ചാര്‍ധാം പദ്ധതിയുടെ ഭാഗമായി ദേശീയ പാത 134 ല്‍ നിര്‍മ്മിക്കുന്ന നാലര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സില്‍ക്യാര തുരങ്കപാത തകര്‍ന്ന് വീണത് 20 തവണ. പദ്ധതി നിര്‍മ്മാണം ആരംഭിച്ച് അഞ്ച് വര്‍ഷം പിന്നിടുന്ന വേളയില്‍ 19 മുതല്‍ 20 തവണ വരെ തുരങ്കത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. നാഷണല്‍ ഹൈവേ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡലവപ്പ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എന്‍എച്ച്ഐഡിസിഎല്‍ ) ഡയറക്ടര്‍ അനുഷു മനീഷ് കല്‍കോയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സില്‍ക്യാര തുരങ്ക നിര്‍മ്മാണത്തിന്റെ മേല്‍നേട്ടം വഹിക്കുന്ന സ്ഥാപനമാണ് എന്‍എച്ച്ഐഡിസിഎല്‍ .
തുരങ്കപാത നിര്‍മ്മാണത്തിനിടെ മണ്ണിടിച്ചിലും മറ്റ് ദുരന്തങ്ങളും സാധാരണ സംഭവിക്കാറുണ്ടെന്നും എന്നാല്‍ സില്‍ക്യാരയില്‍ തൊഴിലാളികള്‍ 17 ദിവസം കുടുങ്ങിയ സംഭവം അപ്രതീക്ഷിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 41 തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ ദിവസങ്ങളോളം കുടുങ്ങികിടക്കാന്‍ ഇടയാക്കിയത് ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങള്‍ കാരണമാണ്. ഭൗമശാസ്ത്രപരമായ പ്രത്യേകതയുള്ള സ്ഥലത്ത് തുരക്കല്‍ നടത്തുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുമെന്ന് തുരങ്ക നിര്‍മ്മാണത്തിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനും അഭിപ്രായപ്പെട്ടു. പാരിസ്ഥിതി ആഘാത പഠനം നടത്താതെയാണ് ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനി തുരങ്ക നിര്‍മ്മാണം ആരംഭിച്ചത്. ടെന്‍ഡര്‍ നടപടി പ്രകാരമുള്ള പദ്ധതി നിര്‍മ്മാണം വെല്ലുവിളി നിറഞ്ഞതാണെന്ന് സ്വകാര്യ കമ്പനിയുടെ യൂറോപ്യന്‍ സഹകമ്പനി ബെര്‍നാഡ് ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നതായും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇതിനിടെ തുരങ്ക നിര്‍മ്മാണത്തിലെ വീഴ്ചചകള്‍ പരിശോധിക്കുന്നതിന് നിയോഗിച്ച കേന്ദ്ര വിദഗ്ധസംഘം ഇതുവരെ പരിശോധന നടത്താന്‍ എത്തിയിട്ടില്ലെന്ന് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. തൊഴിലാളികളെ രക്ഷിച്ചശേഷമുള്ള ആദ്യ വ്യാഴാഴ്ച കേന്ദ്ര സംഘം തുരങ്കത്തില്‍ പരിശോധന നടത്തുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്. നിര്‍മ്മാണം പുനരാംഭിക്കുന്നതിന് മുന്നോടിയായി കേന്ദ്ര സംഘം എത്തുമെന്നാണ് അറിയിച്ചതെന്നും എന്നാല്‍ ഇതുവരെ സംഘം എത്തിച്ചേര്‍ന്നില്ലെന്നും ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര സംഘം എന്നാണ് പരിശോധന നടത്താന്‍ എത്തുകയെന്ന് ഇതുവരെ അറിയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എന്നാല്‍ മുടങ്ങിയ തുരങ്ക നിര്‍മ്മാണം ഉടനടി ആരംഭിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്വകാര്യ കമ്പനി പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. 2024 ലോക് സഭ തെരഞ്ഞെടുപ്പിന് മുമ്പ് പദ്ധതി പൂര്‍ത്തിയാക്കനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും കമ്പനി വക്താവ് അറിയിച്ചു. ഗംഗോത്രി- യമുനോത്രി- കേദാര്‍നാഥ്- ബദരിനാഥ് തീര്‍ത്ഥാടക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന 12,000 കോടിയുടെ പദ്ധതിയുടെ ഭാഗമായാണ് സില്‍ക്യാര തുരങ്കം നിര്‍മ്മിക്കുന്നത്. 1119.69 കോടി രൂപയാണ് തുരങ്കത്തിന്റെ നിര്‍മ്മാണച്ചെലവ്.
English Summary: silkyara tunnel disaster: 20 collapses in five years
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.