4 May 2024, Saturday

ആഘോഷങ്ങള്‍ക്കിടയില്‍ അവഗണിക്കപ്പെടുന്ന വസ്തുതകള്‍

Janayugom Webdesk
December 1, 2023 5:00 am

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിർമ്മാണത്തിലിരുന്ന സിൽക്യാര തുരങ്കപാത തകർന്ന് അതിനുള്ളിൽ 17 ദിവസം കുടുങ്ങിക്കിടന്ന 41 തൊഴിലാളികളെ സാഹസികമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ സുരക്ഷിതമായി പുറത്തുകൊണ്ടുവന്നത് രാജ്യവും ലോകവും ഏറെ ആശ്വാസത്തോടെയാണ് ശ്രവിച്ചതും വീക്ഷിച്ചതും. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള മുഴുവൻപേരോടും രാജ്യം ആഴത്തിൽ കടപ്പെട്ടിരിക്കുന്നു. രക്ഷാപ്രവർത്തനത്തിന്റെ വിജയകരമായ അന്ത്യം രാജ്യവും ലോകവും അക്ഷരാർത്ഥത്തിൽ ആഘോഷിക്കുകയായിരുന്നു എന്നുപറയുന്നതിൽ തെല്ലും അതിശയോക്തിയില്ല. എന്നാൽ, പാവപ്പെട്ട കരാർത്തൊഴിലാളികളുടെ വിലപ്പെട്ട ജീവൻ പണയംവച്ചുള്ള തൊഴിൽസംസ്കാരവും തൊഴിൽസുരക്ഷയുടെ കാതലായ പ്രശ്നങ്ങളും ആഘോഷങ്ങൾക്കിടയിലും അതിന്റെപേരിൽ നടന്നുവരുന്ന രാഷ്ട്രീയ മുതലെടുപ്പുശ്രമങ്ങൾക്കിടയിലും അവഗണിക്കപ്പെടുകയായിരുന്നു. പതിനേഴുദിവസം മരണത്തെ മുഖാമുഖം കണ്ട് രക്ഷപ്പെട്ട് പുറത്തെത്തിയ തൊഴിലാളികളുമായി സംവദിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡി ഈ അവസരവും രാഷ്ട്രീയ മുതലെടുപ്പിനായാണ് പ്രയോജനപ്പെടുത്തിയത്. അപകടകാരണങ്ങളെപ്പറ്റിയോ, അവ ആവർത്തിക്കാതിരിക്കാനുള്ള നടപടികളെപ്പറ്റിയോ യാതൊന്നും പറയാതെ അവിടെയും യോഗയുടെ മാഹാത്മ്യം ഉയർത്തിക്കാട്ടാനുള്ള അവസരമാക്കി മാറ്റുകയായിരുന്നു ‘വിശ്വഗുരു’. മതിയായ സുരക്ഷാ സംവിധാനങ്ങൾ കൂടാതെയാണ് തുരങ്കനിർമ്മാണം നടന്നിരുന്നത്.

തുരങ്കനിർമ്മാണത്തിലും ഖനനപ്രവർത്തങ്ങളിലും ഉല്പാദിപ്പിക്കപ്പെടുന്ന വിഷവാതകം പുറന്തള്ളാൻ ആവശ്യമായ പൈപ്പുകൾ പോലും അപകടസമയത്ത് ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അപകടസാധ്യത മുൻകൂട്ടിക്കണ്ട് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങളും അവിടെ ലഭ്യമാക്കിയിരുന്നില്ല. ഇത്തരം അപകടകരമായ തൊഴിലിടങ്ങളിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായ ബദൽ രക്ഷാമാർഗങ്ങളും ബന്ധപ്പെട്ടവർ ഒരുക്കിയിരുന്നില്ല. അവയ്ക്കാവശ്യമായ ചെലവും ലാഭത്തിൽ വകയിരുത്താനുള്ള ശ്രമങ്ങളാണ് ദുരന്തം ക്ഷണിച്ചുവരുത്തിയത്. പ്രകൃതിയുടെ സവിശേഷതകളും പദ്ധതിപ്രദേശത്തിന്റെ പാരിസ്ഥിതിക ദുർബലാവസ്ഥയും കണക്കിലെടുക്കാതെ അന്ധമായ രാഷ്ട്രീയ, സാമ്പത്തിക നേട്ടങ്ങൾ മാത്രം ലക്ഷ്യംവച്ച് തുടർന്നുവരുന്ന ‘വികസന’ പ്രവർത്തനങ്ങൾ സൃഷ്ടിക്കുന്ന കൊടിയദുരന്തങ്ങളുടെ നീണ്ട പട്ടിക ഹിമാലയ സംസ്ഥാനങ്ങളിൽത്തന്നെ വേണ്ടുവോളമുണ്ട്. 2013ലെ കേദാർനാഥ് പ്രകൃതിദുരന്തത്തെ തുടർന്ന് സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി സിൽക്യാര തുരങ്കപാത ഉൾപ്പെട്ട, ഏത് കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന, ചാർധാം റോഡ് പദ്ധതിയെപ്പറ്റി കേന്ദ്രസർക്കാരിന്റെ റോഡ്ഗതാഗത ഹൈവേ മന്ത്രാലയത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. ആ മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടതിനെ തുടർന്ന് സമിതിയുടെ അധ്യക്ഷൻ രവി ചോപ്ര 2022 ഫെബ്രുവരിയിൽ തൽസ്ഥാനം രാജിവച്ച് ഒഴിയുകയുണ്ടായി. സമിതിയെ നിയോഗിക്കാൻ ഹേതുവായ കേദാർനാഥ് ദുരന്തത്തിൽ മാത്രം 5,700 മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, സിക്കിം തുടങ്ങിയ ഹിമാലയ സംസ്ഥാനങ്ങളിൽ കഴിഞ്ഞ മൂന്ന് ദശകങ്ങൾക്കുള്ളിൽ സംഭവിച്ച പ്രകൃതിദുരന്തങ്ങളും ആൾനാശവും ഭീമമായ സാമ്പത്തികനഷ്ടങ്ങളും കണക്കിലെടുക്കാതെയുള്ള പൊതു, സ്വകാര്യ നിർമ്മാണ‑വികസന പ്രവർത്തനങ്ങളാണ് നിർബാധം തുടരുന്നത്.


ഇതുകൂടി വായിക്കൂ:ഭീതിയുടെ ഇരുള്‍മുഖം


ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞതും അതീവ ലോലവുമായ പ്രകൃതി പ്രതിഭാസമാണ് ഹിമാലയത്തിന്റേത്. അത് തെല്ലും കണക്കിലെടുക്കാതെയും ശാസ്ത്രീയമായ പഠനങ്ങളും തൊഴില്‍സുരക്ഷയും അപ്പാടെ അവഗണിച്ചുമുള്ള വികസനഭ്രാന്താണ് ഹിമാലയൻ സംസ്ഥാനങ്ങളിൽ അരങ്ങേറുന്നത്. അത് നിർബാധം തുടരാനാണ് ഭാവമെങ്കിൽ ഇന്ത്യയും ഇവിടത്തെ ജനങ്ങളും മാത്രമല്ല ലോകംതന്നെയും അതിന് വലിയ വില നൽകേണ്ടിവരും. തൊഴിലിട സുരക്ഷിതത്വം അപ്പാടെ അവഗണിക്കുന്ന ലേബർകോഡുകൾ നടപ്പാക്കുന്നതിനെതിരെ രാജ്യത്തെ സംഘടിത തൊഴിലാളിവർഗവും അവരുടെ കേന്ദ്ര ട്രേഡ്‌യൂണിയനുകളുടെ ഐക്യവേദിയും സമരപാതയിലാണ്. അത് കേവലം സംഘടിത തൊഴിൽമേഖലയുടെ മാത്രം പ്രശ്നമല്ല. രാജ്യത്തെ പണിയെടുക്കുന്നവരിൽ മഹാഭൂരിപക്ഷവും അസംഘടിത മേഖലയെയാണ് ആശ്രയിക്കുന്നത്. സിൽക്യാര തുരങ്കപാതയിലടക്കം രാജ്യത്തുടനീളം വികസനപദ്ധതികളിൽ ജീവിതം ഹോമിക്കുന്ന അനേകലക്ഷം കരാർത്തൊഴിലാളികൾ അസംഘടിതരാണ്. അവരുടെ തൊഴിലിനും ജീവനും ഒരു സുരക്ഷിതത്വവും ഇല്ലെന്നാണ് സിൽക്യാര ദുരന്തം രാജ്യത്തെ ഓർമ്മിപ്പിക്കുന്നത്. ഇന്നലെ ഗുജറാത്തിലെ രാസവസ്തു നിര്‍മ്മാണ ഫാക്ടറിയിൽ ഏഴ് തൊഴിലാളികളുടെ മരണത്തിലും രണ്ട് ഡസനിലേറെപ്പേരുടെ ഗുരുതര പരിക്കിലും കലാശിച്ച തീപിടിത്തം സംഘടിത മേഖലയിലും സ്ഥിതി ഒട്ടും മെച്ചമല്ലെന്ന് അനുസ്മരിപ്പിക്കുന്നു. അതിനും പുറത്താണ് വികസനത്തിന്റെ പേരിൽ മൂലധനശക്തികൾ പ്രകൃതിക്കും പരിസ്ഥിതിക്കുംമേൽ നടത്തുന്ന പൈശാചികമായ കടന്നുകയറ്റം. സിൽക്യാര രക്ഷാപ്രവർത്തനം ആഘോഷമാക്കുമ്പോൾ അത്തരം ദുരന്തത്തിലേക്ക് മനുഷ്യരെയും പ്രകൃതിയെയും തള്ളിവിടുന്ന രാഷ്ട്രീയ, സാമ്പത്തിക യാഥാർത്ഥ്യങ്ങൾ അവഗണിക്കപ്പെടരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.