നാളെ ലോക ഫാർമസിസ്റ്റ് ദിനം. 2009 സെപ്റ്റംബർ 25നാണ് ലോക ഫാർമസിസ്റ്റ് ദിനം ആദ്യമായി ആചരിച്ചത്. ഇന്റർനാഷണൽ ഫാർമസിസ്റ്റ് ഫെഡറേഷൻ കൗൺസിൽ ആണ് സെപ്റ്റംബർ 25 വേൾഡ് ഫാർമസിസ്റ്റ് ആയി ആഘോഷിക്കുവാൻ തീരുമാനിച്ചത്. ഇന്റർനാഷണൽ ഫാർമസിസ്റ്റ് ഫെഡറേഷൻ സ്ഥാപിക്കപ്പെട്ടത് 1912 സെപ്റ്റംബർ 25ന് ആയിരുന്നു. അതുകൊണ്ടാണ് സെപ്റ്റംബർ 25 ഫാർമസിസ്റ്റ് ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത്.
ഓരോ വർഷവും ഫാർമസിസ്റ്റ് ദിനം ആഘോഷിക്കുമ്പോൾ ഒരു പുതിയ ആശയം തിരഞ്ഞെടുക്കാറുണ്ട്. ഈ വർഷയത്തെ ആശയം ഫാർമസിസ്റ്റ് മീറ്റിങ് ഗ്ലോബൽ ഹെൽത്ത് നീഡ്സ് (Pharmacist Meeting Global Health Needs). എന്നതാണ്. ആഗോള ആരോഗ്യ പരിപാലനത്തിന് ഫാർമസിസ്റ്റിന്റെ സേവനം അത്യാവശ്യമാണ് എന്നുള്ളതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഇന്ത്യയിൽ ലോക ഫാർമസിസ്റ്റ് ദിനം ആഘോഷിക്കുവാൻ തുടങ്ങിയത് 2013ലാണ്.
ഫാർമസി വിദ്യാഭ്യാസം ഇന്ത്യയിൽ
മഹാദേവ ലാൽ ഷോർഫ് (ML SCHROIFF) ആണ് ഇന്ത്യയിൽ ഫാർമസി വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. ഇന്ത്യയിലെ ആദ്യത്തെ ഫാർമസിസ്റ്റ് ആയ ഇദ്ദേഹം ഫാർമസി വിദ്യാഭ്യാസത്തിന്റെ പിതാവ് ആയി അറിയപ്പെടുന്നു. ഇന്ത്യയിൽ ആദ്യമായി ബിഫാം കോഴ്സ് തുടങ്ങുന്നത് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി യിലാണ് പിന്നീട് പിലാനി, സാഗർ എന്നീ യൂണിവേഴ്സിറ്റികളിലും ബിഫാം കോഴ്സ് തുടങ്ങുകയുണ്ടായി.
കേരളത്തിൽ 1967ലാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആദ്യമായി ബിഫാം കോഴ്സ് തുടങ്ങിയത്. 25 സീറ്റ് മാത്രമാണ് അന്ന് ഉണ്ടായിരുന്നത്. ഇപ്പോൾ ഒരു കോളജിൽ 60 സീറ്റ് വീതം 40 ഓളം കോളജുകൾ കേരളത്തിലുണ്ട്. ഡിഫാം, ബിഫാം, എംഫാം, ഫാംഡി എന്നീ കോഴ്സുകൾ ആരോഗ്യ സർവകലാശാലയുടെ (Kuhas) കീഴിൽ ഈ കോളജുകളിൽ നടന്നുവരുന്നു.
ബിഫാം
നാലുവർഷം ദൈർഘ്യമുള്ള ഈ കോഴ്സിൽ ആദ്യത്തെ വർഷം മെഡിക്കൽ വിദ്യാഭ്യാസത്തിലെ അടിസ്ഥാന വിഷയങ്ങളായ അനാട്ടമി, ഫിസിയോളജി, മൈക്രോബയോകെമിസ്ട്രി, മൈക്രോബയോളജി എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്നു.
ഈ കോഴ്സിലെ പ്രധാന വിഷയങ്ങളായ ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, ഫാർമക്കോളജി, ഫാർമസ്യൂട്ടിക്കൽ ഡിസ്പെൻസിങ്, ഫാർമസ്യൂട്ടിക്സ്, ഫാർമിങ്സ് എന്നിവയാണ് തുടർന്നുള്ള മൂന്നു വർഷങ്ങളിൽ പഠിപ്പിക്കുന്നത്.
ഫാർമസിസ്റ്റും ഗവേഷണവും
ഏതൊരു മരുന്നിന്റെയും ഉത്ഭവം ഗവേഷണത്തിൽ നിന്നാണ് ഉടലെടുക്കുന്നത്. അതായത് രോഗത്തിന് ഉപയോഗപ്രദമായ വസ്തു ഉണ്ട് എന്നു കരുതുന്ന പദാർത്ഥങ്ങൾ ഗവേഷണം വഴി പരീക്ഷണ നിരീക്ഷണങ്ങൾ നടത്തി കണ്ടുപിടിക്കുന്നു. ഈ ജോലി ചെയ്യുന്നത് ഫാർമസി വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. ഒരു ഗവേഷണം എന്നാൽ വ്യത്യസ്ത വിഷയങ്ങളുടെ സങ്കലനത്തിലൂടെ മാത്രമേ സാധ്യമാകൂ. അതായത് രസതന്ത്രം ഉപയോഗിച്ച് മരുന്നിന്റെ ഘടന കണ്ടുപിടിക്കപ്പെടുന്നു. ഫാർമക്കോളജി ഉപയോഗിച്ച് ആ പദാർത്ഥത്തിന്റെ ശരീരത്തിന്മേലുള്ള പ്രവർത്തനം പരീക്ഷണനിരീക്ഷണങ്ങൾ വഴി കണ്ടുപിടിക്കുന്നു. ഇത് സാധാരണയായി മനുഷ്യ ശരീരത്തിലെ കോശങ്ങൾക്ക് തുല്യമായ കോശങ്ങൾ ഉള്ള മൈസ്, റാബിറ്റ് എന്നീ ജീവികളിലാണ് പരീക്ഷിക്കുന്നത്. ഈ പരീക്ഷണങ്ങളിലൂടെ ഗവേഷണത്തിനു വിധേയമാക്കുന്ന മരുന്നിന്റെ ഡോസ് കണ്ടുപിടിക്കുന്നു. ഡോസ് കൊണ്ട് ഉദ്ദേശിക്കുന്നത് ഏറ്റവും കുറഞ്ഞ അളവിൽ ഉദ്ദേശിച്ച ഫലം ഉറപ്പാക്കുക എന്നതാണ്.
ഇത്രയും പ്രാഥമികമായി ചെയ്തുകഴിഞ്ഞാൽ ഈ മരുന്നിന്റെ നിർമ്മാണത്തിലേക്ക് കടക്കുന്നു.
ഫാർമസിസ്റ്റും മരുന്ന് നിർമ്മാണവും
മരുന്ന് മനുഷ്യരിൽ ഉപയോഗപ്രദമായ രീതിയിൽ രൂപാന്തരം ചെയ്യുന്നതാണ് അടുത്ത നടപടി. ഫാർമസ്യൂട്ടിക്സ് എന്ന വിഷയം ഇങ്ങനെ മരുന്ന് നിർമ്മിക്കുവാനുള്ള അറിവ് പ്രദാനം ചെയ്യുന്നു. മരുന്നിന്റെ വിവിധ രൂപങ്ങളായ ടാബ്ലറ്റ്, സിറപ്പ്, ക്യാപ്സ്യൂൾ, ഇൻജക്ഷൻ, പൗഡർ, സപ്പോസിറ്റീസ്, ഓയിൻമെന്റ്, ഇൻഹേയ്‌ലെഴ്സ്, ഡ്രോപ്സ് എന്നീ രീതികളിൽ നിർമ്മിക്കുവാൻ യോഗ്യത നേടിയവരാണ് ഫാർമസിസ്റ്റുകൾ. മരുന്ന് നിർമ്മാണത്തിൽ ഇന്ന് ആധുനിക സാങ്കേതികവിദ്യകളും AIവിദ്യകളും പ്രയോജനപ്പെടുത്തുന്നു. മരുന്നുകൾ കൂടാതെ ധാരാളം സൗന്ദര്യ വർധന വസ്തുക്കളും (cosmetics) നിർമ്മിക്കുന്നതിൽ ഫാർമസിസ്റ്റുകൾ പ്രാവീണ്യം നേടിയവരാണ്.
ഫാർമസിസ്റ്റും ക്ലിനിക്കൽ ട്രയൽസും
ഒരു മരുന്ന് കൊടുക്കേണ്ടുന്ന രീതിയിൽ നിർമ്മിച്ചു കഴിഞ്ഞാൽ അത് ക്ലിനിക്കൽ ട്രയൽസിന് വിധേയമാക്കുന്നു. ഏത് അസുഖത്തിനാണ് ഈ മരുന്ന് കൊടുക്കാൻ ഉദ്ദേശിക്കുന്നത് ആ അസുഖമുള്ള രോഗികളെ കണ്ടുപിടിച്ച് ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ ട്രയൽസ് നടത്തുന്നു. ഇത് ഡോക്ടറും ഫാർമസിസ്റ്റും മരുന്ന് നിർമ്മിക്കുവാൻ മുന്നോട്ടുവരുന്ന കമ്പനിയും കൂടി ചെയ്യുന്ന ഒരു പ്രവൃത്തിയാണ്. ഇങ്ങനെ ക്ലിനിക്കിൽ ട്രയൽസിൽകൂടി ഈ മരുന്ന് എത്രമാത്രം ഉപയോഗപ്രദമാണെന്നും അതിന് എന്തെല്ലാം പാർശ്വഫലങ്ങൾ ഉണ്ടെന്നും ഈ മരുന്ന് അപ്രതീക്ഷിതമായ എന്തെങ്കിലും പ്രതികരണം (adverse drug reaction) ശരീരത്തിൽ ഉണ്ടാക്കുന്നുണ്ടോ എന്നും മരുന്നിന് ഏതെങ്കിലും തരത്തിലുള്ള വിഷപ്രഭാവം (toxic effect) ഉണ്ടോ എന്നും മറ്റും കണ്ടുപിടിക്കുന്നു. വിജയകരമായ ക്ലിനിക്കൽ ട്രയൽ കഴിഞ്ഞാൽ ഈ മരുന്നിന്റെ അംഗീകാരത്തിനായി സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനെ (സിഡിഎസ്‌സിഒ) സമീപിക്കേണ്ടതാണ്. അംഗീകാരം കിട്ടിക്കഴിഞ്ഞാൽ മാത്രമേ മരുന്ന് നിശ്ചയിച്ച അളവിലും രൂപത്തിലും നിർമ്മിക്കുവാൻ കമ്പനികൾക്ക് അനുവാദമുള്ളു.
ഫാർമസിസ്റ്റും പ്ലാന്റ് കിങ്ഡവും
ചുറ്റുപാടുമുള്ള ഔഷധഗുണമുള്ള ചെടികളെ കണ്ടുപിടിച്ച് പഠിക്കുന്നതാണ് ഫാർമകോഗ്നസി. ഈ വിഷയം വഴി നേടുന്ന അറിവ് മിക്കവാറും പല ഡോക്ടറൽ പ്രോഗ്രാമുകളിലും വിധേയമാക്കാറുണ്ട്. ഇങ്ങനെയുള്ള ഔഷധ ചെടികളുടെ ഉപയോഗപ്രദമായ ഭാഗത്തെയാണ് മിക്കവരും ഇതിനായി ഉപയോഗിക്കുന്നത്.
ഫാർമസിസ്റ്റും മരുന്ന് ഡിസ്പെൻസിങ്സും
ഒരു രോഗിയെ ചികിത്സിക്കുമ്പോള്‍ അതിനു ശേഷമോ ആവശ്യമായ മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം നൽകുന്നത് ഫാർമസിസ്റ്റിന്റെ ജോലിയാണ്. ഇന്ത്യയിൽ ഈ ജോലി ചെയ്യുന്നത് പ്രധാനമായും ഡിഫാം പാസായിട്ടുള്ള ഫാർമസിസ്റ്റുകളാണ്. വിവിധ സംസ്ഥാനങ്ങളിലെ ഫാർമസി കൗൺസിൽ വഴി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ഈ ജോലി ചെയ്യുവാൻ സാധിക്കുകയുള്ളൂ.
ഫാർമസിസ്റ്റും മരുന്ന് വിതരണവും
ആശുപത്രികളിൽ കൂടി അല്ലാതെ പൊതുജനങ്ങൾക്കായി മരുന്നുകൾ മെഡിക്കൽ സ്റ്റോറുകൾ വഴി വിതരണം ചെയ്യുന്നതിലും ഫാർമസിസ്റ്റുകൾ വ്യാപൃതരായിരിക്കുന്നു. ഇതുകൂടാതെ മരുന്നുകളെക്കുറിച്ച് മരുന്ന് കമ്പനിക്ക് വേണ്ടി ഡോക്ടർമാരെ പ്രബുദ്ധരാക്കുന്ന ജോലിയും ഫാർമസിസ്റ്റുകൾ ചെയ്യാറുണ്ട്.
ഫാർമസിസ്റ്റും മരുന്ന് നിയന്ത്രണ നിയമങ്ങളും
ഇന്ത്യയിൽ ആദ്യമായി മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുവാനായി ഒരു നിയമം നിർമ്മിക്കപ്പെട്ടത് 1940ൽ ആണ്. ഡ്രക്സ് ആന്റ് കോസ്മെറ്റിക്സ് ആക്ട് എന്നാണ് ഈ നിയമത്തിന്റെ പേര് തുടർന്ന് ഈ നിയമം ഫലപ്രദമായി നടപ്പാക്കുവാൻ 1945ൽ ഡ്രക്സ് ആന്റ് കോസ്മെറ്റിക്സ് റൂൾസ് സൃഷ്ടിക്കപ്പെട്ടു ഈ നിയമം വഴി മരുന്ന് നിർമ്മാണവും മരുന്നിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള പരിശോധനകളും നടത്തുവാനുള്ള അംഗീകാരം ഒരു ലൈസൻസ് വഴി ഡ്രസ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയും സംസ്ഥാന ഔഷധഗുണ നിയന്ത്രണ വകുപ്പുകളും നൽകിയിരുന്നു. ഈ വകുപ്പുകളിൽ ജോലി ചെയ്യുന്നത് ഫാർമസി ഡിഗ്രി ഉള്ള ഫാർമസിസ്റ്റുകളാണ്. ഫാർമസി കോഴ്സിലെ ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി എന്ന വിഷയം പഠിക്കുന്നതുകൊണ്ട് ഈ മരുന്നിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള പരിശോധനകൾ ഫാർമസിസ്റ്റുകൾക്ക് ചെയ്യുവാൻ സാധിക്കും. ഫോറൻസിക് ഫാർമസി എന്ന വിഷയം പഠിക്കുന്നത് കൊണ്ട് നിയമങ്ങളും ചട്ടങ്ങളും കൃത്യമായി നടപ്പാക്കാനുള്ള യോഗ്യതയും ഫാർമസിസ്റ്റുകൾ കൈവരിക്കുന്നു. നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന മരുന്നുകളുടെ പൂർണ ചുമതല ഫാർമസിസ്റ്റുകളിൽ നിക്ഷിപ്തമായിരിക്കുന്നു.
ഫാർമസിസ്റ്റും അധ്യാപനവും
ഇതിലൊക്കെ ഉപരിയായി ഫാർമസി കോഴ്സുകൾ നടത്തുന്ന കോളജുകളിൽ അധ്യാപകരായി ജോലി ചെയ്യുന്ന ഒട്ടനേകം ഫാർമസിസ്റ്റുകൾ ഉണ്ട്. ഇവരുടെ സേവനം കൊണ്ടാണ് മറ്റു മേഖലകളിലേക്കുള്ള ഫാർമസിസ്റ്റുകള്‍ സജ്ജമാക്കാൻ പറ്റുന്നത്. ഏതു മേഖലയിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റ് ആയാലും അവർ അത് സംസ്ഥാന ഫാർമസി കൗൺസിലിന്റെ രജിസ്ട്രേഷൻ എടുക്കണം എന്നത് നിർബന്ധമാണ്.
സ്കൂൾ ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ
മുന്‍ ഡയറക്ടര്‍, എംജി സര്‍വകലാശാല
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.