17 June 2024, Monday

ഇരുട്ടില്ലാതെ നക്ഷത്രങ്ങൾക്ക് പ്രകാശിക്കാനാവില്ലെന്ന് തെളിയിച്ചവള്‍

അരുണിമ എസ്
February 15, 2023 8:30 am

‘ഇരുട്ടില്ലാതെ നക്ഷത്രങ്ങൾക്ക് പ്രകാശിക്കാനാവില്ല’ എന്ന് പേരിടുമ്പോള്‍ സംവിധായകന്‍ പ്രിയനന്ദന്‍ റാസിയെ ഒരു പുഞ്ചിരിയോടെ നോക്കിയിരുന്നിരിക്കാം. ഇതിലും മികച്ച വരികള്‍ അവളെ സൂചിപ്പിക്കാന്‍ കണ്ടെത്താനാകുമോ എന്ന സംശയത്താല്‍. നിറങ്ങളെ ഇഷ്ടപ്പെടുന്നവള്‍ അപ്രതീക്ഷിതമായി ഇരുട്ടിലേക്ക് നടന്നു കയറിയ അവസ്ഥയായിരുന്നു അധ്യാപികയായിരുന്ന റാസി സലിമിന്റേത്. ഉള്ളിലും പുറത്തും ഇരുട്ട് മാത്രം. പക്ഷേ ഇരുട്ടിലങ്ങനെ നില്‍ക്കാന്‍ റാസിക്ക് മനസില്ലായിരുന്നു. അവള്‍ പുറത്തു കടന്നു. പ്രകൃതിയിലേക്ക് , നിറങ്ങളെ പ്രണയിക്കാന്‍ ശ്രമിച്ചു. ഇരുട്ടില്‍ നിന്ന് വെളിച്ചം തേടി നടക്കുമ്പോള്‍ പ്രതീക്ഷിക്കാത്ത ഒരുപാട് കരങ്ങള്‍ അവള്‍ക്ക് നേരെ നീണ്ടു. വീണുപോയവര്‍ക്ക് മുന്നില്‍ സഹനം നിറഞ്ഞതെങ്കിലും പ്രതീക്ഷ നിറഞ്ഞ വഴി തുറക്കപ്പെടുമെന്നവള്‍ മനസിലാക്കി. ഒറ്റയ്ക്കായി പോകില്ലെന്ന തിരിച്ചറിവ് കൂടിയായിരുന്നു റാസിക്ക് ഈ കാലം. ആ കാലമാണ് സ്റ്റാര്‍സ് കെനോട്ട് ഷൈന്‍ വിത്തൗട്ട് ഡാര്‍ക്കനസ് എന്ന പേരില്‍ ഡോക്യുമെന്ററി ആയത്. 

സംവിധായകന്‍ പ്രിയനന്ദനാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. കാന്‍സറിനെ തോല്പിച്ച കവടിയാര്‍ സ്വദേശിനി റാസിക്ക് കൊറോണ അവസരങ്ങളുടേതായിരുന്നു. കോവിഡിന്റെ വകഭേദങ്ങളെ പിടിച്ച് മനോഹരമാക്കി കുപ്പിയിലാക്കാനായിരുന്നു അവളുടെ ശ്രമം. ഏപ്രിലില്‍ നടന്ന സരസ് മേളയിലെ സ്റ്റാളുകളിലൊന്നില്‍ തന്റെ കുപ്പികളുമായി റാസിയെത്തിയതോടെയാണ് പലരുടെയും ശ്രദ്ധ ഇവരിലേക്കെത്തിയത്. അക്രയിലിക് പെയിന്റിങ് മുതല്‍ കളിമണ്ണ് കൊണ്ടുള്ള ആര്‍ട്ട് വര്‍ക്കുകള്‍ വരെ റാസിയുടെ ബോട്ടില്‍ വര്‍ക്കുകളെ വ്യത്യസ്തമാക്കുന്നു. മാതാപിതാക്കള്‍ മരിച്ചതുകൊണ്ടുതന്നെ 18 വയസില്‍ റാസി വിവാഹിതയായി. അബുദാബിയില്‍ അക്കൗണ്ടന്റായ സലിമാണ് ഭര്‍ത്താവ്.
22 വര്‍ഷം അബുദാബിയിലായിരുന്നു ഇരുവരും. പ്രതീക്ഷിക്കാതെ കോവിഡ് പിടിമുറുക്കിയ സമയത്താണ് റാസിയുടെ ശരീരത്തില്‍ കാന്‍സറും പിടിപെടുന്നത്. കാന്‍സറിനു മുന്നില്‍ ആദ്യമൊക്കെയൊന്ന് റാസി പ­കച്ചെങ്കിലും വീട്ടുകാ­രും സുഹൃത്തുക്കളും ക­രുതലിന്റെ മ­തി­ല്‍ തീര്‍ത്തതോടെ ആ­ത്മവിശ്വാസത്തോ­ടെ മുന്നോട്ട് പോ­കാന്‍ തുടങ്ങി.

കാന്‍സര്‍ റാസിയെയും കോവിഡ് ലോകത്തേയും പിടിമുറുക്കിയ സമയത്താണ് തിരുവനന്തപുരത്തേക്ക് ഇരുവരും വണ്ടി കയറുന്നത്. കാന്‍സര്‍ ചികിത്സ തുടരുന്നതിനിടെ മാനസികമായും ശാരീരികമായും 46കാരിയായ റാസി തളര്‍ന്നു. പക്ഷേ അങ്ങനെ വിട്ടുകൊടുക്കാന്‍ കഴിയില്ലല്ലോ. അങ്ങനെയാണ് ബോ­ട്ടില്‍ ആര്‍ട്ടിലേക്ക് എത്തുന്നത്.
സ്കൂളില്‍ ബയോളജി മാത്രം പഠിപ്പിച്ചു ശീലമുള്ള റാസി പേനയ്ക്ക് പകരം ബ്രഷും പുസ്തകത്തിന് പ­കരം ബോട്ടിലും കയ്യിലെടുത്തു. അങ്ങനെ ദുരിതകാലത്തെ അതിജീവിക്കാനുള്ള മാര്‍ഗമാക്കി ബോട്ടില്‍ ആര്‍ട്ടിനെ മാറ്റി. സര്‍ജറിയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ മറക്കാനും ഇതു സഹായിച്ചു. 

സൗഹൃദത്തിന് ഏ­റെ പ്രാധാന്യം കൊടുക്കുന്ന റാസിയുടെ ഊര്‍ജം കൂട്ടുകാര്‍ ത­ന്നെയാണ്. കോളോ റെറ്റല്‍ കാന്‍സറാണ് റാസിയെ പിടികൂടിയത്. രണ്ടു വര്‍ഷത്തോളം ഇതിന്റെ പിന്നാലെയായിരുന്നു. അതിനെ കുറിച്ച് ചോദിച്ചാല്‍ മുഖത്തൊരു പുഞ്ചിരിയോടെ റാസി പറയും “രോഗിക്ക് കൂടെ നി­ല്‍ക്കുന്നവരും ആ അവസ്ഥയില്‍ ആകുമെന്ന പ്രത്യേകതയുള്ള അ­വസ്ഥയാണിത്. ജീവിതത്തില്‍ പ്രതീക്ഷിക്കാതെ സംഭവിക്കുന്നത് ആണല്ലോ. അപ്പോ ഓരോ നിമിഷവും നമ്മള്‍ സ­ന്തോഷമായി ഇരിക്കുക എന്നതാണ് വ­ലിയ കാര്യം. ഒന്നിലൂടെ കടന്നു പോയവര്‍ക്കല്ലേ ആ അവസ്ഥ മനസിലാകൂ”.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.