
കൊച്ചിയില്‍ കപ്പല്‍ മുങ്ങിയ സംഭവം ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി. മാലിന്യങ്ങള്‍ ലക്ഷദ്വീപ് അടക്കം രാജ്യത്തെ തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഹരിത ട്രിബ്യൂണല്‍ പ്രിന്‍സിപ്പല്‍ ബെഞ്ച് അധ്യക്ഷന്‍ പ്രകാശ് ശ്രീവാസ്തവ. ഇന്ത്യന്‍ നാഷണല്‍ സെന്റെര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.
കപ്പലില്‍ നിന്ന് കടലില്‍ വീണ കണ്ടെയ്‌നറുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ലക്ഷദ്വീപിലെ പവിഴപുറ്റടങ്ങിയ പ്രദേശങ്ങളിലേക്കും രാജ്യത്തെ വിവിധ തീരപ്രദേശങ്ങളിലേക്കുമെത്തിയിട്ടുണ്ട്. കണ്ടെയ്‌നറുകളിലെ മാലിന്യങ്ങള്‍ എന്തെല്ലാമെന്ന് പൂര്‍ണവിവരം ലഭ്യമല്ലാത്ത സാഹചര്യമുണ്ട്. 13 കണ്ടെയ്‌നറുകളില്‍ അപകടകരമായ വസ്തുക്കളുണ്ടെന്ന് കപ്പല്‍ കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ ഇത് എന്താണെന്ന് കമ്പനി വിശദീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ച വിശദമായ വിവരങ്ങള്‍ കപ്പല്‍ കമ്പനി നല്‍കണമെന്ന് ഹരിത ട്രിബ്യൂണല്‍ ആവശ്യപ്പെട്ടു.
വിഷയത്തില്‍ ട്രിബ്യൂണല്‍ സ്വമേധയ ഇടപെടല്‍ നടത്തുകയായിരുന്നു. മലിനീകരണ ആശങ്കയില്‍ കേന്ദ്ര വനംപരിസ്ഥി മന്ത്രാലയവും തുറമുഖ മന്ത്രാലയവും മറുപടി നല്‍കണമെന്നും ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. സംഭവത്തില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കേരളത്തിലെയും ലക്ഷദ്വീപിലെയും മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍, കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍, ഇന്‍കോയ്സ് എന്നിവര്‍ക്ക് നോട്ടീസ് അയച്ചു. ഈ മാസം 24ന് മുമ്പ് മറുപടി നല്‍കണം. കേസ് ഈ മാസം 30നു വീണ്ടും പരിഗണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.