3 December 2024, Tuesday
KSFE Galaxy Chits Banner 2

‘അമ്മേ, ഞാൻ എങ്ങനെയാണ് ഉണ്ടായത്?

Janayugom Webdesk
November 2, 2021 12:23 pm

ചോദ്യം അഭിമുഖീകരിക്കാത്ത മാതാപിതാക്കൾ കുറവാണ്. ഇപ്പോഴും ഇതൊരു വലിയ ചോദ്യചിഹ്നമായി നിങ്ങളുടെ തന്നെ മനസ്സിൽ കിടക്കാറില്ലേ? “നിന്നെ തവിട് കൊടുത്ത് വാങ്ങി. അല്ലെങ്കിൽ കടയിൽ നിന്ന് വാങ്ങി “, അങ്ങനെ ഏതെങ്കിലും ഒരു കീറാമുട്ടി ഉത്തരം പറഞ്ഞു നമ്മൾ കയ്യൊഴിയു൦. വലിയ കുട്ടികൾ ആണെങ്കിലോ, നല്ല വഴക്കു പറഞ്ഞു, “നിനക്ക് ഒന്നും പഠിക്കാനില്ലേ? എന്ന് പറഞ്ഞു വിടും. ഒന്ന് ആലോചിച്ചുനോക്കൂ!
ജിജ്ഞാസ ഏറ്റവും കൂടുതലുള്ള ഈ ഒരു പ്രായത്തിൽ നിങ്ങളുടെ അടുത്തുനിന്ന് ഇങ്ങനെ ഒരു ഉത്തരം കിട്ടുന്ന കുട്ടി ആ ഉത്തരം തേടി മറ്റൊരിടത്തേക്ക് പോകുന്നതിന് കാരണക്കാർ നമ്മൾ തന്നെയല്ലേ? അവർക്ക് മറ്റൊരിടത്തു നിന്ന് കിട്ടുന്ന അറിവ് തെറ്റായ രീതിയിൽ ഉള്ളതും മറ്റു ഭവിഷ്യത്തുകൾ വരുത്തുന്നതും ആണെങ്കിലോ? എന്തുകൊണ്ട് മറ്റെല്ലാ ചോദ്യങ്ങളെ പോലെ ഈ ഒരു ചോദ്യത്തിനും നമുക്ക് ജാള്യതയും നാണക്കേടും തോന്നാത്ത വണ്ണം ശരിയായ രീതിയിൽ ഈ തലമുറയ്ക്കെങ്കിലും പറഞ്ഞു കൊടുക്കാൻ കഴിയുന്നില്ല? മാതാപിതാക്കളേക്കാൾ നല്ലൊരു ഗുരുവില്ല. തന്റെ മാതാവിൽ നിന്നോ പിതാവിൽ നിന്നോ ശരിയായ രീതിയിൽ ഒരു ഉത്തരം ലഭിക്കുന്ന ഒരു കുട്ടിയും ആ ഉത്തരം തേടി കൂട്ടുകാരുടെ അടുത്തോ നീലചിത്രങ്ങൾ തേടിയോ മറ്റു പുസ്തകങ്ങൾ തേടിയോ പോവില്ല. ഒരു തരത്തിലുള്ള ലൈംഗികപരമായ ചൂഷണവും നിങ്ങളുടെ അടുത്ത് വന്ന് പറയാതിരിക്കുകയോ ഇല്ല. എന്തുകൊണ്ട് ഇത്രയും സുഗമമായ ഒരു സാഹചര്യം നമ്മൾക്ക് വീടുകളിൽ സൃഷ്ടിക്കാൻ പറ്റുന്നില്ല?

 


ഇതുകൂടി വായിക്കൂ :ലൈംഗിക വിദ്യാഭ്യാസം എന്ത്? എന്തുകൊണ്ട്?


ലൈംഗികവിദ്യാഭ്യാസത്തെക്കുറിച്ച് മനസിലാക്കണമെങ്കിൽ ആദ്യമേ തന്നെ ലൈംഗികത അഥവാ സെക്സ് എന്താണെന്ന് മനസിലാക്കേണ്ടതുണ്ട്. പലരുടെയും മനസിലുള്ള ധാരണ, ലൈംഗികത എന്ന പ്രക്രിയയും അതുമായി ബന്ധപ്പെട്ട ശാരീരിക പ്രത്യേകതകളും മാത്രമാണ് സെക്സ് എന്നാണ്. എന്നാൽ സെക്സ് എന്ന വാക്കിന് പല തലങ്ങളുണ്ട്. ഒരു വ്യക്തിയുടെ ലൈംഗിക മനോഭാവവും താല്പര്യങ്ങളും പെരുമാറ്റവും എല്ലാം ചേർന്നതാണ് അയാളുടെ ലൈംഗികത. ലിംഗത്വം/Gender, ലൈംഗികാഭിമുഖ്യം / Gen­der iden­ti­ty, ബന്ധങ്ങൾ, പരസ്പരബഹുമാനം, പ്രത്യുല്പാദനം / Repro­duc­tion, ലൈംഗിക ആരോഗ്യം തുടങ്ങി വിവിധ വശങ്ങൾ ഉണ്ട്.

ലൈംഗികതാ വിദ്യാഭ്യാസം നടപ്പിലാക്കുന്നത് വഴി കൗമാര ഗർഭധാരണനിരക്കും ഗർഭച്ഛിദ്രനിരക്കും ലൈംഗിക രോഗനിരക്കും എയ്ഡ്സ് അണുബാധയും 15–24 വയസിനുള്ളിലുള്ളവരിൽ കുറയ്ക്കാനാകുന്നു. ജീവിതത്തിലെയും ബന്ധങ്ങളിലെയും പ്രശ്നങ്ങൾ നേരിടാനുള്ള കഴിവും ആത്മവിശ്വാസവും കൂടുകയും ചെയ്യുന്നു.
മാതാപിതാക്കൾ, ബന്ധുക്കൾ, കൂട്ടുകാർ എന്നിവർ എല്ലാവരും ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രധാനഭാഗങ്ങൾ തന്നെയാണ്. ആഗോളവൽക്കരണം, വ്യത്യസ്ത സംസ്ക്കാരങ്ങളുള്ള മനുഷ്യരോട് ഇടപെടേണ്ട സാഹചര്യങ്ങൾ, അതിവേഗ വിവരവിനിമയം, നീലച്ചിത്രങ്ങൾ, ലൈംഗിക രോഗങ്ങൾ, ഗർഭച്ഛിദ്രം, വന്ധ്യത, ഗർഭനിരോധന മാർഗങ്ങൾ, ലൈംഗികാതിക്രമങ്ങൾ, ലൈംഗികതയോടുള്ള മാറുന്ന സമീപനം, മാറിവരുന്ന ലൈംഗിക സ്വഭാവങ്ങൾ ഇങ്ങനെയുള്ള ഒരുപാട് സങ്കീർണമായ കാര്യങ്ങൾ മൂലം ലൈംഗികതാ വിദ്യാഭ്യാസം ഒരു വിദഗ്ധന്റെ സഹായം ആവശ്യമുള്ള മേഖലയാണ്.
എന്താണ് സമഗ്ര ലൈംഗികതാ വിദ്യാഭ്യാസം അഥവാ Com­pre­hen­sive sex­u­al­i­ty edu­ca­tion (CSE)? ലൈംഗികതയുടെ ശാരീരിക (phys­i­cal), മാനസിക (men­tal), വൈകാരിക (emo­tion­al), സാമൂഹിക (social), ധാരണാപരമായ വശങ്ങളെ കുറിച്ച് കുട്ടികളെ പഠിപ്പിക്കുവാൻ, പാഠ്യപദ്ധതിയുടെ ഭാഗമായി നൽകുന്ന ഒരു പരിശീലന പ്രക്രിയയാണ് CSE.

 


ഇതുകൂടി വായിക്കൂ :രാജ്യത്തെ പൊതുവിദ്യാഭ്യാസം പ്രതിസന്ധിയില്‍


പ്രായത്തിനും ബൗദ്ധിക വളർച്ചക്കും അനുസരിച്ചു വേണ്ട അറിവുകളാണ് നൽകുക. അതിനായി കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ നാലായി തിരിച്ചിട്ടുണ്ട്. 5–8 വരെ, 9–12വരെ, 12–15 വരെ, 15–18 വരെ. അഞ്ചു വയസിനു താഴെയുള്ള കുട്ടികൾക്കും അവർക്കു മനസിലാകുന്ന ഭാഷയിൽ പല കാര്യങ്ങളും പറഞ്ഞുകൊടുക്കാൻ പറ്റും. ഉദാഹരണത്തിന് ശരീരഭാഗങ്ങൾ, good touch/bad touch എന്നിങ്ങനെ. ഈ അടിത്തറയ്ക്കു മുകളിലാണ് പ്രായമാകുന്നതിനനുസരിച്ച് ശരീരത്തിലെ മാറ്റങ്ങളെപ്പറ്റിയും ലൈംഗികതയെപ്പറ്റിയും പറഞ്ഞുകൊടുക്കുന്നത്.

സമഗ്ര ലൈംഗികതാ വിദ്യാഭ്യാസ പദ്ധതിയിൽ ഏതൊക്കെ വിഷയങ്ങളാണ് ചർച്ച ചെയ്യുക? എട്ട് ആശയങ്ങളാണ് പ്രധാനമായും ഇതിൽ ഉൾപ്പെടുത്തിതിട്ടുള്ളത്.

. മാനുഷിക ബന്ധങ്ങൾ
∙ ലൈംഗികത- മൂല്യങ്ങൾ (moral values),
അവകാശങ്ങൾ(sexual rights), സാംസ്കാരിക വശങ്ങൾ.
∙ ജെൻഡർ/Gender എന്താണെന്ന് മനസിലാക്കുക.
∙ അതിക്രമങ്ങൾ(sexual abuse) എന്തൊക്കെയാണ്?
എങ്ങനെ സുരക്ഷ ഉറപ്പാക്കാം?
∙ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ട നൈപുണ്യങ്ങൾ
∙ മനുഷ്യ ശരീരവും അതിന്റെ വളർച്ചയും പരിണാമവും (aware­ness about repro­duc­tive organs and development)
∙ ലൈംഗികത/sex, ലൈംഗികപരമായ പെരുമാറ്റങ്ങൾ /sexual behaviour
∙ ലൈംഗിക- പ്രത്യുല്പാദന ആരോഗ്യം (repro­duc­tive health)

 


ഇതുകൂടി വായിക്കൂ :കോവിഡാനന്തര വിദ്യാഭ്യാസം


ഈ ഓരോ വിഷയത്തിലുമുള്ള പരിശീലനം വഴിയായി കുട്ടികളുടെ അറിവ് വർധിപ്പിക്കുക, അതുവഴി അവരുടെ അവബോധത്തിലും അവരുടെ പെരുമാറ്റത്തിലും മാറ്റം കൊണ്ടുവരിക. ഇതാണ് സമഗ്ര ലൈംഗികതാ വിദ്യാഭ്യാസ പദ്ധതിവഴി ലക്ഷ്യമിടുന്നത്.
ആരു പറഞ്ഞു കൊടുത്താലും ഇല്ലെങ്കിലും കുട്ടികൾ ഇതേപ്പറ്റി സംസാരിക്കുകയും തെറ്റായ ഒരുപാട് അറിവുകൾ സുഹൃദ്‌വലയത്തിൽ നിന്നും മാധ്യമങ്ങളിൽ നിന്നും അവർക്ക് ലഭിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ശരിയായ അറിവുകൾ ഇത്രത്തോളം അനിവാര്യമാവുന്നത്. ലിംഗസമത്വത്തിൽ ഊന്നിയ ശാസ്ത്രീയ ബോധവൽക്കരണത്താൽ ബലാത്സംഗം മുതലായ കുറ്റകൃത്യങ്ങളും ദാമ്പത്യകലഹങ്ങളും ബാലപീഡനങ്ങളും ഒരു പരിധിവരെ നിയന്ത്രിക്കാൻ സഹായിക്കും എന്ന് പഠനങ്ങൾ ചൂണ്ടികാട്ടുന്നു. മറ്റെല്ലാ വിഷയങ്ങളും പഠിക്കുന്നതിനൊപ്പം സ്വന്തം ശരീരത്തെ അറിയുവാനും തനിക്കു വരുന്ന മാറ്റം സ്വാഭാവികവും വൈകാരികമാറ്റങ്ങൾ നിയന്ത്രണാതീതമാണെന്ന് മനസിലാക്കാനും ഉൾക്കൊള്ളുവാനും കഴിയുമ്പോൾ പരസ്പരം ബഹുമാനിക്കാനും നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിയും.

Eng­lish Sum­ma­ry:  Sex edu­ca­tion in Children

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.