
കാലവർഷക്കെടുതികൾക്ക് പിന്നാലെ പുറംകടലിൽ മുങ്ങിയ ചരക്ക് കപ്പലുണ്ടാക്കിയ ആശങ്കയും മത്സ്യമേഖലയുടെ താളം തെറ്റിക്കുന്നു. കടലിൽ മുങ്ങിയ ചരക്കുകപ്പലുകളിലെ രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്‌നറുകൾ മത്സ്യങ്ങളെ ദോഷകരമായി ബാധിക്കുമെന്ന തെറ്റായ പ്രചരണം വലിയ തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്.
മാരകമായ രാസവസ്തുക്കൾ കടലിൽ കലർന്നുവെന്നും മത്സ്യങ്ങൾ ഭക്ഷ്യയോഗ്യമല്ലെന്നുമുള്ള പ്രചരണങ്ങൾക്ക് ശക്തികൂടുകയാണ്. കാലവർഷം ശക്തിപ്രാപിച്ചതോടെ കടലിൽ പോയുള്ള മത്സ്യബന്ധനത്തിന് പലജില്ലകളിലും നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതോടെ മത്സ്യമേഖല ദുരിതത്തിലായിരുന്നു. എന്നാൽ കാലവർഷം ദുർബലമാകുന്ന മുറയ്ക്ക് കടലിൽ പോയി വറുതി മാറ്റാമെന്ന ചിന്തയിലായിരുന്നു മത്സ്യത്തൊഴിലാളികൾ. ഇതിനിടയിലാണ് കണ്ടെയ്‌നറുകളുമായി ചരക്കുകപ്പൽ കേരള തീരത്തോട് ചേർന്നുള്ള ഉൾക്കടലിൽ മുങ്ങിത്താണത്.
കപ്പൽ മുങ്ങി കണ്ടെയ്‌നറുകൾ കടലിൽ ഒഴുകിയതോടെ വലിയ ആശങ്കയായിരുന്നു അധികൃതർ ഉയർത്തിയത്. ചില കണ്ടെയ്‌നറുകളിൽ അപകടകരമായ വസ്തുക്കളാണെന്നും ഇവ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നുമൊക്കെയായിരുന്നു പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ തീരവാസികളോട് ജാഗ്രത പാലിക്കാനും നിർദേശം നൽകിയിരുന്നു. അധികൃതരിൽ നിന്നും മത്സ്യമേഖലയുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്തുന്നവരിൽ നിന്നും വ്യക്തമായ ഉത്തരം ലഭിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് തൊഴിലാളികൾ പറയുന്നു. ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്റെ മത്സ്യകയറ്റുമതിയെ നിലവിലെ സാഹചര്യം ബാധിച്ച് തുടങ്ങിയിട്ടുണ്ട്.
ബന്ധപ്പെട്ടവർ എത്രയും വേഗം ശാസ്ത്രീയ പഠനങ്ങൾ അടക്കം നടത്തി ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് മത്സ്യമേഖലയിൽ പ്രവർത്തിക്കുന്നവർ ആവശ്യപ്പെടുന്നു. തീരമേഖല ഇപ്പോൾ നേരിടുന്ന ആശയക്കുഴപ്പം ദൂരവ്യാപകമായ പ്രത്യാഘാതമാണ് മത്സ്യമേഖലയെ കാത്തിരിക്കുന്നത്. കണ്ടെയ്‌നറുകൾ കേരളതീരത്ത് മുങ്ങിയെന്നും രാസവസ്തുകൾ കടൽ വെള്ളത്തിൽ കലർന്നു എന്നുമുള്ള വാർത്തകൾ ദേശീയമാധ്യമങ്ങളിൽ അടക്കം പ്രാധാന്യത്തോടെ നൽകിയിരുന്നു. ശാസ്ത്രീയമായ വിശദാംശങ്ങൾ പരിശോധിക്കാതെ ചില ദേശീയ മാധ്യമങ്ങൾ നൽകിയ റിപ്പോർട്ടുകളാണ് കയറ്റുമതിയെ ബാധിച്ചിരിക്കുന്നത്.
അമേരിക്ക ഇന്ത്യൻ ഉല്പന്നങ്ങളുടെ കയറ്റുമതിയിൽ തീരുവ വർധിപ്പിച്ച് ഈ മേഖലയെ സാരമായി ബാധിച്ചിരുന്നു. അതിന്റെ പ്രത്യാഘാതം മറികടക്കുന്നതെങ്ങനെ എന്നുള്ള ആലോചനകളും ചർച്ചകളും നടക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി കപ്പൽ അപകടം നടക്കുന്നത്.
വിദഗ്ധ സംഘം ഇപ്പോഴും പരിശോധന തുടരുകയാണ്. കൃത്യമായ പഠന റിപ്പോർട്ട് ഇനിയും പുറത്തുവന്നിട്ടില്ല. ആശങ്കപ്പെടാനുളള സാഹചര്യം നിലവിൽ ഇല്ലെന്ന് കേരള ഫിഷറീസ് സർവകലാശാല അധികൃതരും നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ചെമ്മീൻ കയറ്റുമതിയെയാണ് ഇത്തരം ആരോപണങ്ങൾ ദോഷമായി ബാധിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം നാട്ടിലേക്ക് എത്തിക്കുന്നതിൽ ചെമ്മീൻ കയറ്റുമതി വലിയ പങ്കുവഹിക്കുന്നുണ്ട്. കഴിഞ്ഞ വർഷം താഴേക്ക് കൂപ്പുകുത്തിയ ചെമ്മീൻവില തിരിച്ചുവരവിന്റെ പാതയിലാണ്. അതിനിടയിലുണ്ടായ ദൗർഭാഗ്യ സംഭവം ഈ മേഖലയെയും പിന്നോട്ടടിക്കുവാനുള്ള സാധ്യതകളാണ് കാണുന്നത്. കടലിൽ വ്യാപിച്ച മറൈൻ ഗ്യാസ് ഓയിൽ അതിവേഗം ബാഷ്പീകരിച്ച് പോകുമെന്നതിനാൽ അധികനാൾ ഈ ഭീഷണി നിലനിൽക്കില്ലെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.