21 January 2026, Wednesday

Related news

January 21, 2026
January 12, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 6, 2026
January 3, 2026
January 2, 2026
January 1, 2026

രജത ജൂബിലി നിറവിൽ കിഫ്ബി; ആഘോഷ പരിപാടികൾ നാലിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Janayugom Webdesk
തിരുവനന്തപുരം
October 27, 2025 10:21 pm

രജത ജൂബിലി നിറവിലെത്തിയ കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) ആഘോഷ പരിപാടികൾ നവംബർ നാലിന് വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കിഫ്ബിയുടെ നേട്ടങ്ങൾ വിശദീകരിക്കുന്ന സുവനീറും ഇംഗ്ലീഷ്-മലയാളം കോഫി ടേബിൾ ബുക്കും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. മികച്ച പ്രവർത്തനം കാഴ്ചവച്ച പദ്ധതി നിർവഹണ ഏജൻസികൾ, കരാറുകാർ, മത്സര വിജയികൾ തുടങ്ങിയവർക്കുള്ള പുരസ്കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെ കനകക്കുന്ന് കൊട്ടാരത്തിൽ സെമിനാർ സെഷൻ ഉണ്ടായിരിക്കും. ഉദ്ഘാടനത്തെ തുടർന്ന് 7.30 മുതൽ റിമി ടോമി നയിക്കുന്ന സംഗീത നിശ അരങ്ങേറും. 

സുപ്രധാനമായ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി ധനസമാഹരണം നടത്തുന്നതിന് സംസ്ഥാന ധനകാര്യ വകുപ്പിന് കീഴിൽ സ്ഥാപിതമായ കേന്ദ്രീകൃത ഏജൻസിയാണ് കിഫ്ബി. 1999ലെ കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി നിയമ പ്രകാരം 1999 നവംബർ 11‑നാണ് കിഫ്ബി നിലവിൽ വന്നത്. അടിസ്ഥാന സൗകര്യ വികസന മേഖലയിൽ കാലങ്ങളായി നിലനിന്നിരുന്ന വിടവ് നികത്തുക, സാമ്പത്തിക മേഖലയിൽ നിലനിന്നിരുന്ന മാന്ദ്യത്തെ ഫലപ്രദമായി പ്രതിരോധിക്കുക, സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി 2016ലെ നിയമ ഭേദഗതിയിലൂടെ കിഫ്ബിയെ കൂടുതൽ ശാക്തീകരിച്ചു. സംസ്ഥാനത്തിന്റെ പ്രധാന അടിസ്ഥാന സൗകര്യ വികസന മേഖലകളായ പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, വ്യവസായം, ഗതാഗതം തുടങ്ങി ഏതാണ്ട് എല്ലാ മേഖലകളിലും കയ്യൊപ്പ് ചാർത്തുവാൻ കിഫ്ബിക്ക് കഴിഞ്ഞിട്ടുണ്ട്.
നിലവിൽ 1190 പദ്ധതികളിലായി 90,562 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിക്കൊണ്ട് കിഫ്ബിയുടെ പ്രവർത്തനം മുന്നേറുകയാണ്. നിർമ്മാണ പദ്ധതികൾ, ദേശീയപാതകൾക്കും വ്യാവസായിക അടിസ്ഥാന സൗകര്യങ്ങൾക്കുമുള്ള ഭൂമി ഏറ്റെടുക്കൽ, ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കൽ എന്നിവ ഉൾപ്പെടെ വിവിധ പദ്ധതികൾക്കായി 37,388 കോടി രൂപ കിഫ്ബി ഇതിനോടകം ചെലവഴിച്ചിട്ടുണ്ട്. അംഗീകാരം നൽകിയ പദ്ധതികളിൽ 21,881 കോടി രൂപയുടെ പദ്ധതികൾ നിലവിൽ പൂർത്തീകരിച്ചു. 27,273 കോടി രൂപയുടെ പദ്ധതികളുടെ പ്രവൃത്തി പുരോഗമിച്ച് വരികയാണ്. 

പൊതുമരാമത്ത് വകുപ്പിന് കീഴിൽ 104 പദ്ധതികളാണ് പൂർത്തീകരിച്ചിട്ടുള്ളത്. ഇതിന് പുറമെ നാഷണൽ ഹൈവേ വികസനത്തിന്റെ സ്ഥലമേറ്റെടുപ്പിന് സംസ്ഥാന വിഹിതമായി 5,581 കോടി രൂപ കൈമാറിക്കഴിഞ്ഞു. മൊത്തം സ്ഥലമേറ്റെടുപ്പ് തുകയുടെ 25% വഹിക്കുന്നത് സംസ്ഥാന സർക്കാരാണ്. കിഫ്ബിയിൽ നിന്നുമാണ് തുക ലഭ്യമാക്കിയിട്ടുള്ളത്. മലയോര ഹൈവേയുടെയും തീരദേശ ഹൈവേയുടെയും പ്രവൃത്തികൾ ഇതിനോടൊപ്പം പുരോഗമിച്ചു വരുന്നു. ശബരിമല ഇടത്താവളങ്ങളുടെ വികസനത്തിന്‌ 126.94 കോടി ചെലവഴിച്ചുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളജുകളുടെ അടിസ്ഥാന സ‍ൗകര്യങ്ങൾ മെച്ചപ്പെടുത്തി. ഒമ്പത്‌ താലൂക്ക്‌ ആശുപത്രിയുടെയും രണ്ട്‌ ജനറൽ ആശുപത്രികളുടെയും ഒരു ജില്ലാ ആശുപത്രിയുടെയും മലബാർ കാൻസർ സെന്ററിന്റെയും പണി പൂർത്തിയാക്കി. 45 ആശുപത്രികളിൽ ഡയാലിസിസ്‌ യൂണിറ്റ്‌ സജ്ജമാക്കി. 49 ഐസൊലേഷൻ വാർഡുകൾ പൂർത്തിയാക്കി. വ്യവസായ രംഗത്ത്‌ ഭൂമി ഏറ്റടുക്കുന്നതിന്‌ 20,000 കോടിയാണ്‌ ചെലവഴിക്കുന്നത്‌. വൈദ്യുതി മേഖലയിൽ ട്രാൻസ്‌ ഗ്രിഡ്‌ പദ്ധതിക്കായി 1,709 കോടി ചെലവഴിച്ചു. 579 സ്‌കൂൾ കെട്ടിടങ്ങൾ പൂർത്തിയാക്കി. 44,700 സ്‌കൂളുകളിൽ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കി. വയനാട് തുരങ്കപാതയ്ക്ക് റോഡ്‌ നിർമ്മാണത്തിന്‌ 2,135 കോടിയുടെ പദ്ധതി അംഗീകരിച്ചു. കേശവദാസപുരം മുതൽ അങ്കമാലിവരെ എംസി റോഡ്‌ വികസനത്തിന്‌ 1900 കോടി രൂപയുടെ ഭരണാനുമതി നൽകി.
വിഴിഞ്ഞം– കൊല്ലം– പുനലൂർ വികസന ത്രികോണ പദ്ധതി നടപ്പാക്കാൻ കിഫ്‌ബിക്കു കീഴിൽ എസ്‌പിവി രൂപീകരണത്തിനും അംഗീകാരം നൽകി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ 2,227 കോടിയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നതായും മന്ത്രി അറിയിച്ചു. കിഫ്‌ബി സിഇഒ ഡോ. കെ എം എബ്രഹാം, അഡിഷണൽ സിഇഒ മിനി ആന്റണി എന്നിവരും പങ്കെടുത്തു. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.