
ജമ്മു കശ്മീരില്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഭൂഗര്‍ഭ ബങ്കര്‍ നിര്‍മ്മിക്കുന്ന പദ്ധതിയിലെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് അന്വേഷണം തുടങ്ങി. 2018ലാണ് ബങ്കര്‍ നിര്‍മ്മാണം ആരംഭിച്ചത്. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 20തോളം സാധാരണക്കാര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നതെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിയന്ത്രണ രേഖയിലും (എല്‍ഒസി) അന്താരാഷ്ട്ര അതിര്‍ത്തിയിലും താമസിക്കുന്ന സാധാരണക്കാരുടെ ജീവന്‍ സംരക്ഷിക്കുന്നതിനായി രൂപകല്പന ചെയ്ത പദ്ധതി നടത്തിപ്പില്‍ വീഴ്ചവരുത്തിയതില്‍ ജമ്മു കശ്മീര്‍ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുന്നുണ്ട്. സംഘര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ രജൗരിയില്‍ 9,500 ബങ്കറുകള്‍ നിര്‍മ്മിച്ചതായി ജമ്മു കശ്മീര്‍ ചീഫ് സെക്രട്ടറി അടല്‍ ഡുള്ള പറഞ്ഞിരുന്നു. അതേസമയം പൂര്‍ത്തിയായെന്ന് ഔദ്യോഗിക രേഖകളില്‍ പറയുന്ന ബങ്കറുകള്‍ യഥാര്‍ത്ഥത്തില്‍ നിലവിലില്ല. ജമ്മു ഡിവിഷനിലെ സാംബ, ജമ്മു, കഠ്‌വ, പൂഞ്ച്, രജൗരി ജില്ലാ അതിര്‍ത്തിയില്‍ 415.73 കോടി ചെലവില്‍ 14,460 ബങ്കറുകള്‍ 2018ല്‍ അനുവദിച്ചിരുന്നു. അതില്‍ 13,029 എണ്ണം വ്യക്തികള്‍ക്കും 1,431 എണ്ണം കമ്മ്യൂണിറ്റി ബങ്കറുകളുമായിരുന്നു. ജമ്മു കശ്മീര്‍ പൊതുമരാമത്ത് വകുപ്പിനെ മോഡല്‍ ഏജന്‍സിയായി നിയമിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പ്രാദേശിക പഞ്ചായത്തുകളെ ഉള്‍പ്പെടുത്തുന്നതിനായി ഗ്രാമവികസന വകുപ്പിനെയും നിയോഗിച്ചിരുന്നു.
അതിര്‍ത്തിയിലുള്ളവരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായി നിര്‍മ്മിച്ച പദ്ധതി സാമ്പത്തിക ക്രമക്കേടുകളും ഭരണപരമായ വീഴ്ചകളും കാരണം തകര്‍ന്നെന്ന് പ്രമുഖ അഭിഭാഷകനായ അശുതോഷ് ഖന്ന 2023ല്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷമാണ് ഇത് സംബന്ധിച്ച പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് തയ്യാറായത്. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് കോടതി ഇടപെടലിലൂടെ ജമ്മു കശ്മീര്‍ അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് കൈമാറി. ചില ബ്ലോക്കുകളില്‍ തുകുതല്‍ ഫണ്ട് അനുവദിക്കുകയും ഇവ ഉദ്യോഗസ്ഥര്‍ വാങ്ങിയതിന്റെ രേഖകള്‍ നഷ്ടപ്പെട്ടതായും ആരോപണമുണ്ട്.
സുന്ദര്‍ബാനി ബ്ലോക്ക് വികസന ഉദ്യോഗസ്ഥന്‍ (ബിഡിഒ) 94,82,900 രൂപയുടെ ബില്ലുകള്‍ പാസാക്കിയതായി വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എന്നാല്‍ ട്രഷറി 1, 15, 37, 645 കോടിയുടെ ബില്ലുകള്‍ പാസാക്കി. 20, 54, 745 രൂപ അധികമായി നല്‍കി. ഡൂംഗി, ഖില ദര്‍ഹല്‍, സെരി, പഞ്ച്ഗ്രെയിന്‍, മഞ്ചകോട്ട് എന്നീ ബ്ളോക്കുകളിലും ഇത് തന്നെയാണ് അവസ്ഥ. രജൗരിയിലെ സ്ഥിതി ഇങ്ങിനെയാണെങ്കില്‍ മറ്റ് ജില്ലകളിലും ക്രമക്കേടുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. ആന്റി കറപ്ക്ഷന്‍ ബ്യൂറോ അന്വേഷണം നടത്തുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്വന്തം നിലയിലുള്ള ഓഡിറ്റിനും ഉത്തരവിട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.