രാഹുൽ ഗാന്ധി എംപിയുടെ പാര്‍ലമെന്റ് മണ്ഡലം ഓഫീസിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ചുകയറി. കസേരകളടക്കം ഓഫീസിലെ ഫര്‍ണീച്ചറുകള്‍ നശിപ്പിച്ചതായി പൊലീസ് പറഞ്ഞു. ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി നിശബ്ദത വെടിയണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ചിനിടെയാണ് സംഭവങ്ങള്‍. എസ്എഫ്ഐക്കാരുടെ പ്രതിഷേധം പാർട്ടി നേതൃത്വത്തിന്റെ അറിവോടെയല്ലെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ പ്രതികരിച്ചു. സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റും അക്രമത്തെ അപലപിച്ചു.
നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരെത്തി പ്രതിരോധിക്കാൻ ശ്രമിച്ചതോടെ സംഘർഷത്തിലെത്തി. സംഘർഷം നിയന്ത്രണാതീതമായതോടെ പൊലീസ് ലാത്തിവീശി. എംപി ഓഫീസിലേക്ക് പ്രതിഷേധക്കാർ കയറാതിരിക്കാനും കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞ് സംഘർഷം ഒഴിവാക്കുന്നതിലും പൊലീസ് പരാജയപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. സ്ഥലത്ത് ചുമതല ഉണ്ടായിരുന്ന കല്പറ്റ ഡിവൈഎസ്‌പിയെ അന്വേഷണ വിധേയമായി അടിയന്തിരമായി സസ്പെന്റ് ചെയ്യാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
എംപി ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തി ദേശീയപാത ഉപരോധിച്ചു. കൽപ്പറ്റയിൽ കോൺഗ്രസ് പ്രവർത്തകർ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പ്രകോപിതരായ കോൺഗ്രസ് പ്രവർത്തകർ പിന്നീട് എസ്‌പി ഓഫീസിലേക്ക് മാർച്ച് നടത്തി.
പൊലീസ് വലയം ഭേദിച്ച് എസ്‌പി ഓഫീസിനകത്തു കടക്കാൻ ശ്രമിച്ച യുഡിഎഫ് പ്രവർത്തകർ പൊലീസുകാരെ കയ്യേറ്റം ചെയ്യാനും മുതിർന്നു. പൊലീസുകാരുടെ ഹെൽമറ്റ് ഊരി വലിച്ചെറിയുകയും ലാത്തിയും ഷീൽഡും പിടിച്ചുവാങ്ങി നശിപ്പിക്കുകയും ചെയ്തു. ടി സിദ്ദിഖ് എംഎൽഎ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അക്രമം. കോൺഗ്രസ് പ്രവർത്തകരുടെ അക്രമത്തിൽ മൂന്ന് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. രാത്രി ഏഴോടെയാണ് എസ്‌പി ഓഫീസ് ഉപരോധം അവസാനിപ്പിച്ചത്.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ച് തകർത്തത്. സ്വർണക്കടത്ത് കേസിൽ നിന്ന് രക്ഷപ്പെടാനായി ബിജെപി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ് പിണറായിയുടെ ശ്രമം. പൊലീസിന്റെ മൗനാനുവാദത്തോടെയാണ് അക്രമമുണ്ടായത്.
തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുന്നതാണ്.
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ എംപി ഓഫീസിനുനേരെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തെ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ല. ഇങ്ങനെയല്ല രാഷ്ട്രീയ വിയോജിപ്പ് പ്രകടിപ്പിക്കേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കൾ ആക്രമണത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. രാഹുൽ ഗാന്ധിക്കെതിരെ ഇഡി നടത്തിക്കൊണ്ടിരിക്കുന്നതും രാഷ്ട്രീയ പ്രേരിതമായ നീക്കമാണ്.
തിരുവനന്തപുരം: ഏത് തരത്തിലുള്ള അക്രമത്തെയും അംഗീകരിക്കാനാവില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവസരത്തെ അക്രമത്തിലേക്ക് കലാശിപ്പിക്കരുത്. കേന്ദ്ര സര്‍ക്കാര്‍ ഇഡിയെ ഉപയോഗിച്ച് രാഹുല്‍ഗാന്ധിയെ വേട്ടയാടുമ്പോള്‍ അതിനെതിരെ പ്രതിഷേധിച്ചവരാണ് ഇടതുപക്ഷമെന്നും ജയരാജന്‍ പറഞ്ഞു.
English Summary: SFI’s outrageous violence in Rahul Gandhi’s office
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.