24 January 2026, Saturday

കൈരളിക്ക് കാല്പനികതയുടെ മധുചന്ദ്രിക പകര്‍ന്ന ചങ്ങമ്പുഴ വിടവാങ്ങിയിട്ട് ഇന്ന് എഴുപത്തി അഞ്ച് വര്‍ഷം

പുളിക്കല്‍ സനില്‍രാഘവന്‍
തിരുവനന്തപുരം
June 17, 2023 2:45 pm

കനകച്ചിലങ്ക കിലുങ്ങി കിലുങ്ങി
കാഞ്ചന കാ‍ഞ്ചി കുലുങ്ങി കുലുങ്ങി
കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി
കരിരുതിര്‍ പൂപു‍ഞ്ചിരി ചെ‍ഞ്ചുണ്ടില്‍ തങ്ങി

മലയാളഭാഷയ്ക്ക് കാല്പനികതയുടെ മധുചന്ദ്രിക പകർന്ന മലയാളത്തിന്റെ പ്രിയകവിയും കാവ്യഗന്ധർവനുമായ ചങ്ങമ്പുഴയുടെ ഓർമ്മകൾക്ക് 75 വയസ്സ്. എറണാകുളം ജില്ലയിലെ ഇടപ്പള്ളിയില്‍ 1911 ഒക്ടോബര്‍ 10ന് ചങ്ങമ്പുഴ കൃഷ്ണപിള്ള ജനിച്ചു. 

ചങ്ങമ്പുഴ തറവാട്ടിലെ പാറുക്കുട്ടിയമ്മയാണ് മാതാവ് .തെക്കേടത്ത് വീട്ടില്‍ നാരായണ മേനോന്‍ പിതാവും. ക്ഷയോന്മുഖമായ ഒരു തറവാട്ടിലായിരുന്നു ചങ്ങമ്പുഴ കൃഷ്ണപിള്ള ജനിച്ചത്. ബാല്യകാലവിദ്യാഭ്യാസം വളരെ ക്ലേശകരമായാണ്‌ അദ്ദേഹം നിർവ്വഹിച്ചത്‌. ഇടപ്പള്ളി മലയാളം പ്രൈമറി സ്കൂൾ, ശ്രീകൃഷ്ണവിലാസ്‌ ഇംഗ്ലീഷ്‌ മിഡിൽ സ്കൂൾ, ആലുവ സെന്റ് മേരീസ്‌ സ്കൂൾ, എറണാകുളം സർക്കാർ ഹൈസ്കൂൾ, സെന്റ്‌ ആൽബർട്ട്സ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 

എറണാകുളം മഹാരാജാസ്‌ കോളേജിലും തിരുവനന്തപുരം ആർട്ട്സ്‌ കോളേജിലും പഠിച്ച്‌ ഓണേഴ്സ്‌ ബിരുദം നേടി. മഹാരാജാസ്‌ കോളേജിൽ പഠിക്കുന്നകാലത്തുതന്നെ ചങ്ങമ്പുഴ പ്രശസ്തനായ കവിയായിത്തീർന്നിരുന്നു. പല പ്രസിദ്ധകൃതികളും അന്നു പുറത്തുവന്നിരുന്നു. വിദ്യാഭ്യാസകാലഘട്ടം അവസാനിക്കും മുമ്പുതന്നെ അദ്ദേഹം ശ്രീദേവിഅമ്മയെ വിവാഹം ചെയ്‌തു.

പഠനത്തിനുശേഷം ദുർവ്വഹമായ സാമ്പത്തിക ക്ലേശം നിമിത്തം യുദ്ധസേവനത്തിനുപോയി. അധികനാൾ അവിടെ തുടർന്നില്ല. രണ്ടുവർഷത്തിനു ശേഷം രാജിവെച്ചു മദിരാശിയിലെ ലോ കോളേജിൽ ചേർന്നു. എങ്കിലും പഠനം മുഴുമിക്കാതെ തന്നെ നാട്ടിലേക്കുമടങ്ങി. പിൽക്കാലത്ത്‌ ചങ്ങമ്പുഴയെ പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്കു നയിച്ച പല കൃതികളും ഇക്കാലത്താണ്‌ രചിക്കപ്പെട്ടത്‌.

ഇതിനിടെ മംഗളോദയം മാസികയുടെ പത്രാധിപസമിതിയംഗമായും ജോലി ചെയ്തു. അനന്തരം അദ്ദേഹം എഴുത്തിൽ മുഴുകി ഇടപ്പള്ളിയിൽ താമസിച്ചു.
കവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളും നോവലും ഉൾപ്പെടെ അമ്പത്തിയേഴു കൃതികൾ ചങ്ങമ്പുഴ കൈരളിക്കു കാഴ്ചവച്ചിട്ടുണ്ട്‌. അതിമനോഹരങ്ങളായ കാവ്യങ്ങൾ കൊണ്ടുതന്നെയാവാം കേരളത്തിന്‍റെ ഒന്നാമത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ ജോസഫ് മുണ്ടശ്ശേരി അദ്ദേഹത്തെ നക്ഷത്രങ്ങളുടെ പ്രേമഭാജനംഎന്നു വിശേഷിപ്പിച്ചത്. 

1936 ജൂലായ്‌ 7 ന്‌ ആയിരുന്നു തന്റെ ഉറ്റ ചങ്ങാതിയും കവിയുമായ ഇടപ്പള്ളി രാഘവന്‍ പിള്ള ആത്മഹത്യ ചെയ്‌തത്‌. ഇത്‌ സ്വാഭാവികമായും കവിയില്‍ കനത്ത ആഘാതമാണുണ്ടാക്കിയത്‌.പ്രേമനൈരാശ്യം കൊണ്ടു ജീവനൊടുക്കിയ ഇടപ്പള്ളിയുടെ ദുരന്തകഥ ചങ്ങമ്പുഴയെ രമണന്‍ രചിക്കുവാനിടയാക്കി.

മലയാള കവിതയിലെ ഒരു നാഴികകല്ലായിത്തീര്‍ന്നു ആ ഖണ്ഡകാവ്യം. ചങ്ങമ്പുഴയുടെ സ്‌പന്ദിക്കുന്ന അസ്ഥിമാടം, ഓണപ്പൂക്കള്‍ എന്നീ കവിതകളില്‍ പ്രണയത്തിന്റെ ഭാവസ്‌ഫുരണങ്ങള്‍ കാണാവുന്നതാണ്‌.

ചങ്ങമ്പുഴയുടെ കാവ്യലോകത്തിൽ വേറിട്ടുനിൽക്കുന്നതാണ് വാഴക്കുല. പതിതരുടെ നേർക്കുള്ള അദ്ദേഹത്തിന്റെ അഗാധമായ അനുഭാവം അതിലെങ്ങും സ്പന്ദിക്കുന്നു. അടിയാളരുടെ സംഭാഷണം സ്വാഭാവികമായരീതിയിൽ അതിൽ ആവിഷ്‌കരിച്ചിരിക്കുന്നു. വാഴക്കുലയുംകൊണ്ട് തിരുമേനി പോകുമ്പോൾ കൂട്ടക്കരച്ചിൽ ഉയരുന്നതുകൊണ്ട് കാവ്യം അവസാനിക്കുന്നില്ല. ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾ തൻ പിൻമുറക്കാർ എന്ന ചോദ്യം കാവ്യത്തിൽ മുഴങ്ങിനിൽക്കുന്നു.

ചങ്ങമ്പുഴക്കവിതകള്‍ ആ കാലഘട്ടത്തിലെ യുവാക്കള്‍ക്ക്‌ സ്വന്തം വികാരങ്ങളുടെ ആവിഷ്‌കരണം തന്നെയായിരുന്നു.നിരവധി കവിതാസമാഹാരങ്ങൾ, ഖണ്ഡകാവ്യങ്ങൾ, പരിഭാഷകൾ, നോവൽ എന്നിങ്ങനെ അൻപത്തിയേഴ്‌ കൃതികൾ മലയാളിക്ക്‌ സമ്മാനിച്ചിട്ടുണ്ട്‌ ചങ്ങമ്പുഴ.23-ാ‍മത്തെ വയസിൽ പുറത്തിറങ്ങിയ ആദ്യ കവിതാസമാഹാരമായ ബാഷ്പാഞ്ജലി മുതൽ നീറുന്ന തീച്ചുള എന്ന അവസാന സമാഹാരം വരെയുള്ള 57 കൃതികൾ ഓരോന്നും പുറത്തിറങ്ങിയ കാലത്ത്‌ ഓരോ സംഭവമായിരുന്നു.

സംഗീതത്തിന്റെ ഭാഷയും ഭാഷയുടെസംഗീതവും രണ്ടാണ്. സംഗീതത്തിന്റെഭാഷ ഗാനമായ്തീരുമ്പോള്‍ ഭാഷയുടെസംഗീതം കവിതയായ് തീരുന്നു എന്ന് പ്രൊഫ. എസ് ഗുപ്തന്‍നായര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.ഇതു ചങ്ങമ്പുഴയെ അന്വര്‍ത്ഥമാക്കുന്നു.

ഫലപ്രദമായ ചികിത്സ ലഭ്യമല്ലായിതിരുന്ന ക്ഷയരോഗം ചങ്ങമ്പുഴയെ ബാധിച്ചു എന്നതാണ്‌ പിന്നീടുണ്ടായ ദുരന്തം. എങ്കിലും മനസ്വിനി, കാവ്യനര്‍ത്തകി, മയക്കം തുടങ്ങി ഒട്ടേറെ കവിതകള്‍ രചിച്ചത്‌ രോഗബാധിതനായ ശേഷമാണ്‌. 1948 ജൂണ്‍ 17 ന്‌ ചങ്ങമ്പുഴ കൃഷ്‌ണപിള്ള എന്ന മഹാകവി 36മത്തെവയസ്സില്‍ തന്‍റെ ഹൃത്തില്‍നിന്നുതിരുന്ന ആ കാവ്യ നര്‍ത്തകിയെ കൈരളിക്ക് നല്‍കി കടന്നു പോയി 

കാനനഛായയിലാടുമേയ്ക്കാന്‍
ഞാനും വരട്ടെയോ നിന്‍റെ കൂടെ
പാടില്ല, പാടില്ല നമ്മേ നമ്മള്‍
പാടേ മറന്നൊന്നും ചെയ്തുകൂടാ

Eng­lish Summary:
Sev­en­ty-five years today since I left Changam­puzha, the hon­ey moon of romance for Kairali.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.