9 December 2025, Tuesday

Related news

August 21, 2025
August 19, 2025
August 18, 2025
August 16, 2025
July 14, 2025
July 13, 2025
June 25, 2025
June 24, 2025
June 18, 2025
June 11, 2025

ശുഭാംശുവും സഹയാത്രികരും നാളെ ഭൂമിയിലേക്ക്

Janayugom Webdesk
ഫ്ലോറിഡ
July 13, 2025 10:27 pm

18 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷം ശുഭാംശു ശുക്ലയും സംഘവും നാളെ ഭൂമിയിലേക്ക് മടങ്ങും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 4.30 ഓടെയാണ് അൺഡോക്കിങ്. ഏകദേശം 17 മണിക്കൂർ നീണ്ട യാത്രയ്ക്കുശേഷം നാളെ വൈകുന്നേരം മൂന്ന് മണിയോടെ ഗ്രേസ് ഡ്രാഗൺ ക്രൂ പേടകം കാലിഫോർണിയ തീരത്തിനടുത്ത് സ്പ്ലാഷ് ഡൗൺ ചെയ്യും. ശുഭാംശു ശുക്ലക്കൊപ്പം നാസയുടെ മുതിർന്ന ആസ്ട്രോനോട്ട് പെഗ്ഗി വിറ്റ്സൺ, ഹംഗറി സ്വദേശി ടിബോർ കാപു, പോളണ്ടിൽ നിന്നുള്ള സ്ലാവോസ് ഉസ്നാൻസ്കി എന്നിവരാണ് ദൗത്യത്തിന്റെ ഭാഗമായത്. ഇന്നലെ ബഹിരാകാശ നിലയത്തിലുള്ള ഏഴ് അംഗങ്ങള്‍ ചേര്‍ന്ന് ആക്സിയം 4 അംഗങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കി. തിരിച്ചെത്തിയ ഉടനെ ശുഭാംശുവിനും സംഘത്തിനും ഉടനെ വീട്ടിലേക്ക് മടങ്ങാനാകില്ല. മൈക്രോഗ്രാവിറ്റിയിൽ കഴിഞ്ഞതിനാൽ തന്നെ ഇവർക്ക് ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാൻ സമയമെടുക്കും. ഏഴു ദിവസത്തെ പുനരധിവാസ പരിപാടിക്ക് ശേഷമായിരിക്കും ഇവരെ മടക്കി അയക്കുക. 

ജൂൺ 25 നാണ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ആക്സിയം-4 ദൗത്യം മിഷൻ ആരംഭിച്ചത്. 28 മണിക്കൂർ യാത്രക്ക് ശേഷം ജൂൺ 26 ന് ഡ്രാഗൺ ബഹിരാകാശ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തു. 60 ഓളം ശാസ്ത്രപരീക്ഷണങ്ങളാണ് സംഘം ബഹിരാകാശ നിലയത്തില്‍ നടത്തിയത്. ആക്സിയം 4ന്റെ ഭാഗമാകുന്നതിന് ഏകദേശം 550 കോടി രൂപയാണ് ഐഎസ്ആർഒ ചെലവഴിച്ചത്. 2027ൽ ഭ്രമണപഥത്തിലെത്താൻ പോകുന്ന ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗൻയാന് നിർണായകമായിരിക്കും ശുഭാംശു ബഹിരാകാശ നിലയത്തിൽ നടത്തിയ പരീക്ഷണങ്ങളും അദ്ദേഹത്തിന്റെ അനുഭവ സമ്പത്തുമെന്ന് ഐഎസ്ആര്‍ഒ പറയുന്നു. 

എല്ലാ അമ്മമാരെയും പോലെ മകന്‍ തിരിച്ചെത്തുന്ന ദിവസത്തിനായി നിമിഷങ്ങളെണ്ണി കാത്തിരിക്കുകയാണ് താനെന്ന് മാതാവ് ആശാ ശുക്ല പ്രതികരിച്ചു. വീട്ടില്‍ പാചകം ചെയ്യുന്ന അനേകം ഭക്ഷണങ്ങള്‍ കഴിക്കണമെന്ന് ശുഭാംശു ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അവയെല്ലാം പാകം ചെയ്യും. ശുഭാംശുവിന്റെ കൂടെയിരുന്ന് ഭക്ഷണം കഴിക്കാന്‍ കാത്തിരിക്കുകയാണെന്നും ആശാ ശുക്ല മാധ്യമങ്ങളോട് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.