12 November 2024, Tuesday
KSFE Galaxy Chits Banner 2

സിഗ്നലിങ് തകരാര്‍, ലൈനുകളുടെ അഭാവം; 16 വന്ദേഭാരത് ട്രെയിനുകള്‍ ഔട്ടറില്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 4, 2024 11:08 pm

മോഡിയുടെയും ബിജെപിയും വാഗ്ദാനമായ വന്ദേഭാരത് എക്സ്പ്രസുകളുടെ ഭാവി തുലാസില്‍. രാജ്യത്തുടനീളമുള്ള യാര്‍ഡുകളില്‍ 16 വന്ദേഭാരത് ട്രെയിനുകള്‍ ഉദ്ഘാടനം കാത്തുകിടക്കുന്നു. സിഗ്നലിങ് സംവിധാനത്തിലെ തകരാര്‍, ലൈനുകളുടെ അഭാവം എന്നിവയാണ് വിനയായത്.
അടിസ്ഥാന സൗകര്യം ഒരുക്കാതെ റെയില്‍വേ വികസനത്തെക്കുറിച്ച് പ്രസംഗിക്കുന്ന മോഡി സര്‍ക്കാരിന്റെ പിടിപ്പുകേടാണ് വന്ദേഭാരത് ട്രെയിനുകളുടെ ദുരവസ്ഥയ്ക്ക് കാരണം. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി എല്ലാ മാസവും രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് സജ്ജമാക്കുന്നത്. വന്ദേഭാരത് ഓടിക്കാന്‍ ആവശ്യമായ റൂട്ടുകളില്ല എന്നാണ് റെയില്‍വേ മന്ത്രാലയം നല്‍കുന്ന വിശദീകരണം. 

ചെറിയ റൂട്ടുകളില്‍ മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന വന്ദേഭാരത് എക്സ്പ്രസുകള്‍ക്ക് അര്‍ധരാത്രിക്ക് ശേഷം അനുമതി നല്‍കുന്നത് മറ്റ് തീവണ്ടികളുടെ യാത്രയെ പ്രതികൂലമായി ബാധിക്കും. എട്ട് മണിക്കുറിനുള്ളില്‍ യാത്ര അവസാനിക്കുന്ന ദൂരം മാത്രം ഓടാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്ക് അറ്റകുറ്റപ്പണിക്ക് മാത്രം ആറ് മണിക്കൂര്‍ വേണ്ടിവരുമെന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. 

രാഷ്ട്രീയ നേട്ടത്തിനായി വന്ദേഭാരത് പ്രഖ്യാപിക്കുന്ന പ്രവണത ഏറിവരുന്നുണ്ട്. നിലവില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ മീററ്റ് — ലഖ്നൗ റൂട്ടില്‍ യാത്ര ചെയ്യുന്നുണ്ട്. പുതിയതായി ഒരു വന്ദേഭാരത് കൂടി ലഖ്നൗ വഴി അയോധ്യയിലേക്ക് പ്രഖ്യാപിച്ചത് തലതിരിഞ്ഞ നടപടിയാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിലവില്‍ 54 വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്ത് സര്‍വീസ് നടത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ചവയാണ് ഇതില്‍ ഏറിയ പങ്കും. 

ഓടാതെ കിടക്കുന്ന വന്ദേഭാരത് റാക്കുകള്‍ക്കായി 800 കോടിയിലധികം രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ വിനിയോഗിച്ചത്. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഇത്തരം ട്രെയിനുകള്‍ക്ക് അനുയോജ്യമായ സിഗ്നലിങ് സംവിധാനം രാജ്യത്ത് മിക്ക ലൈനുകളിലും ലഭ്യമല്ല. അതുകൊണ്ട് പരമാവധി 110 കിലോമീറ്റര്‍ വേഗതയില്‍ മാത്രമാണ് സഞ്ചരിക്കാന്‍ സാധിക്കുന്നത്. ഒരു സിഗ്നലില്‍ നിന്ന് അടുത്തതിലേക്കുള്ള ദുരം കണക്കാക്കിയാല്‍ വന്ദേഭാരതിന് ഒരിക്കലും 130 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ സാധിക്കില്ലെന്ന് മറ്റൊരു മുതിര്‍ന്ന ഉദ്യേഗസ്ഥന്‍ പ്രതികരിച്ചു. 

പാതകളുടെ നവീകരണം, വൈദ്യുതീകരണം, പാതകളുടെ ശോച്യാവസ്ഥ എന്നിവയാണ് റെയില്‍വേ അഭിമുഖികരിക്കുന്ന പ്രധാന വെല്ലുവിളി. അത്തരം പ്രാഥമികമായ കാര്യങ്ങളില്‍ പോലും വിജയം കൈവരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ട്രെയിനപകടം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് രാജ്യത്തെ മുഴുവന്‍ പാതകളിലും കവച് സംവിധാനം സ്ഥാപിക്കുമെന്ന് മോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ചുവെങ്കിലും ആകെ 1,000 കിലോമീറ്ററില്‍ താഴെ മാത്രമാണ് സംവിധാനം പൂര്‍ത്തിയായത്. ഇത്തരം അപര്യാപ്തതകള്‍ നിലനില്‍ക്കെയാണ് വന്ദേഭാരത് ട്രെയിനുകള്‍ വികസനത്തിന്റെ മുഖമദ്രയാണെന്ന് കാട്ടിയുള്ള മോഡി സര്‍ക്കാരിന്റെ കപട പ്രചാരവേല അരങ്ങേറുന്നത്. 

TOP NEWS

November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 11, 2024
November 11, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.