22 January 2026, Thursday

ഉട്ടോപ്യയിലെ മുഖ്യമന്ത്രി ശശി തരൂർ

പ്രിയ
പന്തികേട്
July 15, 2025 4:20 am

സർ തോമസ് മൂറിന്റെ ഉട്ടോപ്യ എന്ന കൃതി വായിച്ചയാളായിരിക്കും കോൺഗ്രസ് നേതാവെന്ന് ഇപ്പോൾ പറയാവുന്ന ഡോ. ശശി തരൂർ. ഉട്ടോപ്യ എന്നത് സാങ്കല്പിക ലോകമാണ്. സോഷ്യലിസത്തിന്റെ ആദ്യ സങ്കല്പമെന്നൊക്കെ പറയാറുണ്ട് ഉട്ടോപ്യയെ കുറിച്ച്. മനുഷ്യശരീരം കീറിമുറിച്ച് പഠിച്ച ഡോക്ടറല്ല തരൂർ. ഗവേഷണം നടത്തിക്കിട്ടിയതാണ് ഡോക്ടർ പദവി. തിരുവനന്തപുരത്തുകാരുടെ ഭാഷയിൽ പറഞ്ഞാൽ കുഴലില്ലാത്ത ഡോക്ടർ. സ്റ്റെതസ്കോപ്പില്ലാത്തതെന്നർത്ഥം.
കഴിഞ്ഞ കുറേ നാളുകളായി ശശി തരൂർ വിവാദത്തിന്റെയും ഡോക്ടറാണ്. മുട്ടിന് മുട്ടിന് മോഡിയെ വാഴ്ത്തുകയെന്നതാണ് ഒരു ലക്ഷണം. അത് കൂടിക്കൂടി ഇന്ദിരയുടെ മകൻ, രാജീവിന്റെ സഹോദരൻ സഞ്ജയ് ഗാന്ധിയെയും അദ്ദേഹം തള്ളിപ്പറഞ്ഞിരിക്കുന്നു. അടുത്ത ദിവസങ്ങളിൽ ഇന്ദിരയെയും സഞ്ജയിനെയും പുലഭ്യം പറഞ്ഞവർ ബിജെപിക്കാരായിരുന്നു. അതിനെക്കാൾ കടുത്ത ഭാഷയിലാണ് തരൂരിന്റെ സഞ്ജയ് ഗാന്ധിക്കെതിരായ പരാമർശങ്ങൾ. അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ ഖഡ്ഗം പ്രയോഗിക്കുമെന്നൊക്കെ ഖാർഗെ മുതൽ സണ്ണി ജോസഫ് വരെയുള്ളവർ പറയുമെങ്കിലും ശശി തരൂർ അതിനെല്ലാം പുല്ലുവില കല്പിച്ച് അച്ചടക്കം ആവർത്തിച്ച് ലംഘിക്കുകയാണ്.
ഇതുവരെ നമ്മൾ കോൺഗ്രസിലൂടെ ബിജെപിയിലെത്തുന്നവരെയാണ് കണ്ടുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോള്‍ കോൺഗ്രസിനകത്തിരുന്ന് ബിജെപിക്കാരനായി പ്രവർത്തിക്കുന്ന ഒരാളെ കണ്ടുകൊണ്ടിരിക്കുകയാണ്. അദ്ദേഹമാണ് ശശി തരൂർ. മോഡിയെ വിശ്വഗുരുവെന്ന് പരിചയപ്പെടുത്തുമ്പോൾ ഇദ്ദേഹത്തെ ആഗോള മനുഷ്യനെന്ന് വിശേഷിപ്പിക്കുന്നതിലും സാമ്യതയുണ്ട്. അതും ഉട്ടോപ്യയും തമ്മിൽ ബന്ധമെന്ത് എന്നാണ് ചോദ്യമെങ്കിൽ അതിലേക്കാണ് വരുന്നത്. 2026ൽ ഉട്ടോപ്യയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്ത് കൂടുതൽ പേർ പ്രതീക്ഷിക്കുന്നത് ശശി തരൂരിനെയെന്നാണ് അദ്ദേഹം തന്നെ അവകാശപ്പെട്ടിരിക്കുന്നത്. വോട്ട് വൈബ് എന്ന ഓൺലൈൻ അഭിപ്രായസർവേ ചാനലിന്റെ കണക്കെടുപ്പിലാണത്രെ ഈ കണ്ടെത്തൽ. രസകരമായത് അതല്ല. കേരളത്തിലെ 10,000 പേരെ ഫോണിൽ വിളിച്ച് ചോദിച്ചാണ് സർവേ നടത്തിയത് എന്നതാണ്.
2026 ഏപ്രിൽ, മേയ് മാസങ്ങളിലാണ് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. അതിലെ മുഖ്യമന്ത്രിയായി തരൂരിനെ കണ്ടെത്തിയെന്ന തമാശയാണ് അദ്ദേഹംതന്നെ പങ്കുവച്ചിരിക്കുന്നത്. രണ്ടേ മുക്കാൽ കോടിയിലധികമാണ് കേരളത്തിലെ വോട്ടർമാരുടെ ഏകദേശ എണ്ണം. അ­തിൽ നിന്ന് 10,000പേരെ കണ്ടെത്തി അഭിപ്രായ രൂപീകരണം നടത്തുകയെന്ന ഹെര്‍കുലീസ് യത്നമാണ് വോട്ട് വൈബുകാർ നടത്തിയത്. എന്നിട്ട് കൂടുതൽ പേർ പറഞ്ഞ പേര് തരൂരിന്റേതെന്ന്. ഇതെല്ലാംകൊണ്ടാണ് അദ്ദേഹത്തെ ഉട്ടോപ്യയിലെ മുഖ്യമന്ത്രിയെന്ന് വിളിക്കേണ്ടി വരുന്നത്.
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി എൽഡിഎഫിൽ നിന്നാണെന്ന് ജനങ്ങൾ ഉറപ്പിച്ചിരിക്കുമ്പോഴാണ് ഇതുവരെ അധികം കേട്ടിട്ടില്ലാത്ത ഒരു സംഘടനയുടെ അഭിപ്രായ സർവേയും കൊണ്ട് തരൂരിന്റെ എഴുന്നള്ളത്ത്. വ്യാജ വോട്ട്, വ്യാജ നോട്ട് എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ ഇത് വ്യാജ സർവേയാണെന്നാണ് കോൺഗ്രസുകാർ തന്നെ പറയുന്നത്. സർവേ നടത്തിയ സംഘത്തിന്റെ പേര് കേൾക്കുമ്പോൾ അത് ശരിയല്ലേയെന്നാണ് തോന്നുക. വോട്ട് വൈബ് എന്ന പേര് നാമൊന്നും അധികം കേട്ടിട്ടില്ലാത്തതല്ലേ. 

20 ദിവസത്തിനിടെ പത്തോളം ബലാത്സംഗ വാർത്തകളാണ് ഒഡിഷയിൽ നിന്നെത്തിയിരിക്കുന്നത്. ആടുമേയ്ക്കാൻ പോയ യുവതിയെ, ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ, 17 വയസുള്ള വിദ്യാർത്ഥിനിയെ, 31കാരിയെ, കോളജ് വിദ്യാർത്ഥിനിയെ എന്നിങ്ങനെ ബലാത്സംഗ വാർത്തകളാണ് അടുത്തിടെ പുറത്തുവന്നത്. പലവിധ പോസുകളിലാണ് സംഗങ്ങളെന്ന് പൈങ്കിളി മാധ്യമങ്ങൾ പറയുന്നുമുണ്ട്. രാജ്യത്ത് വനിതകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ആദ്യ സ്ഥാനങ്ങളിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ തുടരുകയാണ്. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിങ്ങനെ. ഒരു വർഷം മുമ്പുവരെ ഒഡിഷ ഭരിച്ചിരുന്നത് ബിജെപി മുഖ്യമന്ത്രി ആയിരുന്നില്ല. അതുകൊണ്ട് ഈ പട്ടികയിലെ ആദ്യ സ്ഥാനങ്ങളിലെത്താൻ ഒഡിഷയ്ക്കായില്ല. മറ്റ് കുറ്റകൃത്യങ്ങളിൽ, ക്രിസ്തീയ വിശ്വാസികളെയും ദളിതുകളെയും ആക്രമിക്കുകയും കൊല്ലുകയുമൊക്കെ ചെയ്യുന്ന കാര്യത്തിൽ അവർ പിന്നിലായിരുന്നില്ല. എന്നാൽ 2024ൽ ബിജെപി അധികാരത്തിലെത്തിയതോടെ സ്ത്രീപീഡനങ്ങളുടെ കാര്യത്തിൽ അവരുടെതന്നെ ഭരണമുള്ള ഇതര സംസ്ഥാനങ്ങളോട് മത്സരിക്കുകയാണ് ഒഡിഷയും. എങ്കിലും പ്രസംഗം ബഹുജോറാണ്. മോഡി അധികാരത്തിലെത്തിയതിനുശേഷം സ്ത്രീ സുരക്ഷയും അധികാര പങ്കാളിത്തവും യുഎസിനോട് തുല്യമായിരിക്കുന്നുവെന്നൊക്കെയാണ് തട്ടിവിടാറുള്ളത്. ബലാത്സംഗ വീരന്മാരെ ഗുസ്തി ഫെഡറേഷന്റെയൊക്കെ മേലാവിൽ പ്രതിഷ്ഠിച്ച് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് പ്രസംഗിക്കുവാൻ അപാര തൊലിക്കട്ടിതന്നെ വേണം. സാധാരണ പറയാറുള്ള മൃഗത്തിന്റെ പേരൊന്നും പോര അതിനെ ഉപമിക്കാൻ.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബലാത്സംഗ വീരന്മാർക്ക് ലിംഗോദ്ധാരണം കൂടുതലാണോ. ഒരു വർഷം മുമ്പ് മാത്രം അവർ അധികാരത്തിലേറിയ ഒഡിഷയിൽ നിന്നുള്ള ബലാത്സംഗ വാർത്തകൾ കേൾക്കുമ്പോൾ അങ്ങനെ ചോദിക്കാനാണ് തോന്നുന്നത്. 

കേന്ദ്ര മന്ത്രിയായിരിക്കുമ്പോൾ നല്ല തമാശകൾ നൽകിയ ബിജെപിക്കാരനാണ് വി മുരളീധരൻ. അവിടെ കുറയുന്നതിനനുസരിച്ച് ഇവിടെ അല്പം കൂട്ടിയെന്നല്ലേയുള്ളൂ എന്ന പെട്രോൾ വില വർധന സംബന്ധിച്ച മുരളീധരന്റെ പ്രസ്താവന കുപ്രസിദ്ധവും ഗിന്നസ് റെക്കോഡിട്ടത്രയും സമൂഹമാധ്യമങ്ങളിൽ വൈറലായതുമാണ്.
മന്ത്രിയും എംഎൽഎയുമൊക്കെ ആകണമെന്ന് ആഗ്രഹമുണ്ടെങ്കിലും കെ സുരേന്ദ്രനും ആളത്ര മോശമൊന്നുമല്ല. തോൽക്കാൻ രണ്ട് സീറ്റിലൊക്കെ മത്സരിക്കുന്ന സുരേന്ദ്രൻ പറഞ്ഞതനുസരിച്ച് പെട്രോളും ഡീസലും 50 രൂപയ്ക്ക് കിട്ടിയതോടെ നമ്മളെല്ലാവരും അതീവ സന്തുഷ്ടരാണ്.
പിടിച്ചതിനെക്കാൾ വലുതായിരുന്നു മാളത്തിലുണ്ടായിരുന്നതെന്ന് നമുക്ക് മനസിലായത് രാജീവ് ചന്ദ്രശേഖർ ബിജെപി അധ്യക്ഷനായതോടെയാണ്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രസംഗങ്ങൾ വായിച്ച് ഭാവി തലമുറ ഊറിയൂറി ചിരിക്കുമെന്നതിൽ സംശയമില്ല.
ഇപ്പോൾ പക്ഷേ എല്ലാവരും കുടുങ്ങിയിരിക്കുകയാണ്. ജ്യോതി മൽഹോത്രയെന്ന യുട്യൂബറെ കൊണ്ടുവന്ന് കേരള ടൂറിസം വകുപ്പ് പ്രൊമോഷനുപയോഗിച്ചുവെന്ന് കേട്ടപ്പോൾ മുരളിയും രാജീവും സുരേന്ദ്രനുമെല്ലാം കൂടി ചാടിപ്പുറപ്പെട്ടതാണ്. ഇതാ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ പാകിസ്ഥാൻ ചാരപ്പെണ്ണിനെ എഴുന്നള്ളിച്ചുകൊണ്ടുവന്ന് വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചു. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കർ ദേശസ്നേഹംകൊണ്ട് ആനന്ദതുന്ദിലനായി രാജീവ് മുതലാളിയായ ചാനലിന് പ്രത്യേക ഫോൺ സന്ദേശം നൽകി. ദേശവിരുദ്ധ പ്രവർത്തനത്തിന് കേസെടുക്കണം, റിയാസിനെ ജയിലിൽ അടയ്ക്കണമെന്നൊക്കെ ആവശ്യപ്പെട്ട് ചിലയിടങ്ങളിൽ ബിജെപിക്കാർ കോലം കത്തിക്കലും നടത്തി.
അപ്പോഴതാ മുതലാളിയുടെ ചാനലിൽതന്നെ വാർത്ത വരുന്നു. ജ്യോതിക്കൊപ്പം മുരളീധരനും സുരേന്ദ്രനും വന്ദേഭാരതിൽ സഞ്ചരിക്കുന്നു, മുരളീധരൻ കണ്ടം കണ്ടം ഇംഗ്ലീഷിൽ വന്ദേഭാരതിന്റെ മഹത്വത്തെക്കുറിച്ച് ജ്യോതിയോട് വിവരിക്കുന്നു. തല നീട്ടി വലിച്ചിട്ട് സുരേന്ദ്രൻ കാമറയിൽ മുഖം വരുത്താൻ ശ്രമിക്കുന്നു. ജ്യോതിയെ തള്ളിനീക്കി അതേശ്രമം നടത്തുന്ന അനുയായികളെയും ദൃശ്യങ്ങളിൽ കാണാം.
അവിടെയും തീർന്നില്ല. ഹരിയാന ബിജെപിക്കാരിയെന്ന് പരിചയപ്പെടുത്തി ജ്യോതി മൽഹോത്ര വാഗ അതിർത്തി കടക്കുന്നു. ആദിത്യനാഥ് കൊട്ടിഘോഷിച്ച് നടത്തിയ കുംഭമേളയിൽ ഔദ്യോഗിക യുട്യൂബറായി ജ്യോതി കാമറയും പിടിച്ച് നടക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മന്ത്രിസഭാ യോഗങ്ങളിലൊഴികെ പ്രധാനപ്പെട്ട എല്ലായിടങ്ങളിലും ജ്യോതിക്ക് സുഖപ്രവേശനമാണത്രേ. ബിജെപിയുടെ മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള വ്യക്തിയാണ് ജ്യോതിക്ക് കേരളത്തിലെ വന്ദേഭാരതിൽ പാസ് സംഘടിപ്പിച്ച് നൽകിയത്, ഇയാൾ നേരത്തെ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിആർഡിഒ ഉദ്യോഗസ്ഥനെന്ന വ്യാജേന തട്ടിപ്പ് നടത്തിയ വിദ്വാനാണെന്ന് അടുത്തിടെ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ പറഞ്ഞിട്ടുണ്ട്. അന്ന് കേന്ദ്ര ഭരണത്തിന്റെ തണലിൽ തട്ടിപ്പിൽ നിന്ന് രക്ഷപ്പെടുകയായിരുന്നുവത്രേ. വിമാനമില്ലാത്ത കാസർകോട്ടേക്ക് 2023ൽ വന്ദേഭാരത് ഉദ്ഘാടനത്തിനെത്തിച്ചതാരാണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടെക്കിടന്നവർക്കല്ലേ രാപ്പനിയുടെ ചൂടറിയൂ. അതുകൊണ്ടായിരിക്കും സന്ദീപിന് ഇതൊക്കെ നന്നായി അറിയാവുന്നത്. ഇനിയിപ്പോൾ ജ്യോതി മൽഹോത്രയെ കൂട്ടിക്കൊണ്ടുവന്നതിന് ദേശവിരുദ്ധ പ്രവർത്തനമെന്ന കുറ്റം ചുമത്തി ആരൊക്കെ അകത്താകേണ്ടിവരുമോ എന്തോ. എന്തായാലും വരമ്പത്ത് കൂലിയെന്നൊരു ചൊല്ലുണ്ട്. അതുപോലായിപ്പോയി ഇത്. റിയാസിനെ പിടിക്കാനിറങ്ങി സ്വയം കുഴിയിൽ വീണ ബിജെപി നേതാക്കളുടെ ചളുങ്ങിയ മുഖം കാണുമ്പോൾ നല്ല രസമുണ്ട്. ചോദ്യങ്ങൾക്ക് ഉത്തരമായി ബബ്ബബ്ബ പറയുന്നതു കാണുമ്പോൾ അതിനെക്കാൾ ചേലുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.