
പൊടുന്നനെ ഉദിച്ചുയര്‍ന്ന്, ചാനല്‍ ചര്‍ച്ചകളില്‍ പയറ്റിത്തെളിഞ്ഞ്, നൊടിയിടയില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദവിയും എംഎല്‍എ സ്ഥാനവും നേടിയെടുത്ത യുവനേതാവിന് ഒടുവില്‍ പതനം. പാര്‍ട്ടിയിലും പാര്‍ലമെന്ററി തലത്തിലും പെട്ടെന്ന് പദവികള്‍ വാരിയെടുത്ത രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പതനത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ, പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പങ്ക് സുവ്യക്തമാണെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ തന്നെ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. ചാനല്‍ ചര്‍ച്ചകളിലും സമൂഹമാധ്യമങ്ങളിലും വാര്‍ത്താസമ്മേളനങ്ങളിലും സര്‍ക്കാരിനും ഇടതുപക്ഷ നേതാക്കളോടും പാര്‍ട്ടികളോടും പുലര്‍ത്തുന്ന വെറിപിടിച്ച സമീപനം തന്നെ പാര്‍ട്ടി വേദികളിലും പ്രകടിപ്പിക്കാന്‍ തുടങ്ങിയതാണ് രാഹുലിന്റെ പെട്ടെന്നുള്ള വീഴ്ചയ്ക്ക് കാരണം. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അടക്കം പാര്‍ട്ടി നേതൃത്വത്തെയും പ്രതിപക്ഷ നേതാവിനെയും ധിക്കരിച്ച് രാഹുല്‍ നടത്തിയ നീക്കങ്ങള്‍ വിവാദമാകുകയും ഇതിനെ ചോദ്യം ചെയ്ത പ്രതിപക്ഷ നേതാവ് അടക്കമുള്ളവരോട് ധിക്കാരത്തോടെ പെരുമാറുകയും ചെയ്തതോടെയാണ് ഷാഫിയ്ക്കും രാഹുലിനുമെതിരെയുള്ള അതൃപ്തി കടുത്തത്.
കോണ്‍ഗ്രസിലെ നിരവധി ഗ്രൂപ്പ് സമവാക്യങ്ങളില്‍ വേറിട്ട് നില്‍ക്കാനാണ് ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും കുറച്ചുകാലമായി ശ്രമിച്ചത്. എ ഗ്രൂപ്പിനൊപ്പമാണെങ്കിലും മുതിര്‍ന്ന നേതാക്കളുമായും ചാണ്ടി ഉമ്മനുമായും ഇവര്‍ അകല്‍ച്ചയിലായിരുന്നു. ഷാഫി-രാഹുല്‍ സമാന്തരസംവിധാനത്തെ പൊളിക്കേണ്ടത് ഗ്രൂപ്പിനതീതമായി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ ആവശ്യമായി മാറി. ഇതോടെ വീണുകിട്ടിയ അവസരം രാഹുലിനെ രാഷ്ട്രീയത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരികയും കൂടെ കൊണ്ടുനടക്കുകയും ചെയ്യുന്ന ഷാഫിയെ കൂടി അടിക്കാനുള്ള വടിയാക്കി മാറ്റി.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നേരത്തെ തന്നെ സ്ത്രീകളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രമുഖ ചാനലിലെ റിപ്പോര്‍ട്ടറായ യുവതിയുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയര്‍ന്നത്. എന്നാല്‍ ഉന്നതതലങ്ങളിലെ ഇടപെടലിനെത്തുടര്‍ന്ന് ആരോപണമുന്നയിച്ച യുവതിയെ അതേ ചാനലിലെ പ്രമുഖരെ ഇടപെടുവിച്ച് സമവായ ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനാണ് ശ്രമം നടന്നത്. ഇതേസമയത്ത് തന്നെ ഒരു മുന്‍ എംപിയുടെ മകളെയും രാഹുല്‍ മാങ്കൂട്ടത്തില്‍ ചൂഷണം ചെയ്തുവെന്ന നിലയ്ക്കും സമൂഹമാധ്യമങ്ങളില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നിലവില്‍ സമൂഹമാധ്യമത്തിലൂടെ പരാതിയുമായി രംഗത്തെത്തിയ മുന്‍ ചാനല്‍ പ്രവര്‍ത്തകയും അവതാരികയും നടിയുമായ യുവതി പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി അടുത്ത ബന്ധമുള്ളയാളാണ്. വി ഡി സതീശന്‍ ചെറുവിരല്‍ അനക്കിയിരുന്നുവെങ്കില്‍ ഇത്തരത്തിലൊരു ആരോപണം ഉയരില്ലെന്ന് കരുതുന്നവരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ അധികവും. നിരവധി യുവതികള്‍ സമാനമായ ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുകയും രാഹുല്‍ അവരില്‍ പലര്‍ക്കും അയച്ച ദുരുദ്ദേശ്യപരമായ ചാറ്റുകള്‍ പുറത്തുവരികയും ചെയ്തു. അതോടൊപ്പം മറ്റൊരു യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ശബ്ദസന്ദേശവും പുറത്തുവന്നതോടെ രാജി അനിവാര്യമായി.
ഹൈക്കമാന്റിലെ പ്രമുഖ വനിതാ നേതാക്കളുടെ പക്കല്‍ പരാതിയെത്തിയാല്‍ ഉടനടി നടപടിയുണ്ടാകുമെന്ന് ബുദ്ധിയുപദേശിച്ചത് വി ഡി സതീശനാണെന്നും ഒരു വിഭാഗം കരുതുന്നു. ആറ് പരാതികളാണ് എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിക്ക് മുന്നില്‍ എത്തിയത്. വയനാട് എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയുടെയും എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെയും സമ്മതത്തോടെ രാഹുലിന്റെ രാജി ആവശ്യപ്പെടാന്‍ ദീപാദാസ് മുന്‍ഷി കെപിസിസി നേതൃത്വത്തോട് നിര്‍ദേശിക്കുകയുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.