രാജ്യത്ത് ഭയം നിലനിൽക്കുന്നു. ഭയപ്പെടുന്നവരുടെ റിപ്പബ്ലിക് ആയി ഇന്ത്യ മാറി. ഒപ്പം നടക്കുന്നവർ പോലും നമ്മെ തെറ്റിക്കുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നവർക്കുപോലും പരസ്പരം വിശ്വാസമില്ല, ബഹുമാനമില്ല. പരസ്പരം വഞ്ചിക്കുന്നു, സ്വജനപക്ഷപാതം അരങ്ങു തകർക്കുന്നു. സ്വജനങ്ങൾക്ക് സ്ഥാനങ്ങൾ പങ്കുവയ്ക്കലിലാണ് നേതൃത്വങ്ങളുടെ ശ്രദ്ധ മുഴുവൻ. പണാധിപത്യത്തിലൂടെ സമഗ്രാധിപത്യം നേടുന്നു. ചോദ്യങ്ങൾ ചോദിക്കുന്നവരെ ചവിട്ടിത്താഴ്ത്തുന്നു, ഇല്ലായ്മ ചെയ്യുന്നു. ഭരണകൂടങ്ങൾ വെറുപ്പിന്റെ വെടിയുണ്ടകൾ ഉതിർക്കുന്നു.
സത്യത്തെ നുണയാക്കുക, നുണകൾ വിശ്വസിപ്പിക്കുക എന്നതാണ് ക്രിയാത്മക പ്രവർത്തനം എന്ന് രാഷ്ട്ര നേതൃത്വവും, രാഷ്ട്രീയ നേതൃത്വങ്ങളും അവരുടെ ജീവിതത്തിലൂടെ കാണിച്ചുതരുന്നു. വൈവിധ്യം ഇല്ലായ്മ ചെയ്യപ്പെടുന്നു. രാഷ്ട്ര ഭരണാധികാരികൾ പറയുന്നത് ഒരു ശബ്ദം മാത്രം മതി എന്നാണ്. വിധേയത്വത്തിന്റെ ശബ്ദം. ഭരണാധികാരികൾക്ക് എന്നും സ്തുതി ഗീതം കേൾക്കാനാണിഷ്ടം. ആ സംവിധാനത്തിൽ ആശ്രിതരാണ് തീരുമാനങ്ങൾ എടുക്കുക. ഒരു കൂട്ടർ നടത്തിയ ക്രൂരമായ കലാപങ്ങൾക്കുനേരെ ഭരണകൂടം കണ്ണടയ്ക്കുന്നു. മറ്റൊരു കൂട്ടരുടെ കലാപങ്ങളെ മൃഗീയമായി അടിച്ചമർത്തുന്നു. ഏതു കലാപങ്ങളും ജനങ്ങളുടെ സ്വൈരജീവിതത്തിനു വേണ്ടി തടയേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.
അടുത്ത കാലത്ത് പുറത്തു വന്ന ഓക്സ്ഫാം റിപ്പോർട്ട് നോക്കൂ. ഇന്ത്യയിലെ പത്തിരുപത് ശതകോടീശ്വരന്മാർ മൊത്തം ദേശീയ സമ്പത്തിന്റെ 77 ശതമാനം കൈവശംവച്ചിരിക്കുന്നു. രാജ്യത്ത് സൃഷ്ടിക്കപ്പെട്ട സമ്പത്തിന്റെ ഭൂരിഭാഗവും ഒരു ശതമാനം പേരിലേക്ക് പോയി. അതേസമയം ഏറ്റവും ദരിദ്രരായ 70 കോടിയോളം വരുന്ന ഇന്ത്യക്കാരുടെ സമ്പത്തിൽ ഒരു ശതമാനം വർധന മാത്രമേ ഉണ്ടായിട്ടുള്ളു. മോഡിയുടെ മുഖം അച്ചടിച്ച പാക്കറ്റുകളിൽ വിതരണം ചെയ്യുന്ന സൗജന്യറേഷൻ ഉപയോഗിച്ചാണ് ദശലക്ഷക്കണക്കിന് ആളുകൾ ജീവിക്കുന്നത്. വളരെ ദരിദ്രരായ ആളുകളുള്ള വളരെ സമ്പന്നമായ രാജ്യമാണ് എന്ന് ചരിത്ര പണ്ഡിതർ പറഞ്ഞത് സത്യം. ഇതൊക്കെ തുറന്നുപറഞ്ഞതിന്റെ പേരിൽ ഓക്സ്ഫാം ഇന്ത്യ റെയ്ഡ് ചെയ്യപ്പെട്ടു. രാജ്യത്ത് ആംനസ്റ്റി ഇന്റർനാഷണൽ അടക്കമുള്ള പല എൻജിഒകളും അടച്ചുപൂട്ടി.
ന്യൂനപക്ഷങ്ങളെയും ദളിതരെയും കൊല ചെയ്യുന്നതിന്റെ പതിവു കാഴ്ചകൾ, നരേന്ദ്ര മോഡിയുടെ മന്ത്രിസഭാംഗങ്ങളിൽ ചിലർ വംശഹത്യക്ക് നേതൃത്വം കൊടുത്തവരെ ഹാരാർപ്പണം ചെയ്ത് എതിരേറ്റത്, മുസ്ലിങ്ങളോടുള്ള വിവേചനവും അന്യവൽക്കരണവും എല്ലാം രാജ്യം കണ്ടുകൊണ്ടിരിക്കുന്നു. ഹിന്ദുത്വവാദികൾ ക്രിസ്ത്യൻ പള്ളികൾ ചുട്ടുചാമ്പലാക്കുന്നത് കണ്ടു. പ്രതിപക്ഷ രാഷ്ട്രീയക്കാരെയും,വിദ്യാർത്ഥികളെയും, മനുഷ്യാവകാശ പ്രവർത്തകരെയും, മാധ്യമ പ്രവർത്തകരെയും, വേട്ടയാടുന്നത് നിത്യസംഭവങ്ങളായി. സർവകലാശാലകളിൽ ഹിന്ദുത്വ ദേശീയവാദികൾ നടത്തുന്ന അക്രമണങ്ങൾ, ചരിത്ര പാoപുസ്തകങ്ങളുടെ തിരുത്തിയെഴുത്ത്, സിനിമകളുടെ നിരോധനം, ബിബിസിയുടെ ഇന്ത്യൻ ഓഫിസിലെ റെയ്ഡ് ഇതൊക്കെ രാജ്യം കണ്ടു. അക്കാദമിക് വിദഗ്ധരോട് തങ്ങൾക്കനുകൂലമായി സംസാരിക്കാൻ സമ്മർദം ചെലുത്തുന്ന കാഴ്ചകളുമുണ്ട്.
ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യങ്ങളിൽ 161-ാം സ്ഥാനത്താണ് ഇന്ത്യ. ജനാധിപത്യത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഇന്റര്‍നെറ്റ് ഷട്ട് ഡൗൺ കശ്മീരിൽ നടപ്പിലാക്കിയതും രാജ്യം കണ്ടു. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂർ ഒരു പ്രാകൃതമായ ആഭ്യന്തര യുദ്ധത്തിലേക്ക് കൂപ്പുകുത്തി. അവിടെ ഒരുതരം വംശീയ ഉന്മൂലനം നടന്നുകൊണ്ടിരിക്കുന്നു. മഹാരാഷ്ട്രയിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഓഫിസർ, ട്രെയിനിൽ മുസ്ലിം യാത്രക്കാരെ വെടിവച്ച് കൊല്ലുമ്പോൾ കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തതും നാം കണ്ടു. ഒരു മുസ്ലിം കുട്ടിയെ എഴുന്നേല്പിച്ച് നിർത്തിച്ച്, ക്ലാസിലെ ഹിന്ദുക്കുട്ടികളോട് ഓരോരുത്തരായി അവനെ അടിക്കാൻ ടീച്ചർ ആവശ്യപ്പെടുന്ന വീഡിയോയും രാജ്യം കണ്ടു.
നീതിയാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനവും ആത്യന്തിക ലക്ഷ്യവും എന്ന് ഭരണാധികാരികൾ മറക്കുന്നു. പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട അവകാശങ്ങളാണ് ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം. ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിലാണ് ഇത് ഉൾച്ചേർത്തിരിക്കുന്നത്. എന്നാല്‍ റിപ്പബ്ലിക് ആയി 76 വർഷം കഴിഞ്ഞിട്ടും ഈ രാജ്യത്തെ ഒരു പാവപ്പെട്ട പൗരന്, ഉടനടിയുള്ള നീതിയും സമാധാനവും തേടി ഏതു ജനാധിപത്യ സംവിധാനത്തെയാണ് സമീപിക്കുവാൻ കഴിയുക എന്നതാണ് പ്രസക്തമായ ചോദ്യം.
അനീതി നടക്കുന്ന സമയത്ത് നമ്മൾ മൗനികൾ ആകുമ്പോൾ, നിഷ്ക്രിയരാകുമ്പോൾ, നമ്മൾ പീഡിപ്പിക്കുന്നവരുടെ പക്ഷത്താണ് നിലയുറപ്പിക്കുന്നത്. നമ്മൾ തെരഞ്ഞെടുത്ത ജനപ്രതിനിധികളോട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം നമുക്കുണ്ട്. ഉത്തരം പറയാനുള്ള ബാധ്യത അവർക്കും. “എല്ലാവരെയും നമുക്ക് കുറച്ചു കാലത്തേക്ക് കബളിപ്പിക്കാൻ പറ്റും” എന്ന് പണ്ട് പറയുന്ന ഒരു ചൊല്ലുണ്ട്. ലോകത്തെ ഏകാധിപതികളും ഫാസിസ്റ്റുകളും ആ ചൊല്ല് മാറ്റി. “എല്ലാവരെയും നിങ്ങൾക്ക് എത്ര കാലം വേണമെങ്കിലും പറ്റിക്കാം, പിന്നെയും പറ്റിക്കാം, പിന്നെയും പിന്നെയും പറ്റിക്കാം” എന്നാക്കി മാറ്റി. രാജ്യത്തിന്റെ സാമൂഹ്യഘടന അത്യന്തം ദുർബലമായിരിക്കുന്നു. വംശഹത്യക്കായുള്ള ധർമ്മ സൻസദിന്റെ ആഹ്വാനം, പശുക്കളുടെ പേരിലുള്ള മനുഷ്യഹത്യ തുടങ്ങിയ ബഹുമുഖ അക്രമണങ്ങൾ ഇന്ത്യൻ റിപ്പബ്ലിക്കിൽ നടക്കുന്നു. മിക്കവാറും എല്ലാ രാഷ്ട്രീയ പാർട്ടികളും മൃദുഹിന്ദുത്വ സമീപനം കൈക്കൊള്ളുന്നു. ഇത് ആർഎസ്എസിനെ ആഹ്ലാദിപ്പിക്കുന്നു. സാമൂഹിക സാമ്പത്തിക കാരണങ്ങളുടെ ഫലമായാണ് രാഷ്ട്രീയത്തിൽ മാറ്റങ്ങൾ ഉണ്ടാവുന്നത് എന്ന് പലരും മനഃപൂർവം മറക്കുന്നു. ജനാധിപത്യ സഭകളിൽ ബില്ലുകൾ പോലും അവയർഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിക്കുന്നില്ല. ചോദ്യങ്ങൾക്ക് ഉത്തരമില്ല. കോവിഡ് കാലത്ത് ജീവൻ നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികളും, കർഷക സമരത്തിൽ ജീവൻ പൊലിഞ്ഞ കർഷകരും, മണിപ്പൂരിൽ മരിച്ച് വീഴുന്നവരും, സാമ്പത്തികക്കെടുതി മൂലം ആത്മഹത്യ ചെയ്യുന്ന കർഷകരും, ക്രമാതീതമായി വർധിച്ച തൊഴിലില്ലായ്മയും, ലഹരിക്ക് അടിമപ്പെടുന്ന യുവത്വവും, ഭയാനകമായ സാമൂഹിക — സാമ്പത്തിക അസമത്വവും രാജ്യത്തിനു മുന്നിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്.
“സമൂർത്തമായ ഭൗതിക പ്രശ്നങ്ങളിൽ നിന്ന് വേണം സമരം ആരംഭിക്കാൻ” എന്ന അടിസ്ഥാന സമരതന്ത്രം ഇന്ത്യയിലാദ്യമായും ഫലപ്രദമായും ഉപയോഗിച്ചത് ഗാന്ധിജിയാണ്. 1880കൾ മുതൽ 1920വരെ ഇന്ത്യൻ ദേശീയ പ്രസ്ഥാനം അടിസ്ഥാനപരമായി ഒരു മതാത്മക യുക്തിയിലായിരുന്നു. മത രാഷ്ട്രത്തിന്റെ സങ്കല്പമാണ് ഇന്ത്യൻ ദേശീയത അക്കാലത്ത് പ്രചരിപ്പിച്ചു കൊണ്ടിരുന്നത്. ഗാന്ധിജിയുടെ വരവോടെയാണ് മതത്തിന്റെ കേവലത്വമല്ല, മനുഷ്യരുടെ ജീവിത പ്രശ്നങ്ങളാണ് സമരത്തിന്റെ കേന്ദ്രം എന്നു വരുന്നത്. വിളവിന് വില കിട്ടണം എന്ന് പറയുന്നതോടെ (ചമ്പാരൻ സത്യഗ്രഹം) സമരത്തിൽ നിന്ന് മതം പോയി. ഉപ്പിന് നികുതി പറ്റില്ല എന്നു പറഞ്ഞതിലൂടെ ഇന്ത്യ മുഴുവൻ സമരത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞടിച്ചു. ഇങ്ങനെയാണ് ഗാന്ധിജി സമരവേദിയിൽ മനുഷ്യർ ഒരുമിച്ചു നില്‍ക്കുന്ന അനുഭവമാക്കി മാറ്റുന്നത്. ആ അനുഭവമാണ് ഇന്ത്യൻ സെക്യുലറിസം.
1869ൽ ജനിച്ച ഗാന്ധി, 20-ാം വയസിനോടടുപ്പിച്ച് ലണ്ടനിലേക്ക് പോയി. ബാരിസ്റ്റർ ബിരുദം നേടി തിരിച്ചുവന്നു. അല്പകാലം കഴിഞ്ഞ് ദക്ഷിണാഫ്രിക്കയിലേക്ക് പോയി. 1915 വരെ അവിടെ ജീവിച്ചു. 46-ാം വയസിൽ ഇന്ത്യയിൽ തിരികെയെത്തി. ഈ കാലയളവിൽ ഗാന്ധിജി ഇന്ത്യയിലെ ഒരു ദരിദ്രനായ കർഷകനെയോ കർഷകത്തൊഴിലാളിയെയോ ഗ്രാമീണനെയോ കണ്ടിട്ടില്ല. പിന്നെ അദ്ദേഹം 33 കൊല്ലം ജീവിച്ചു. ഈ കാലയളവിൽ ഇന്ത്യയിലെ മുഴുവൻ ദരിദ്രകർഷകരെയും ഗ്രാമീണരെയും അദ്ദേഹം രാഷ്ട്രീയത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നു. അങ്ങനെ ചെയ്ത ഒരാൾ വേറെയില്ല. തന്റെ ജീവിതത്തിൽ മുമ്പ് കണ്ടിട്ടില്ലാത്ത മനുഷ്യരുടെ ഹൃദയത്തിലേക്ക് നേരെ കടന്നു കയറി, ആ മനുഷ്യരെ കൂടെക്കൂട്ടി കോടാനുകോടി മനുഷ്യരുടെ സമരമുഖം ഉണ്ടാക്കി. ചരിത്രത്തിലെ അത്ഭുതകരമായ ഇടപെടൽ. അത്രയേറെ നിരായുധരായ, നിസ്വരായ മനുഷ്യരെ അണിനിരത്തി അസന്ദിഗ്ധമായ സമരമുഖം തുറന്ന മഹാത്മാവ് അസാമാന്യമായ ധീരതയുടെ പ്രതീകമായിരുന്നു. ഈ ധീരത ലഭിക്കുന്നത് സത്യത്തിൽ നിന്നുമാണ്. അതു പോലുള്ള സമരമുഖമാണ് ഇന്ന് ഇന്ത്യക്ക് ആവശ്യം. പക്ഷെ ജനനം മുതൽ ഇതുവരെ ഇന്ത്യയിൽ കഴിഞ്ഞിട്ടും ജനകോടികളെ സമരമുഖത്ത് അണിനിരത്താൻ കഴിവുള്ള നേതൃത്വമില്ല എന്നതാണ് ഇന്നത്തെ രാജ്യത്തിന്റെ ദുരന്തം. രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നതും അഭിപ്രായം പ്രകടിപ്പിക്കുന്നതും ജനാധിപത്യത്തിലെ മൗലിക അവകാശമാണ്. മൗനം വെടിഞ്ഞ് രാജ്യത്തെ പൗരന്മാർ അവരുടെ ചിന്തകളും അഭിപ്രായങ്ങളും കൃത്യമായി പ്രകടിപ്പിക്കേണ്ടത് രാജ്യ പുരോഗതിക്ക് അനുപേക്ഷണീയമാണ്. മൗനം വെടിയാൻ ചരിത്രം നമ്മെ സഹായിക്കും. നീതിയിലും ധാർമ്മികതയിലും അധിഷ്ഠിതമായി, സാധ്യമായ ഇടങ്ങളിലെല്ലാം ജനത മുൻകാലങ്ങളിലെടുത്ത തീരുമാനങ്ങൾ ചരിത്രം ഓർമ്മപ്പെടുത്താറുണ്ട്. ഫാസിസ്റ്റ് ഭരണകാലത്ത് ഗൗരവമായി, വസ്തുനിഷ്ഠമായി ചരിത്രം പഠിക്കണം. ഉണ്ടാകേണ്ടത് അഭിപ്രായ പ്രകടനങ്ങളാണ്. ചിന്തയുടെ പ്രവാഹമാണ്. കോടാനുകോടി മനുഷ്യർ ജീവിക്കുന്നത് മനുഷ്യനുണ്ടാവേണ്ട ആത്മാഭിമാനത്തോടെയല്ല എന്നറിഞ്ഞുകൊണ്ട് അഭിമാനവും സ്വാതന്ത്ര്യവും വീണ്ടെടുക്കാൻ മൗനം വെടിയണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.