5 December 2025, Friday

മന്ഥരയോട് ക്രുദ്ധനാകുന്ന ശത്രുഘ്നൻ

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
നരോത്തമായനം രാമായണം ഭാഗം 19
August 6, 2025 4:45 am

രാമാഭിഷേകം മുടങ്ങിയപ്പോൾ അതുമുടക്കിയ രാജാവിനോട് കൗസല്യ അരിശപ്പെട്ടു. ഇതറിഞ്ഞതോടെ ദശരഥനെ തുറുങ്കിലടച്ചിട്ടായാലും ഞാൻ രാമാഭിഷേകം നടത്തുമെന്നും ഭരതനോ കൂട്ടരോ തടയാൻ വന്നാൽ അവരെയും നേരിടുമെന്നും പറഞ്ഞ് ലക്ഷ്മണകുമാരൻ ക്രുദ്ധനായി. ലക്ഷ്മണ കോപം ശമിപ്പിച്ചത് ശ്രീരാമനാണ്. അതുപോലെ ഭരതന് നാടുവാഴാൻ മോഹമില്ലെന്നും കൈകേയിയെ ഭരതൻ ‘കുലദ്രോഹി (കുലംകുത്തി)’ എന്നു വിളിച്ചെന്നും അറിഞ്ഞ ശത്രുഘ്നൻ മന്ഥരയോട് ക്രൂദ്ധനാകുന്നുണ്ട്. 

ഭരതന് രാജ്യം വാഴാനുള്ള മോഹം ഉണ്ടായിരുന്നെങ്കിൽ ശത്രുഘ്നൻ മന്ഥരയോടു ക്രുദ്ധനാവുകയല്ല, അവരെ അനുമോദിക്കുകയായിരുന്നു ചെയ്യുക എന്നത് ഓർമ്മയില്‍വച്ചു വേണം ഈ രാമായണ ഭാഗം വായിക്കാൻ. അത്രമേൽ ഭരതാശ്രിതമായിരുന്നു ശത്രുഘ്നന്റെ വികാരവിചാരങ്ങൾ. ഇതുപോലെത്തന്നെ രാമാശ്രിതമായിരുന്നു ലക്ഷ്മണന്റെ വികാര വിചാരങ്ങളും. വലിയ വ്യക്തിത്വങ്ങൾക്കു ചുറ്റിലും ലക്ഷ്മണ — ശത്രുഘ്ന മനസ്കരായ ഉപഗ്രഹ വ്യക്തിത്വങ്ങൾ എവിടെയും എപ്പോഴും ഉണ്ടാവാറുണ്ട്. ഇത്തരം ഉപഗ്രഹ വ്യക്തിത്വങ്ങൾ തങ്ങളുടെ യജമാന വ്യക്തിത്വങ്ങളുടെ മനോഗതിക്കനുസരിച്ച് കൊല്ലാനും ചാവാനും തയ്യാറുള്ളവരായിരിക്കും. രാമൻ പറഞ്ഞാൽ ലക്ഷ്മണനും ഭരതൻ പറഞ്ഞാൽ ശത്രുഘ്നനും പരസ്പരം കൊല്ലാനുള്ള കലി പൂണ്ട്, സാഹോദര്യം മറന്ന് എതിരിടും. ഇത്തരം സഹോദരയുദ്ധങ്ങൾ രാമായണത്തിൽ ഉണ്ടാവാതെ പോയത് രാമന്റെയും ഭരതന്റെയും വ്യക്തിത്വ ഗുണങ്ങളാലാണെന്നത് പ്രത്യേകം പരിഗണിക്കാതെ വയ്യ. ദശരഥനോടു ക്രുദ്ധനാവുന്ന ലക്ഷ്മണനെ ആക്രമണവൃത്തികളിൽ നിന്ന് രാമൻ തടയുന്നതുപോലെ മന്ഥരയോട് ക്രൂദ്ധനാകുന്ന ശത്രുഘ്നനെ സാരോക്തികളിലൂടെ അനുനയിപ്പിച്ച് ഭരതനും പിന്തിരിപ്പിക്കുന്നുണ്ട്. 

പട്ടാഭിഷേകം മുടങ്ങി രാമൻ കാട്ടിലേക്കു പോയതും അമ്മമഹാറാണി ആയിക്കഴിഞ്ഞെന്ന മട്ടിലായി കൈകേയിയുടെ പ്രകൃതം — തന്റെ മകൻ ഭരതനാണല്ലോ ഇനി രാജാവ്! അതുകൊണ്ടുതന്നെ ഇതിനൊക്കെ വഴിയൊരുക്കിയ മന്ഥരക്ക് ഒരുപാട് ആഭരണങ്ങളും പട്ടുടയാടകളും മറ്റും പാരിതോഷികമായി കൈകേയി കൊടുത്തിരുന്നു. അധികാരത്തിന്റെ ഇടനാഴികളിൽ ഇപ്പോഴും ഉപജാപക പ്രവർത്തകർക്കുതന്നെയാണല്ലോ വലിയ സമ്മാനങ്ങൾ ലഭിക്കുന്നത്. അയോധ്യയുടെ രാഷ്ട്രീയ ഇടനാഴിയിലെ മുഖ്യഉപജാപക പ്രവർത്തകയായ, അഥവാ ‘മാപ്ര’യായ മന്ഥരക്ക് വലിയ സമ്മാനങ്ങൾ ലഭിച്ചത് സ്വാഭാവികം. എന്തായാലും കവിൾത്തൊലികൾ പോലും ചുക്കിച്ചുളിഞ്ഞവളും കൂനിയുമായ മന്ഥര, പട്ടുവസ്ത്രങ്ങളും പൊന്നാഭരണങ്ങളും അണിഞ്ഞ് അയോധ്യയുടെ അന്തഃപുരങ്ങളിൽ വിലസുന്നതു കണ്ടപ്പോഴാണ് ശത്രുഘ്നന് അരിശം കയറിയതും അയാൾ ആക്രമിക്കാൻ പാഞ്ഞതും. മന്ഥര ഭയന്നുവിറച്ച് കൈകേയീസമക്ഷം അഭയം തേടുന്നു. കൊല്ലേണ്ടവിധം കുന്നായ്മ ചെയ്ത്, രാജ്യത്തിന്റെ സ്വാസ്ഥ്യം കലക്കിയവളാണെങ്കിലും പരാക്രമം പെണ്ണുങ്ങളോടുചെയ്യുന്നത് നല്ല പുരുഷ ലക്ഷണമല്ല എന്നത് ആണധികാര വ്യവസ്ഥയുടെ സദാചാരമാണെന്നതിനാൽ മന്ഥരയും കൈകേയിയെപ്പോലെ വെറുതെ വിടപ്പെടുകയാണ്.

കൊല്ലൽ ഒരു പ്രശ്നത്തിനും പരിഹാരമാവുന്നില്ല എന്നും നല്ല വാക്കുകൊണ്ടും പെരുമാറ്റം കൊണ്ടും പൊറുത്തും പൊറുപ്പിച്ചും പുലരുക എന്നതാണ് നല്ല ജീവിതധർമ്മം എന്നും രാവണവധം മുഖ്യപ്രമേയമായ രാമായണം പലേടത്തും പറയുന്നുണ്ട്. ദശരഥനെയും കൈകേയിയെയും മന്ഥരയെയും ഒക്കെ കൊല്ലാനുള്ള കലി രാമസ്നേഹത്താൽ യഥാക്രമം ലക്ഷ്മണനും ഭരതനും ശത്രുഘ്നനും ഉണ്ടാകുമ്പോഴാണ്, കൊല്ലൽ പരിഹാരമല്ല എന്ന ചിന്ത രാമായണം ഉയർത്തുന്നത് എന്നു കാണാം. എന്നാൽ താടകയെ കൊല്ലുമ്പോഴോ വിരാധനെ വധിക്കുമ്പോഴോ, ബാലിയെ കൊല്ലുമ്പോഴോ, ഖരദൂഷണന്മാരെയും മാരീചനെയും രാവണനെയും കൊല്ലുമ്പോഴോ രാമായണത്തിന് ‘കൊല്ലൽ പരിഹാരമല്ല’ എന്ന ചിന്ത ഉണ്ടാവുന്നുമില്ല. ഇതിലൊരു സ്വജനപക്ഷപാതപരമായ സമീപനം ഇല്ലേ എന്നു തോന്നാം. സ്വജനങ്ങളെ കൊല്ലരുത് അപരജനങ്ങളെ കൊല്ലാം എന്നതാണ് രാമായണ സന്ദേശം എന്നും വാദിക്കാം. ജയ് ശ്രീറാം വിളിക്കുന്ന ഹിന്ദുരാഷ്ട്രവാദ രാഷ്ട്രീയം, സ്വയം നീതീകരിക്കാനാകാത്ത വലിയ തെറ്റു ചെയ്തുവെന്ന് ഉള്ളിനുള്ളിൽ കരുതേണ്ടി വന്നത്, രാമനാമം ജപിക്കുന്ന സനാതനി, ഹിന്ദു ആയിരുന്ന ഗാന്ധിജിയെ കൊന്നപ്പോഴാണ്. ലോകം ആരാധിക്കുന്ന മഹാനായ ഒരു സ്വജനത്തെ — എം കെ ഗാന്ധിയെ — ആസൂത്രിതമായി അരുംകൊല ചെയ്ത രക്തക്കറയിൽ നിന്ന് ജയ്ശ്രീറാം വിളിക്കുന്ന/വിളിപ്പിക്കുന്ന ഹിന്ദുരാഷ്ട്ര വാദത്തിന്റെ കാവിധ്വജത്തിന് മോചനമില്ല. എന്തായാലും രാമനും സഹോദരങ്ങളും അവരുടെ കുലത്തിനോ കുടുംബത്തിനോ അധികാരത്തിനോ വേണ്ടി ആരെയും കൊന്നതോ കൊല്ലിച്ചതോ ആയി രാമായണത്തിൽ കാണുന്നില്ല. മറ്റുള്ളവരുടെ സ്വത്തും സ്വത്വവും ജീവനും രക്ഷിയ്ക്കുവാനും മറ്റുള്ളവരുടെ ഗുണക്ഷേമങ്ങൾക്കും വേണ്ടിയാണ് രാമലക്ഷ്മണന്മാർ ഖരദൂഷണാദി രാക്ഷസരെയും ബാലിയെപ്പോലെ ബലശാലിയായ വനനര രാജനെയും കൊന്നത് എന്നേ പറയാനാവൂ. പരിരക്ഷ ആവശ്യപ്പെട്ട അബലർക്കായി അവർ തങ്ങളുടെ ബലവീര്യങ്ങൾ ഉപയോഗിച്ച് പോരാടി. അവനവനു വേണ്ടിയല്ലാതെ ചെയ്ത കൊലകൾ അവനവനു വേണ്ടി ചെയ്യുന്ന കൊലകളോളം സ്വാർത്ഥപങ്കിലമല്ല. ഏതു മതരാഷ്ട്രവാദികളും അവരുടെ ആധിപത്യം സ്ഥാപിക്കാനാണ് അപരരെ കൊല്ലുന്നത് എന്നതിനാൽ ഏതു മതഭീകരവാദവും സ്വാർത്ഥപങ്കിലമായ രാക്ഷസ വൃത്തിയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.