
സ്വന്തം പേരിലുള്ള സിം കാർഡുകൾ മറ്റൊരാൾക്ക് ഉപയോഗിക്കാൻ നൽകുന്നവർക്ക് കനത്ത പിഴയും തടവ് ശിക്ഷയും ലഭിക്കുമെന്ന് കേന്ദ്ര ടെലികോം വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യത്ത് സൈബർ തട്ടിപ്പുകൾ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് സർക്കാർ നിര്‍ദേശിച്ചിരിക്കുന്നത്. ഒരാളുടെ പേരിൽ എടുത്ത സിം കാർഡ് ഉപയോഗിച്ച് മറ്റൊരാൾ സൈബർ തട്ടിപ്പോ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളോ നടത്തിയാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം സിം ഉടമയ്ക്കായിരിക്കും. അതിനാൽ സ്വന്തം ഐഡി ഉപയോഗിച്ച് എടുത്ത സിം കാർഡുകൾ അപരിചിതർക്കോ സുഹൃത്തുക്കൾക്കോ കൈമാറുന്നത് ഒഴിവാക്കണം. വ്യാജ രേഖകൾ ഉപയോഗിച്ച് സിം കാർഡ് വാങ്ങുന്നതും ഗുരുതരമായ കുറ്റമാണ്.
2023‑ലെ ടെലികമ്മ്യൂണിക്കേഷൻസ് ആക്ട്, 2024‑ലെ സൈബർ സുരക്ഷാ ചട്ടങ്ങൾ എന്നിവ പ്രകാരം ഇത്തരം കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷയാണ് ലഭിക്കുക. നിയമലംഘകർക്ക് മൂന്ന് വർഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും ലഭിക്കാം. വ്യാജ ഐഎംഇഐ നമ്പറുള്ള ഫോണുകൾ, മോഡം, സിം-ബോക്സ് തുടങ്ങിയവ കൈവശം വയ്ക്കുന്നതും വിൽക്കുന്നതും ശിക്ഷാർഹമാണ്.
ഐഎംഇഐ നമ്പർ മാറ്റാൻ സാധിക്കുന്ന തരത്തിലുള്ള മൊബൈൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. ഉപകരണങ്ങളുടെ കോളർ ഐഡി മാറ്റുന്ന ആപ്പുകൾ ഉപയോഗിക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകും.
ഉപയോഗിക്കുന്ന ഫോൺ വ്യാജമാണോ എന്നറിയാൻ കേന്ദ്ര സർക്കാരിന്റെ ‘സഞ്ചാർ സാത്തി’ പോർട്ടൽ ഉപയോഗിക്കണമെന്നും ടെലികോം വകുപ്പ് നിര്‍ദേശിച്ചു. ഈ പോർട്ടലിലെ ‘കെവൈഎം’ (നോ യുവര്‍ മൊബൈല്‍) സൗകര്യം വഴി ഫോണിന്റെ ബ്രാൻഡ്, മോഡൽ, നിർമ്മാതാവ് തുടങ്ങിയ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്താനാകും. രാജ്യത്തെ ടെലികോം സംവിധാനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും ദുരുപയോഗം തടയാനും കർശനമായ പരിശോധനകൾ ആരംഭിച്ചതായും മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.