിലെത്തിച്ചതോടെ സെനഗൽ ലീഡെടുത്തു. പിന്നീട് സമനിലയ്ക്കായി മൊറോക്കോ കിണഞ്ഞു ശ്രമിച്ചെങ്കിലും സെനഗൽ പ്രതിരോധം കോട്ടപോലെ ഉറച്ചുനിന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.