5 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 1, 2025
March 25, 2025
March 18, 2025
February 20, 2025
February 8, 2025
February 2, 2025
January 13, 2025
January 7, 2025
January 6, 2025
January 3, 2025

കാണാതെ പോകരുത് ഈ ‘സ്പെഷ്യല്‍’ ജീവിതങ്ങള്‍

ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
January 15, 2024 11:24 am

“നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്”. ‘ആട് ജീവിതം’ പോലെ സമാനതകളില്ലാത്ത ദുരിതങ്ങളിലൂടെ ഓരോദിനവും ജീവിച്ചുതീര്‍ക്കുന്നവരെക്കുറിച്ച്, സമൂഹത്തിലെ വലിയൊരു വിഭാഗം അറിയാറില്ല. അങ്ങനെയുള്ള ജീവിതമാണ് ഓട്ടിസം, സെറിബ്രല്‍ പാള്‍സി ഉള്‍പ്പെടെയുള്ള അവസ്ഥകളിലൂടെ കടന്നുപോകുന്നവരും അവരുടെ രക്ഷിതാക്കളുമുള്ള ആയിരക്കണക്കിന് കുടുംബങ്ങളുടേത്. 

ഈ മക്കളുടെയും അവരുടെ രക്ഷാകര്‍ത്താക്കളുടെയും ജീവിതം അതനുഭവിക്കുന്നവര്‍ക്ക് മാത്രമേ മനസിലാകൂ. ‘ഭിന്നശേഷി‘യെന്നും ‘സ്പെഷ്യല്‍’ എന്നുമൊക്കെ സമൂഹം വിശേഷണങ്ങള്‍ ചാര്‍ത്തി നല്‍കിയിരിക്കുന്നവരുടെ ജീവിതത്തിലെ തീവ്രവേദനകള്‍ അധികമാരും അറിയുന്നില്ല. അവരുടെ രക്ഷിതാക്കള്‍ ഓരോദിനവും കടന്നുപോകുന്ന പ്രതിസന്ധികളും മാനസിക സംഘര്‍ഷങ്ങളും വലിയൊരു വിഭാഗത്തിന്റെയും അധികാരികളുടെയും ശ്രദ്ധയില്‍ ഇപ്പോഴുമില്ല. ‘സെലിബ്രിറ്റി’ സ്ഥാപനങ്ങളുടെ ‘മായാജാല’ങ്ങളില്‍ പെട്ടുപോകാതെ, അതിന് പുറമെയുള്ള ബഹുഭൂരിപക്ഷം വരുന്ന ഇവരുടെ ജീവിതക്കാഴ്ചകള്‍ അധികൃതര്‍ കാണേണ്ടതും അറിയേണ്ടതുമുണ്ട്.
ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ (എഎസ്‍ഡി) എന്നത് ഒരു രോഗമെന്നതിനെക്കാളുപരി ഒരു അവസ്ഥയാണ്. സാധാരണ രീതിയിലുള്ള ആശയവിനിമയം നടത്താനോ സാമൂഹികമായി ഇടപെടാനോ ഈ അവസ്ഥയിലുള്ളവര്‍ക്ക് സാധിക്കില്ല. പലപ്പോഴും ഏറ്റവുമടുത്ത ആളുകളെപ്പോലും തിരിച്ചറിയാനോ, അവരോട് സ്നേഹം പ്രകടിപ്പിക്കാനോ കഴിയാറുമില്ല. ദാഹവും വിശപ്പും മലമൂത്ര വിസര്‍ജനവും ഉള്‍പ്പെടെ അടിസ്ഥാന ആവശ്യങ്ങള്‍ പറഞ്ഞറിയിക്കാനും പലപ്പോഴും സാധിക്കില്ല. അവന്‍ ഒരിക്കലെങ്കിലും ‘അമ്മേ’ എന്ന് വിളിക്കുന്നത് കേട്ട് മരിച്ചാല്‍ മതിയായിരുന്നു എന്ന് പറഞ്ഞ് വിതുമ്പുന്ന അമ്മമാരുണ്ട്. ഓട്ടിസം സ്പെക്ട്രത്തിലെ, ഉയര്‍ന്നതലത്തില്‍പെടുന്നവരുടെ രക്ഷിതാക്കളുടെ അവസ്ഥ കൂടുതല്‍ ദയനീയമാണ്. ഒരു നിമിഷം പോലും അടങ്ങിയിരിക്കാനാകാതെയും അപകടങ്ങളെക്കുറിച്ച് അറിവില്ലാതെയും സ്വയം മുറിവ് പറ്റുന്നവരെയും കൂടെയുള്ളവരെ കടിച്ചും അടിച്ചും പരിക്കേല്പിക്കുന്ന തരത്തില്‍ സ്വയംനിയന്ത്രിക്കാനാത്ത അവസ്ഥയുള്ളവരെ എങ്ങനെ, എത്രകാലം നോക്കി സംരക്ഷിക്കാനാകുമെന്ന ആശങ്കയിലായിരിക്കും രക്ഷിതാക്കളെല്ലാം.
മക്കളുടെ അവസ്ഥയില്‍ ആശങ്കയും വേദനയും നിറയുമ്പോഴും ഇവര്‍ക്ക് ആശ്വാസമേകേണ്ട സംവിധാനങ്ങള്‍ പലപ്പോഴും വേണ്ടത്ര ഫലം കാണാറില്ലെന്നതാണ് വസ്തുത. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നവരാണ് കൂടുതലും. ഇതോടൊപ്പം, ഓട്ടിസം ബാധിതരെക്കുറിച്ചുള്ള സമൂഹത്തിലെ പ്രാകൃത ചിന്താഗതികള്‍ കൂടിയാകുമ്പോള്‍ ജീവിതം നരകതുല്യമായി മാറുന്നു. കഴിഞ്ഞ ജന്മത്തിലെ പാപമാണ് ഓട്ടിസത്തിന് കാരണമെന്നും മാതാപിതാക്കളുടെ തെറ്റുകള്‍ കാരണമാണ് മക്കള്‍ക്ക് ഓട്ടിസമുണ്ടാകുന്നതെന്നുമൊക്കെയാണ് പലരും പങ്കുവയ്ക്കുന്ന വിശ്വാസങ്ങള്‍. 

മക്കളെ ഡോക്ടറോ എന്‍ജിനീയറോ അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രൊഫഷണലോ ആക്കി മാറ്റാന്‍വേണ്ടി ചെറുപ്പം മുതല്‍ കണക്കുകൂട്ടുന്ന ഭൂരിഭാഗം രക്ഷിതാക്കളുള്ള നാട്ടിലാണ്, ‘ദാഹിക്കുന്നു‘വെന്നോ ‘വിശക്കുന്നു‘വെന്നോ പറയാന്‍ പോലും കഴിയാത്ത മക്കളെയോര്‍ത്ത് ഇവരെല്ലാം ദിവസങ്ങളെണ്ണിത്തീര്‍ക്കുന്നത്. തങ്ങളുടെ കാലശേഷം മക്കളെ ആര് സംരക്ഷിക്കുമെന്ന ആശങ്കയാണ് ഇവര്‍ക്ക്. ഓട്ടിസം ബാധിതനായ കുട്ടിയുടെ സമീപത്ത് നിന്ന് ഒരു നിമിഷം പോലും മാറിനില്‍ക്കാനാകാത്ത രക്ഷിതാക്കള്‍ക്ക് സ്വന്തം ആവശ്യങ്ങള്‍ സമൂഹത്തോട് ഉറക്കെ വിളിച്ചുപറയാനോ അവകാശങ്ങള്‍ക്കുവേണ്ടി ഓഫിസുകള്‍ കയറിയിറങ്ങാനോ സമയം കിട്ടാറുമില്ല. അതുകൊണ്ടുതന്നെ ഓട്ടിസം ബാധിത കുടുംബങ്ങളുടെ പ്രശ്നങ്ങള്‍ പലപ്പോഴും മാധ്യമങ്ങളുടെയോ പൊതുസമൂഹത്തിന്റെയോ ഭരണകൂടത്തിന്റെയോ ശ്രദ്ധയില്‍ അധികമെത്തുന്നുമില്ല.
ഓട്ടിസം, സെറിബ്രല്‍ പാള്‍സി ബാധിതരുടെ ജീവിതാവസ്ഥയെക്കുറിച്ചുള്ള പരമ്പര ആരംഭിക്കുന്നു.
.….….….….….….….….….….….….….….….….……
നാളെ:
വര്‍ധിക്കുന്ന മാനസിക
സംഘര്‍ഷം; ആത്മഹത്യ

.….….….….….….….….….….….….….….….….……

TOP NEWS

April 5, 2025
April 5, 2025
April 4, 2025
April 4, 2025
April 4, 2025
April 4, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.