26 April 2024, Friday

ലൈംഗിക വിദ്യാഭ്യാസം എന്ത്? എന്തുകൊണ്ട്?

Janayugom Webdesk
തിരുവനന്തപുരം
October 11, 2021 7:29 pm

വിദ്യാഭ്യാസ പദ്ധതിയിലെ മനുഷ്യലൈംഗികതയുമായി (Sex­u­al­i­ty) ബന്ധപ്പെട്ട ഭാഗത്തെയാണ് ശാസ്ത്രീയ ലൈംഗിക വിദ്യാഭ്യാസം അഥവാ ലൈംഗികാരോഗ്യ വിദ്യാഭ്യാസം (Sex­u­al Health Edu­ca­tion) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ചിലയിടങ്ങളിൽ ലൈംഗിക- ജീവിത നൈപുണീ വിദ്യാഭ്യാസം (Sex­u­al­i­ty & Life Skill Edu­ca­tion) അഥവാ ആരോഗ്യലൈംഗിക വിദ്യാഭ്യാസവും ബന്ധങ്ങളും (Rela­tion­ships and Sex­u­al Health Edu­ca­tion) എന്നറിയപ്പെടുന്നു. ലൈംഗികാവയവങ്ങളുടെ ഘടനയും പ്രവർത്തനവും, ലൈംഗികവും പ്രത്യുത്പാദനപരവുമായ ആരോഗ്യവും അവകാശങ്ങളും (Sex­u­al and Repro­duc­tive Health & Rights ), ലൈംഗിക ചായ്‌വ് (Sex­u­al Ori­en­ta­tion), ലൈംഗിക രോഗങ്ങളും (STDs) പ്രധിരോധ മാർഗങ്ങളും, പ്രണയം, സ്ത്രീകളുടെയും കൗമാരക്കാരുടെയും പ്രശ്നങ്ങൾ, ലിംഗ- ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രത്യേകതകളും അവകാശങ്ങളും (LGBTIA Rights), സുരക്ഷിത ലൈംഗികബന്ധം (Safe Sex), ഗർഭനിരോധന മാർഗങ്ങൾ, ജനസംഖ്യാനിയന്ത്രണം, ലൈംഗിക സംയമനം, ബന്ധങ്ങൾ, ഉഭയസമ്മതം (Con­sent), ലൈംഗിക‑മാനസിക പ്രശ്നങ്ങൾ, ലൈംഗിക കുറ്റകൃത്യങ്ങളും അവയെ ചെറുക്കാനുള്ള മാർഗങ്ങളും നിയമവും, ലിംഗനീതി, അലൈംഗികത (Asex­u­al­i­ty), ബന്ധങ്ങൾ തുടങ്ങിയ മനുഷ്യ ലൈംഗികതയുമായി ബന്ധപ്പെട്ട അനവധി പ്രശ്നങ്ങൾ ഈ വിഭാഗത്തിന്റെ പരിധിയിൽ വരുന്നു.

അനാവശ്യ ഗർഭധാരണവും എയിഡ്സ്, ഹെർപ്പിസ്, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ ലൈംഗിക രോഗങ്ങളുടെ വ്യാപനം തടയാനും, ശരിയായ കുടുംബാസൂത്രണ മാർഗങ്ങൾ തിരഞ്ഞെടുക്കാനും ലൈംഗികാരോഗ്യ വിദ്യാഭ്യാസം സഹായകരമായി കണക്കാക്കപ്പെടുന്നു. പ്രായത്തിന് യോജിച്ച രീതിയിൽ ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം നൽകുന്നത് വഴി കുട്ടികൾക്ക് ലൈംഗിക ചൂഷണങ്ങളെ ചെറുക്കുവാനും, കൗമാരക്കാരിൽ ശാരീരികവും മാനസികവുമായ മാറ്റങ്ങളെ മനസ്സിലാക്കുവാനും സഹായകരമാണ് എന്ന് പൊതുജനാരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ലിംഗസമത്വത്തിൽ ഊന്നിയ ശാസ്ത്രീയ ബോധവൽക്കരണത്താൽ ബലാത്സംഗം മുതലായ കുറ്റകൃത്യങ്ങളും, ദാമ്പത്യകലഹങ്ങളും, ബാലപീഡനങ്ങളും ഒരു പരിധിവരെ നിയന്ത്രിക്കാൻ സഹായിക്കും എന്ന് പഠനങ്ങൾ ചൂണ്ടികാട്ടുന്നു.

പല വികസിത രാജ്യങ്ങളും മികച്ച ലൈംഗികാരോഗ്യ വിദ്യാഭ്യാസം നടപ്പാക്കിയിട്ടുണ്ട്. പ്രായത്തിന് യോജിച്ച രീതിയിൽ ഘട്ടംഘട്ടമായാണ് ഇത് നടപ്പിലാക്കുന്നത്. അധ്യാപകരെ കൂടാതെ സ്കൂൾ ഹെൽത്ത് നഴ്‌സ്, സ്കൂൾ കൗൺസിലർ, ചിലപ്പോൾ ഡോക്ടർമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവരും ഇതിൽ പങ്കാളികളാകുന്നു. യൂറോപ്യൻ രാജ്യങ്ങളായ ഇറ്റലി, ജർമ്മനി, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ ആരോഗ്യലൈംഗിക വിദ്യാഭ്യാസവും ബന്ധങ്ങളും എന്ന വിദ്യാഭ്യാസ പദ്ധതി നിലവിലുണ്ട്. ഇത് അവിടങ്ങളിൽ കൗമാര ഗർഭധാരണം, ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗാണുബാധകൾ, ലൈംഗിക അതിക്രമങ്ങൾ, പീഡനങ്ങൾ എന്നിവയുടെ തോത് കുറയാൻ ഇടയാക്കിയിട്ടുണ്ട്; മാത്രമല്ല ലൈംഗിക അതിക്രമങ്ങളോ മറ്റോ ഉണ്ടായാൽ ഇവ ചെറുക്കുവാനും അധികൃതരെ അറിയിക്കാനും ഇതവരെ പ്രാപ്തരാക്കുന്നു. യൂഎസ്എ, കാനഡ, യുകെ തുടങ്ങിയ ചില വികസിത രാജ്യങ്ങളിൽ ഇത് പഠിക്കണോ വേണ്ടയോ എന്ന് കുട്ടിക്കോ രക്ഷിതാവിനോ തീരുമാനിക്കാം. ഇതിൽ പങ്കെടുക്കാൻ എല്ലാവരെയും അവർ നിർബന്ധിക്കുന്നില്ല. അതിനാൽ ഇത്തരം വിദ്യാഭ്യാസത്തിനു അവിടെ എതിർപ്പും കുറവാണ് അല്ലെങ്കിൽ എതിർപ്പിനെ മറികടക്കാൻ സാധിച്ചു എന്ന് പറയാം.

 

Eng­lish Sum­ma­ry: What is sex edu­ca­tion? Why?

 

You may like this video also

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.