25 December 2024, Wednesday
KSFE Galaxy Chits Banner 2

ഷമീർ റഹ്മാന്റെ ‘നമ്മൾ’ എന്ന കവിതയുടെ വിശകലനം

സുജിത് പി എസ്
March 16, 2022 7:39 pm

തൊരു സെക്യുലറിസ്റ്റ് ആയ ആളെയും വേദനിപ്പിക്കുന്ന കാഴ്ചകൾ നമ്മൾ ചുറ്റിലും കാണുന്നുണ്ട്. മനുഷ്യരെ മാനുഷിക മൂല്യങ്ങളിൽ നിന്നും അകറ്റി ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജിപ്പിച്ചു പരസ്പരം വിദ്വേഷമുള്ള സമൂഹങ്ങൾ സൃഷ്ടിച്ചു അതിൽ നിന്നും ലാഭം കൊയ്യാൻ ശ്രമിക്കുന്നവർ നമുക്ക് ചുറ്റിലുമുണ്ട്. അതിന് വേണ്ടി പുരാണങ്ങളെയും മതഗ്രന്ഥങ്ങളെയും കൂട്ടുപിടിക്കുന്നവർ ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും സമൂഹത്തിൽ സൃഷ്ടിക്കുന്നത് വെറുപ്പും വിദ്വേഷവുമാണ് .പരസ്പരം സംശയത്തോടെ വീക്ഷിക്കുന്ന സമൂഹങ്ങളുടെ സൃഷ്ടിക്ക് ഇത്തരത്തിലുള്ള വിഭജനങ്ങൾ കാരണമാകുകയും നമ്മളുടെ സെക്കുലർ സങ്കൽപ്പങ്ങൾക്ക് ഇത്തരക്കാർ വലിയ ഭീഷണികൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അപര മതദർശനങ്ങളോടും വിശ്വാസങ്ങളോടും അസഹിഷ്ണുത ഉണ്ടാക്കുന്ന വിധം കൊടിയ വിഷം കുത്തി വെക്കുന്നവർ കാലങ്ങളായി നമ്മുടെ രാജ്യം ഉയർത്തിപ്പിടിക്കുന്ന മഹത്തായ ഭരണഘടനാമൂല്യങ്ങളുടെ കടയ്ക്കൽ കത്തി വക്കുകയാണ് ചെയ്യുന്നത്.

മതങ്ങളുടെ അപ്പോസ്തലന്മാർ ആയി രാഷ്ട്രീയക്കാർ മാറുമ്പോൾ മതവും രാഷ്ട്രീയവും കൂടിക്കലർന്ന അതിഭീകരമായ വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങൾക്ക് പ്രചുരപ്രചാരം ലഭിക്കുന്നു. ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങൾക്ക് മുകളിൽ മതനിയമങ്ങളെ പ്രതിഷ്ഠിക്കാൻ തീവ്ര ശ്രമങ്ങൾ നടക്കുന്നു. ഇങ്ങനെയുള്ള അവസരത്തിൽ കവി തന്റെ പ്രതികരണം ‘നമ്മൾ’ എന്ന കവിതയിലൂടെ നടത്തുന്നു. ‘നാം എന്തു കഴിക്കണം’ എന്ന് പോലും തീരുമാനിക്കാൻ തീൻ മേശയിലേക്ക് പോലും എത്തി നോക്കുന്ന വെറുപ്പിന്റെയും ഭിന്നിപ്പിക്കലിന്റെയും പ്രത്യയ ശാസ്ത്രങ്ങളോട് കവി പറയുന്നത് എനിക്ക് എന്റെ വീട്ടിലെ കറി, നിനക്ക് നിന്റെ വീട്ടിലെ കറി എന്നാണ്. ഓരോരുത്തർക്കും അവരുടെ വിശ്വാസങ്ങൾ വലുതാണ്. എന്ന് കരുതി മറ്റുള്ളവരുടെ വിശ്വാസങ്ങൾ തെറ്റാണെന്നുള്ള മൂഢബോധം വേണ്ടതില്ല. മറ്റുള്ളതിന്റെ കുറവുകൾ അളന്നു നമ്മൾ കുറ്റിയടിക്കേണ്ട. അതുപോലെ നമ്മളുടെ മേന്മകൾ നിരത്തുകയും വേണ്ട. പരസ്പരസ്നേഹത്തിലൂടെ നല്ല വാക്കുകളിലൂടെ നമുക്ക് പരസ്പരം മധുരം കൂട്ടാം എന്നാണ് കവിത പറയുന്നത്.

മനുഷ്യരുടെ മനസ്സുകൾക്കിടയിൽ നിർമ്മിക്കപ്പെടുന്ന മതിലുകൾക്കെതിരെയുള്ള പ്രതിഷേധവും ആകുലതയും ഈ കവിതയിൽ നിറഞ്ഞു നിൽക്കുന്നു. ഇത് വായിക്കുമ്പോൾ കവിയുടെ ചെറുപ്പകാലത്തിൽ ‘എങ്ങനെ കഴിഞ്ഞവർ ആയിരുന്നു നമ്മൾ’ എന്നൊരു നെടുവീർപ്പ് കവിതയിൽ നിന്നും ഉയരുന്നത് കാണാം. പരസ്പരം വൈവിധ്യങ്ങളെ ആഘോഷിച്ചിരുന്നവർ ഉത്സവങ്ങളിൽ ഒരുമിച്ച് കൂടി പൂത്തിരി കത്തിച്ചു ആഹ്ലാദിച്ചിരുന്നവർ പരസ്പരം സ്നേഹവും ഭക്ഷണവും കൈമാറി ഓണവും വിഷുവും പെരുന്നാളും ക്രിസ്തുമസും ഒരുമിച്ച് ആഘോഷിച്ചവർ. ഇന്ന് നമുക്കിടയിൽ വെറുപ്പിന്റെ വിത്തുകൾ വിതക്കുന്നത് ആരാണ് എന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.

കേരളത്തിന്‌ ചില പ്രത്യേകതകൾ ഉണ്ട്. അത്ര പെട്ടെന്നൊന്നും ഈ മണ്ണിൽ മനുഷ്യർക്കിടയിൽ വേലികൾ തീർക്കാൻ ആരെയും നമ്മൾ അനുവദിക്കില്ല. ഇത് നാരായണ ഗുരുവും അയ്യങ്കാളിയും ജീവിച്ചു മരിച്ച മണ്ണാണ്. ഈ മണ്ണിൽ ജനിച്ചു വളർന്നവർക്ക് കൂടിച്ചേരലുകളുടെ, വൈവിധ്യങ്ങളുടെ, മനുഷ്യത്വത്തിന്റെ വിലയറിയാം. കവിക്കൊപ്പം നിൽക്കുക എന്നാൽ സെക്യുലറിസത്തിനൊപ്പം നിൽക്കുക എന്നാണ്. കവിതക്ക് നിദാനമായ ആശയങ്ങൾ നെഞ്ചോട് ചേർത്ത് ഷമീർ റഹ്മാനു എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഷമീറിന്റെ കവിതകൾ ഒരുപാട് വായിക്കപ്പെടട്ടെ.

നമ്മൾ

എനിക്ക് എന്റെ
വീട്ടിലെ കറി
നിനക്ക് നിന്റെ വീട്ടിലെ .…’

ഞങ്ങൾ ഒരേ
മനമുള്ള ചങ്ങാതികൾ
പലജാതിക്കാർ

ക്ഷണിച്ചിടുന്നു പരസ്പരം
സ്നേഹത്തോടെ
നിരസിച്ചിടുന്നതും സ്നേഹത്തോടെ
ചെല്ലുന്നിടമെന്തിന് കുറവുകൾ അളന്ന് കുറ്റിയടിക്കണം
നമ്മുടെ മേന്മകളെന്തിന്
നിരത്തിടണം
തേനൂറുന്ന വാക്കുകൾ
മനുഷ്യരിൽ പരസ്പ്പരം
മധുരം കൂട്ടുകയേയുള്ളു

നിന്റെ കൂട്ടിലേക്ക് ഞാനില്ല
സഹോദരാ

നിനക്ക് നിന്റെ
വീട്ടിലെ കറി നല്ലത്
എനിക്ക് എന്റെ വീട്ടിലേ…

ഞങ്ങൾ പരസ്പരമെല്ലാത്തിലുമിഴുകിച്ചേർന്നവർ
ഞങ്ങൾ നടന്ന കാലടികൾ
കൊണ്ട് രക്തത്തിന്
ഒരേ നിറമെന്ന് കാണിച്ചവർ

എന്നെ പള്ളി വാതിൽക്കൽ കാത്തു നിന്നവർ
ഉത്സവങ്ങളിൽ ഒന്നിച്ചാഹ്ലാദപൂത്തിരി കത്തിച്ച്
ആഘോഷമാക്കിയവർ
മാനുഷികതക്ക് കൈതാങ്ങായവർ
പരസ്പരം കണ്ണും കരളും
കയ്യും കാലും പകുത്ത് നൽകിയവർ

എന്നിട്ടും ഞങ്ങൾ വീടുകളിലെ വിരുന്നുകാരായി
വെറും വാക്കുകളാൽ
മാത്രം ക്ഷണിച്ചു കൊണ്ടിരുന്നു
അപ്പോഴൊക്കെ ഞങ്ങൾ ചങ്ങാതിമാർ പറയും

നിനക്ക് നിന്റെ
വീട്ടിലെ കറി നല്ലത്
എനിക്ക് എന്റെ വീട്ടിലേ…

കാരണവന്മാർ പറയാറില്ലേ
ക്ഷണിക്കുന്നിടത്ത്
ഒരു ഉരുള
ചോറ്
ബാക്കിയുണ്ടെന്ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.