
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതികരിച്ച് ശുഭ്മാന്‍ ഗില്‍. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ടി20 ടീമില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് ഗില്‍ ആദ്യമായി പ്രതികരിച്ചത്.
സെലക്ടര്‍മാരുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും ടി20 ലോകകപ്പില്‍ ഇന്ത്യൻ ടീമിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ഗില്‍ പറഞ്ഞു. തന്റെ ജീവിതത്തിൽ, താൻ എവിടെ ആയിരിക്കണമോ അവിടെ തന്നെയാണ് എത്തിയിരിക്കുന്നത് എന്നാണ് തന്റെ വിശ്വാസം. തന്റെ വിധി എന്താണോ അത് മാറ്റാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഗില്‍ പറഞ്ഞു. ലോകകപ്പില്‍ കളിച്ചിരുന്നെങ്കില്‍ ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്താനും ടീമിനെയും രാജ്യത്തെയും ജയിപ്പിക്കാനും കഴിയുമെന്ന് തന്നെയാണ് ഏതൊരു കളിക്കാരനെയുംപോലെയും താനും വിശ്വസിച്ചിരുന്നതെന്നും സെലക്ടര്‍മാരുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും ഗില്‍ വ്യക്തമാക്കി. ലോകകപ്പില്‍ ഇന്ത്യൻ ടീമിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും താരം പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരയിലും നിരാശപ്പെടുത്തിയതോടെയാണ് ഗില്ലിനെ സെലക്ടർമാർ തഴഞ്ഞത്. മികച്ച ഫോമിലുള്ള സഞ്ജു സാംസണെ ഓപണിങ് റോളിൽനിന്ന് മാറ്റി ഗില്ലിനെ കൊണ്ടുവന്നതിൽ വലിയ ആരാധക പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ ഇതു വകവെക്കാതെയാണ് ഏഷ്യകപ്പിലും പിന്നീട് നടന്ന പരമ്പരകളിലും ഗില്ലിനെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയത്. തുടർച്ചയായി ബെഞ്ചിലിരിക്കേണ്ടി വന്ന സഞ്ജു കിട്ടിയ അവസരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തതോടെ ലോകകപ്പ് സ്ക്വാഡിൽ ഇടംനേടുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.