23 December 2024, Monday
KSFE Galaxy Chits Banner 2

ശ്രീജിത്തിന് ശൗര്യ ചക്ര

റെജി കുര്യന്‍
ന്യൂഡല്‍ഹി
January 25, 2022 11:00 pm

മലയാളികളുടെ അഭിമാനമായ ധീരസൈനികന്‍ നായബ് സുബേദാര്‍ ശ്രീജിത്ത് എമ്മിന് മരണാനന്തര ബഹുമതിയായി ശൗര്യ ചക്ര. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള സേനാ മെഡലുകള്‍ ഇന്നലെ പ്രഖ്യാപിച്ചു.

ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ സുന്ദര്‍ബാനിയില്‍ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് കോഴിക്കോട് കൊയിലാണ്ടി പൂക്കോട് സ്വദേശിയായ ശ്രീജിത്ത് വീരമൃത്യു വരിച്ചത്. 2021 ജൂലൈ എട്ടിന് സുന്ദര്‍ബാനിയിലെ നിയന്ത്രണ രേഖയില്‍ തീവ്രവാദികളെ തുരത്തുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ വീരചരമം നേടിയ എം ജസ്വന്ത് കുമാര്‍ റെഡ്ഡിക്കും മരണാനന്തര ബഹുമതിയായി ശൗര്യ ചക്ര നല്‍കി രാജ്യം ആദരിച്ചു. അനില്‍ കുമാര്‍ തോമര്‍, കാശിറേ ബമ്മനള്ളി, പിങ്കു കുമാര്‍ എന്നീ സൈനികര്‍ക്കും മരണാനന്തര ബഹുമതിയായി ശൗര്യ ചക്ര ലഭിച്ചു. അസം റൈഫിള്‍സിലെ റൈഫിള്‍മാന്‍ രാകേഷ് ശര്‍മ്മയ്ക്കും രാജ്യം ശൗര്യ ചക്ര സമ്മാനിച്ചു.

പരമ വിശിഷ്ട സേവാ മെഡലിന് 19 പേര്‍ അര്‍ഹരായി. ഉത്തം യുദ്ധ് സേവാ മെഡലിന് അര്‍ഹരായ നാലുപേരില്‍ ലഫ്റ്റനന്റ് ജനറല്‍ ജോണ്‍സണ്‍ പി മാത്യുവും ഉള്‍പ്പെടുന്നു. അതിവിശിഷ്ട സേവാമെഡലിന് അര്‍ഹരായ 33 പേരില്‍ ലഫ്. ജനറല്‍ എം ഉണ്ണികൃഷ്ണന്‍ നായര്‍, മേജര്‍ ജനറല്‍മാരായ യു സുരേഷ് കുമാര്‍, ഹരിഹരന്‍ ധര്‍മ്മരാജന്‍, വി എം ഭുവന കൃഷ്ണന്‍, ആര്‍ രവി കുമാര്‍ എന്നിവരുമുണ്ട്.യുദ്ധ് സേവാ മെഡല്‍ ഇക്കുറി പത്തു പേര്‍ക്കാണ് ലഭിച്ചത്. മേജര്‍ ജനറല്‍ വിനോദ് ടോം മാത്യു, ബ്രിഗേഡിയര്‍ കോലങ്കര മോഹന്‍ നായര്‍ എന്നിവരും മെഡല്‍ ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. ധീരതയ്ക്കുള്ള ബാര്‍ ടു സേനാമെഡലിന് മൂന്നു പേര്‍ അര്‍ഹരായി. ധീരതയ്ക്കുള്ള സേനാ മെഡലിന് അര്‍ഹരായ 81 പേരില്‍ മേജര്‍ ജസ്റ്റിന്‍ ജോസഫ്, ക്യാപ്റ്റന്‍ രോഹിത് പി നായര്‍ എന്നിവരുടെ പേരുമുണ്ട്. സ്തുത്യര്‍ഹ സേവനത്തിനുള്ള സേനാ മെഡല്‍ 40 പേര്‍ക്കാണ് ലഭിച്ചത്. മേജര്‍ ജനറല്‍ വിജയ് ഭാസ്‌കരന്‍ നായര്‍, ബ്രിഗേഡിയര്‍മാരായ കൃഷ്ണന്‍ മഹേഷ്, വിജയ് മഹാദേവന്‍ എന്നിവരുടെ പേരും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

ബാര്‍ ടു വിശിഷ്ട സേവാ മെഡലിന് മൂന്നുപേര്‍ ഇക്കുറി അര്‍ഹരായി. വിശിഷ്ട സേവാ മെഡലിന് 74 പേരാണ് അര്‍ഹരായത്. ബ്രിഗേഡിയര്‍മാരായ എം ആര്‍ കെ രാജേഷ് പണിക്കര്‍, കെ എസ് ജോര്‍ജ്, ബി കെ വര്‍ഗീസ്, കേണല്‍മാരായ സലീല്‍ കുമാര്‍, രാമചന്ദ്രന്‍ ശ്രീകാന്ത്, സുരേഷ് പന്തലങ്ങാട്ട് എന്നിവരുടെ പേരും അംഗീകാരം ലഭിച്ചവരുടെ പട്ടികയിലുണ്ട്. മെന്‍ഷന്‍ ഇന്‍ ഡെസ്പാച്ചസില്‍ ഓപ്പറേഷന്‍ രക്ഷകില്‍ പങ്കെടുത്ത ക്യാപ്റ്റന്‍ അരിഹര സുദന്‍ ഉള്‍പ്പെടെ 18 പേരും ഓപ്പറേഷന്‍ ലെപ്പേര്‍ഡില്‍ പങ്കെടുത്ത 14 പേരില്‍ ഉള്‍പ്പെടുന്ന കേണല്‍ വിനോദ് കുമാര്‍ അധികാരി, ഹവില്‍ദാര്‍ സുധീഷ് കുമാര്‍, ഓപ്പറേഷന്‍ ഓര്‍ക്കിഡില്‍ പങ്കെടുത്ത ഹവില്‍ദാര്‍ ഷിജു വര്‍ഗീസ് ഉള്‍പ്പെടെ 44 പേര്‍ക്കാണ് ഈ വിഭാഗത്തില്‍ അംഗീകാരം ലഭിച്ചത്.
eng­lish summary;Shaurya Chakra for Sreejith
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.