26 December 2024, Thursday
KSFE Galaxy Chits Banner 2

അഭയമില്ലാത്തവരുടെ അഭയം

അനിൽകുമാർ ഒഞ്ചിയം
July 21, 2024 7:05 am

ചില ജീവിതങ്ങൾ അങ്ങനെയാണ്. സ്നേഹംകൊണ്ട് അവർ ആരേയും തോൽപ്പിച്ചുകളയും. സഹജീവികളുടെ ദുഃഖം സ്വദുഃഖമായി ഏറ്റുവാങ്ങും. ജീവിതമെന്നത് അവർക്ക് സ്നേഹയാത്രയാണ്. ദുരയുടേയും കാലുഷ്യത്തിന്റേയും ചിന്തകൾ അവർക്ക് അന്യമായിരിക്കും. വർത്തമാനകാല വ്യഥകളിലും പക്ഷെ അവർക്ക് നൻമവെടിഞ്ഞൊരു ജീവിതമില്ല. മനുഷ്യ സ്നേഹമാണ് യഥാർത്ഥ കമ്മ്യൂണിസമെന്ന് വിശ്വസിക്കുന്ന അഭയം കൃഷ്ണൻ എന്ന പള്ളം കൃഷ്ണേട്ടന്റെ ജീവിതവും ഇത്തരത്തിൽ ഒരു പാഠപുസ്തകമാണ്. പട്ടാമ്പിക്കടുത്ത് കൊപ്പം പുലാശ്ശേരിയിൽ പ്രവർത്തിക്കുന്ന അഭയം ജീവകാരുണ്യ അനാഥമന്ദിരത്തിന്റെ ജീവശ്വാസമാണ് കൃഷ്ണൻ. അനാഥരും അഗതികളും ഉറ്റവർ നഷ്ടപ്പെട്ടവരുമായവരോടൊപ്പം തന്റെ കുടുംബസമേതം താമസിക്കുന്ന കൃഷ്ണന്റെ ജീവിതം അവർക്കുവേണ്ടി ഉഴിഞ്ഞുവെച്ചിരിക്കുകയാണ്. സാമൂഹ്യ പ്രതിബദ്ധത വാക്കുകളിലല്ല, മറിച്ച് കർമ്മപഥത്തിലാണ് വേണ്ടെതെന്ന് കൃഷ്ണൻ സമൂഹത്തിന് കാട്ടിക്കൊടുക്കുകയാണ്. പട്ടാമ്പിയിൽ നിന്നും പെരിന്തൽമണ്ണയിലേക്കുള്ള പാതയിൽ കൊപ്പം നാൽക്കവലയിൽനിന്നും അല്പം ചെന്നാൽ അഭയത്തിലെത്താം.

 

ജീവിതവഴി
*************
കനറാബാങ്കിലെ ഉദ്യോഗത്തിൽ നിന്നും വിരമിക്കാൻ 19 വർഷം ശേഷിക്കെ 2001 ൽ സ്വയം വിരമിച്ചാണ് കൃഷ്ണൻ പൊതുരംഗത്ത് സജീവമാകുന്നത്. പൊതുപ്രവർത്തനവും ബാങ്കിലെ ഉദ്യോഗവും ഒന്നിച്ചുകൊണ്ടുപോകാൻ കഴിയില്ലെന്ന് ബാങ്ക് മാനേജ്മെന്റ് നിലപാടെടുത്തതോടെയാണ് ജനങ്ങൾക്കൊപ്പമാണ് താനെന്ന് വ്യക്തമാക്കി കൃഷ്ണൻ പൊതുജന സേവനത്തിനിറങ്ങിയത്. പണ്ടുകാലത്ത് നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ വിപ്ലവകാഹളം മുഴക്കിയ പള്ളം മനയിൽ നിന്നാണ് കൃഷ്ണൻ പൊതുപ്രവർത്തനരംഗത്തെത്തിയത്. സമൂഹത്തിലെ ഉച്ഛനീചത്വങ്ങൾക്കെതിരെ പടപൊരുതുകയും പാവപ്പെട്ടവർക്ക് ആശ്രയം പകർന്നുനൽകുകയും ചെയ്ത പള്ളത്ത് കൃഷ്ണൻ നമ്പൂതിരിയുടേയും ദുരാചാരങ്ങൾക്കെതിരെ പടനയിച്ച ധീരവനിതയായ ആര്യപള്ളത്തിന്റേയും പേരമകനാണ് കൃഷ്ണൻ. തലമറയ്ക്കുന്ന ശീലയും മറക്കുടയും ഉപേക്ഷിച്ച് തലയുയർത്തിപ്പിടിച്ച് സമൂഹത്തിലേക്കിറങ്ങാൻ അന്തർജ്ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് വി ടി ഭട്ടതിരിപ്പാടിനൊപ്പം അണിചേർന്ന നവോത്ഥാന നായികമായിരിൽ ഒരാളാണ് ആര്യാ പള്ളം. പാലിയം സത്യഗ്രഹത്തിലും അവർ സജീവസാന്നിധ്യമായിരുന്നു. അന്തഃപ്പുരങ്ങൾക്കുള്ളിലെ ഗാർഹികപീഡനങ്ങൾക്കെതിരെ അക്കാലത്ത് അവരുടെ ശബ്ദം ശക്തമായിരുന്നു. പൊതുപ്രവർത്തനത്തിനിറങ്ങിയ കൃഷ്ണൻ 1987ൽ രൂപീകരിച്ച സോഷ്യൽ അസോസിയേഷൻ ഫോർ ഡവലപ്മെന്റ് എന്ന സമിതിയാണ് പിന്നീട് അഭയമായി മാറിയത്. 1988 ലാണ് പുലാശേരിക്കടുത്ത് പടിഞ്ഞാറ്റുമുറിയിലെ വാടക കെട്ടിടത്തിൽ 10 കുട്ടികളുമായി അഭയം എന്ന പുനരധിവാസകേന്ദ്രത്തിന് തുടക്കംകുറിക്കുന്നത്. പ്രവർത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി നാലംഗ ട്രസ്റ്റിന് രൂപം നൽകി. രണ്ട് ഏക്കർ സ്ഥലം പുലാശേരിയിൽ സ്വന്തമായി വാങ്ങി കെട്ടിടം പണിതു. ആ കെട്ടിടം 1989 ൽ അന്നത്തെ ഗ്രാമവികസന മന്ത്രി ടി ശിവദാസമേനോൻ തുറുന്നുകൊടുത്തു. 1989 ൽ ‘അഭയം’ ചാരിറ്റബിൾ സൊസൈറ്റിയായി രജിസ്റ്റർ ചെയ്തു. 1990ൽ അഭയത്തിന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കാനെത്തിയ മലപ്പുറം സ്വദേശി പി പി മോഹൻദാസ് ഒന്നര ഏക്കർ സ്ഥലം അഭയത്തിന് കൈമാറി. അഭയത്തിൽ താമസിച്ച് സന്നദ്ധ പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. അതുവരെ കുട്ടികളെ മാത്രം ഏറ്റെടുത്തിരുന്ന അഭയം അതോടെ വൃദ്ധജനങ്ങൾക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും ആശ്രയമായി.

 

നിലപാടുകളുടെ തെളിച്ചം
*************************
ജാതിയുടെ അതിർവരമ്പുകൾ തകർത്ത് മനുഷ്യരെ പരസ്പരം സ്നേഹിക്കാൻ പഠിപ്പിക്കുന്ന കൃഷ്ണന്റെ ജീവിതംതന്നെ അത്തരത്തിലുള്ള സന്ദേശമാണ്. കരുനാഗപ്പള്ളിയിൽ നഴ്സായി ജോലിചെയ്തിരുന്ന അന്യജാതിയിൽപ്പെട്ട കോട്ടപ്പുറത്ത് സ്വദേശിനിയായ കുമാരിയെ വിവാഹം ചെയ്ത് ജാതിയുടെ മതിൽക്കെട്ടുകൾ ഭേദിക്കാനും അദ്ദേഹം ചങ്കൂറ്റം കാട്ടി. രണ്ടുമക്കളാണ് കൃഷ്ണൻ‑കുമാരി ദമ്പതികൾക്കുള്ളത്. മുത്ത മകൾ അമ്മു സൈക്കോളജിയും മകൻ അപ്പു സോഷ്യൽവർക്കും പഠിച്ചു. അമ്മു വിവാഹം കഴിഞ്ഞ് ബംഗളുരുവിലും അപ്പു കുടുംബശ്രീ കൗൺസിലറായി പാലക്കാട്ടും ജോലി ചെയ്യുന്നു. അഭയമില്ലാത്തവർക്ക് അഭയമാകുക എന്നത് വലിയ രാഷ്ട്രീയ പ്രവർത്തനമാണ്. ഏറെ സാമ്പത്തിക ചെലവുള്ളതും. പ്രയാസങ്ങൾ നേരിട്ടാലും സാമൂഹ്യവിരുദ്ധരുടേയും പരിസ്ഥിതി വിനാശകരുടേയും സാമ്പത്തിക സഹായം സ്വീകരിക്കണ്ടെന്ന് ആദ്യമേ തീരുമാനമെടുത്തു. വിദേശ ഫണ്ട് സ്വീകരിക്കരുതെന്നും തീരുമാനമായിരുന്നു. അഭയത്തെ സഹായിക്കാൻ സന്നദ്ധരായി നിരവധി പേർ മുന്നോട്ട് വന്നു. ബാങ്കിൽനിന്നും വിരമിക്കുമ്പോൾ കിട്ടിയ തുക അദ്ദേഹം അഭയത്തിനു നൽകി. കൊപ്പം ഹയർ സെക്കന്ററി സ്കൂളിലെ റിസോഴ്സ് ടീച്ചർ തസ്തികയിൽ നിന്നും ലഭിക്കുന്ന വേതനവും അഭയത്തിനായി നീക്കിവെച്ചു. കൃഷ്ണന്റെ പിതൃ സഹോദരിമാരും സാമൂഹ്യപ്രവർത്തകരുമായ ദേവകി അന്തർജനവും മുരളി ടീച്ചറും അവർക്ക് കിട്ടിയ മൂന്നര ഏക്കർ കുടുംബ സ്വത്ത് അഭയത്തിന് ദാനം നൽകി. ഈ മാതൃക സന്മനസുള്ള ഒട്ടേറെപേർ പിന്തുടർന്നു. ഇതോടെ അഭയത്തിന് കൃഷിഭൂമിയടക്കമുള്ള സ്ഥലം കൈവന്നു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന കെ ബഷീർ കുടുംബ സ്വത്ത് ഭാഗം വെച്ച് കിട്ടിയ മണ്ണാർക്കാട്ടെ ഭൂമി അഭയത്തിന് നൽകി. പിന്നാലെ അദ്ദേഹത്തിന്റെ സഹോദരൻമാരും മക്കളും അവരുടെ വിഹിതമായും ഭൂമി നൽകി. എസ് അജയകുമാർ അദ്ദേഹത്തിന്റെ എംപി ഫണ്ടിൽ നിന്ന് അനുവദിച്ച തുകയും ജില്ലാ — ബ്ലോക്ക് പഞ്ചായത്തുകൾ ചില പദ്ധതികൾക്കായി അനുവദിച്ച സാമ്പത്തിക സഹായവും അഭയത്തിന്റെ പ്രവർത്തനങ്ങൾക്ക് താങ്ങായി. വളരെ ചെറിയരീതിയിൽ പ്രവർത്തനം ആരംഭിച്ച അഭയം ഇന്ന് കേരളത്തിലെ ഏറ്റവും നല്ല അനാഥ അഗതി പുനരധിവാസ കേന്ദ്രമായി വളർന്നു. കൃഷ്ണനും കുടുംബാംഗങ്ങൾക്കുമൊപ്പം ഇന്ന് അഭയത്തിൽ 52 അന്തേവാസികളാണുള്ളത്. 30 സ്ത്രീകളും 22 പുരുഷൻമാരും. മാനസിക രോഗം അലട്ടുന്നവർ, ബന്ധുക്കളാൽ ഉപേക്ഷിക്കപ്പെട്ടവർ, നിരാലംബർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ തുടങ്ങിയവരെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇവർക്കു പുറമെ 15 അഭയം പ്രവർത്തകരുമുണ്ട്.

 

കൃഷിയറിവ്
***********
1989ൽ സ്വന്തമായി കെട്ടിടം ലഭിച്ച അഭയം പിന്നീട് നിരവധി കെട്ടിടങ്ങളുടെ കേന്ദ്രമായും വളർന്നു. സ്ത്രീകളുടേയും കുട്ടികളുടേയും അഭയ കേന്ദ്രം, മാനസിക വെല്ലുവിളികൾ നേരിടുവരുടെ പുനരധിവാസ കേന്ദ്രം, വൃദ്ധ സദനം, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് വികസന പദ്ധതി പ്രകാരമുള്ള പ്രത്യേക വിദ്യാലയം, കൃഷിവകുപ്പിന്റെ സമ്മിശ്ര നഴ്സറി, മാതൃകാ കൃഷിത്തോട്ടങ്ങൾ, ഹോർട്ടി കൾച്ചർ തെറാപ്പി എന്നിവയെല്ലാം ഇവിടെ പ്രവർത്തിക്കുന്നു. ഒപ്പം 32 ഏക്കർ ഭൂമിയിൽ നെല്ല്, വാഴ, കപ്പ, പച്ചക്കറി എന്നിവയുടെ ജൈവ കൃഷിയുമുണ്ട്. ജൈവകൃഷിക്ക് അഭയത്തിന്റെ മണ്ണ് ഒരുങ്ങിയപ്പോൾ ഏക്കറുകണക്കിന് പാടങ്ങളിൽ നെല്ല് വിളഞ്ഞു. 106 നാടൻ നെല്ലിനങ്ങളാണ് അഭയത്തിന്റെ പാടങ്ങളിൽ സംരക്ഷിക്കപ്പെടുന്നത്. പച്ചക്കറിയും ധാരാളമായി കൃഷിചെയ്യുന്നു. അഭയത്തിലെ ആവശ്യത്തിനുള്ളവ കഴിഞ്ഞ് ബാക്കി വരുന്നവ നാട്ടുകാരായ ആവശ്യക്കാർക്ക് നൽകുന്നു. കൃഷിയുടെ തുടക്കത്തിൽ പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതിക പിന്തുണയും ലഭിച്ചു. തൊണ്ണൂറുകളിൽ പ്രശസ്ത പ്രകൃതി ചികിത്സകനായ സി ആർ ആർ വർമ്മയുടെ ക്ലാസിൽ പങ്കെടുത്തതോടെയാണ് തെറ്റായ ഭക്ഷണ ക്രമമാണ് നാം പിന്തുടരുന്നതെന്ന് ബോധ്യപ്പെട്ടതെന്നും അതിന് ശേഷം പാൽ, പഞ്ചസാര, മൈദ, ചായ എന്നിവ അഭയം പൂർണമായും ഒഴിവാക്കിയെന്നും കൃഷ്ണൻ വെളിപ്പെടുത്തുന്നു. ശുദ്ധമായ ഭക്ഷണം സ്വയം ഉത്പ്പാദിപ്പിക്കുക എന്ന തിരിച്ചറിവാണ് കൃഷിയിലേക്ക് സജീവമായി ഇറങ്ങുന്നതിന് അഭയത്തിന് പ്രേരണയായത്.
മധ്യപ്രദേശിലെ ദബോൾക്കറുടെ കൃഷി രീതി കണ്ടറിഞ്ഞതിലൂടെയാണ് ജൈവകൃഷി പാഠങ്ങൾ സ്വായത്തമാക്കിയത്. ഫുക്കുവോക്കയുടെ കൃഷിരീതികളും സ്വാധീനിച്ചതായി കേരള ജൈവകർഷക സമിതിയുടെ സംസ്ഥാന പ്രസിഡന്റുകൂടിയായ കൃഷ്ണൻ വിശദീകരിക്കുന്നു. അരിയും പച്ചക്കറികളും ജൈവ രീതിയിൽ ഉദ്പ്പാദിപ്പിച്ച് ഒരു പരിധി വരെ ഭക്ഷ്യ സ്വാശ്രയത്വം നേടാൻ അഭയത്തിന് കഴിഞ്ഞിട്ടുണ്ട്. കാർഷിക മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് ഒട്ടേറെ പുരസ്കാരങ്ങളാണ് കൃഷ്ണന് ലഭിച്ചത്.

 

സ്നേഹ സംഗമവേദി
*******************
സോപ്പ്, പൽപ്പൊടി, അവിൽ എന്നിവയുടെ ഉല്പന്ന നിർമ്മാണ വിപണന കേന്ദ്രം, ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള പള്ളം സ്മാരക വായനശാല, നെഹ്റു യുവകേന്ദ്ര യുവജന വികസന കേന്ദ്രം, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് വികസന വിദ്യാ കേന്ദ്രം, ആരോഗ്യ കേന്ദ്രം, പ്രകൃതി ചികിത്സാ കേന്ദ്രം, തുന്നൽ പരിശീലന കേന്ദ്രം എന്നിവയ്ക്കു പുറമെ ഷൊർണൂർ പോളിടെക്നിക്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാങ്കേതിക വിദ്യാ പരിശീലനം, പാലക്കാട് ജനശിക്ഷൺ സംസ്ഥാൻ നടത്തുന്ന ഗ്രാമീണ തൊഴിൽ പരിശീലനം, വിവിധ സഹവാസ ക്യാമ്പുകൾ എന്നിവയ്ക്കെല്ലാം വേദിയാണ് അഭയം. ഗ്രാമവികസനം, പരിസ്ഥിതി സംരക്ഷണം, പഞ്ചായത്ത് രാജ്, ആരോഗ്യം, വിദ്യാഭ്യാസം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, ഉപഭോക്തൃ സംരക്ഷണം, ഫിലിം സൊസൈറ്റി, യൂത്ത് ക്ലബ്ബ്, ജാതി മത രഹിത സമൂഹം എന്നീ പ്രവർത്തനങ്ങൾക്കും അഭയം ചാരിറ്റബിൾ ട്രസ്റ്റ് നേതൃത്വം നൽകുന്നു. മുളയങ്കാവ് മാധവ വാദ്യ വിദ്യാലയം, കനറാബാങ്ക് എടപ്പാലം ഗ്രാമവിഭവ വികസന കേന്ദ്രം, മലമ്പുഴ കവയിലെ ആദിവാസി വികസന കേന്ദ്രം, അരിയല്ലൂരിലെ വൃദ്ധസദനം തുടങ്ങി സമാന ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളുമായും സംഘടനകളുമായും ചേർന്നാണ് അഭയം പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നത്.

 

കമ്യൂൺ ജീവിതം
****************
ചിത്രകലാ ക്യാമ്പുകൾ, നാടക പണിപ്പുരകൾ, പാട്ടരങ്ങുകൾ അങ്ങിനെ പലതരം കലാ-സാംസ്കാരിക പരിപാടികൾക്കും അഭയം വേദിയാകുന്നു. ഇത്തരം കലാപരിപാടികൾ അശരണരായവർക്ക് നൽകുന്ന ശുശ്രൂഷ തന്നെയാണെന്നാണ് കൃഷ്ണന്റെ പക്ഷം. അഭയത്തിന്റെ പ്രവർത്തനങ്ങളിലെ മറ്റൊരു സവിശേഷത അവർ നടത്തുന്ന യാത്രകളാണ്. വാർധയിലെ ഗാന്ധി ആശ്രമം, ടാഗോറിന്റെ ശാന്തിനികേതൻ, ഗംഗാ-ഹരിദ്വാർ, ഡൽഹി, ഹിമാലയം തുടങ്ങി ആ പട്ടിക നീളുന്നു. ഓരോ യാത്രയിലും പുതിയ സഞ്ചാരികൾ കൂടെ ചേരുകയും അവർ പലരും അഭയത്തിന്റെ കുടുംബാംഗങ്ങളാകുകയും ചെയ്തിട്ടുണ്ട്. അഭയത്തിലെ ജീവിതം യഥാർത്ഥത്തിൽ ചൈനയിലും മറ്റും ഉണ്ടായിരുന്ന കമ്യൂൺ ജീവിതം തന്നെയാണെന്ന് കൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു. യഥാർത്ഥ കമ്യൂണിസ്റ്റാശയ സമൂഹ ജീവിതം. മാർക്സ്, ഗാന്ധിജി, യതി തുടങ്ങിയവരുടെ ജീവിതവും അവരുടെ ചിന്തകളുമെല്ലാം അഭയത്തിന്റെ ആശയ വിചാര പ്രവർത്തനങ്ങളിൽ ഉൾച്ചേർന്നിട്ടുണ്ട്. മനുഷ്യർ സൃഷ്ടിക്കുന്ന ജാതി-മത മതിലുകളില്ലാതെ, പ്രകൃതിയുടെ ജൈവ താളത്തോടൊപ്പമാണ് ഇവിടെ കഴിയാൻ ശ്രമിക്കുന്നതെന്ന് കമ്മ്യൂണിസ്റ്റുകാരനും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനുമായ കൃഷ്ണൻ സാക്ഷ്യപ്പെടുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.