
സീരിയല്‍ നടിക്ക് നിരന്തരം അശ്ലീലസന്ദേശങ്ങളും അശ്ലീലവീഡിയോകളും അയച്ചെന്ന കേസില്‍ മലയാളി യുവാവ് അറസ്റ്റില്‍. ബെംഗളൂരുവിലെ സ്വകാര്യസ്ഥാപനത്തില്‍ ഡെലിവറി മാനേജരായി ജോലിചെയ്യുന്ന നവീന്‍ കെ മോനെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ്‌ചെയ്തത്. 41‑കാരിയായ കന്നഡ, തെലുഗു സീരിയല്‍ നടിയുടെ പരാതിയിലാണ് നടപടി. മൂന്നുമാസം മുന്‍പാണ് നവീന്‍ കെ മോന്‍ സാമൂഹികമാധ്യമങ്ങളിലൂടെ മോശംപെരുമാറ്റം ആരംഭിച്ചതെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്.
ആദ്യം ഫെയ്‌സ്ബുക്കില്‍ നവീന്‍സ് എന്ന പേരിലുള്ള പ്രൊഫൈലില്‍നിന്ന് നടിക്ക് ഫ്രണ്ട് റിക്വസ്റ്റ് വന്നിരുന്നു. എന്നാല്‍, നടി ഈ റിക്വസ്റ്റ് സ്വീകരിച്ചില്ല. ഇതിനുപിന്നാലെ മെസഞ്ചറില്‍ ഇതേ പ്രൊഫൈലില്‍നിന്ന് നടിക്ക് അശ്ലീലസന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി. ദിവസവും ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചതോടെ നടി ഇയാളുടെ അക്കൗണ്ട് ബ്ലോക്ക്‌ചെയ്തു. എന്നാല്‍, ഇയാള്‍ മറ്റൊരു അക്കൗണ്ടില്‍നിന്ന് വീണ്ടും സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി. ഓരോ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമ്പോഴും പ്രതി പുതിയ അക്കൗണ്ടുണ്ടാക്കി അതില്‍നിന്ന് വീണ്ടും സന്ദേശങ്ങളയക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
അശ്ലീലസന്ദേശങ്ങള്‍ക്ക് പുറമേ പ്രതിയുടെ സ്വകാര്യഭാഗങ്ങളുടെ വീഡിയോകളും നിരന്തരം അയച്ചുനല്‍കിയിരുന്നു. വ്യത്യസ്തമായ പ്രൊഫൈലുകളില്‍നിന്നാണ് ഇത്തരം സന്ദേശങ്ങളും വീഡിയോകളും നടിക്ക് ലഭിച്ചത്. അതിക്രമം തുടര്‍ന്നതോടെ പ്രതിയെ കണ്ടെത്താനുള്ള തന്ത്രത്തിന്റെ ഭാഗമായി നവംബര്‍ ഒന്നാം തീയതി വന്ന സന്ദേശത്തിന് നടി മറുപടി നല്‍കി. നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് നന്ദന്‍ പാലസില്‍വെച്ച് പ്രതിയെ നടി നേരിട്ടുകാണുകയും സന്ദേശങ്ങള്‍ അയക്കുന്നതിന് താക്കീത് നല്‍കുകയുംചെയ്തു. ഇനി ശല്യപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടു. പക്ഷേ, പ്രതി ഇതിന് സമ്മതിച്ചില്ല. ഇതോടെയാണ് നടി പോലീസില്‍ പരാതി നല്‍കിയത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ്‌ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.