
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വോട്ടർ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിന്റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലുള്ള വോട്ടർ പട്ടികയ്ക്കു പകരം 2002 — 2004 ഘട്ടത്തിലെ പട്ടികയുടെ അടിസ്ഥാനത്തിലാണ് തീവ്ര പരിഷ്കരണം തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്നത്. 1950ലെ ജനപ്രാതിനിധ്യ നിയമവും 1960ലെ വോട്ടർ റജിസ്ട്രേഷൻ ചട്ടവും പ്രകാരം നിലവിലുള്ള പട്ടിക അടിസ്ഥാനമാക്കിയാണ് വോട്ടർപട്ടിക പുതുക്കേണ്ടത്. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ തന്നെ അറിയിച്ചിട്ടും എസ്ഐആർ പ്രക്രിയ ഉടൻ നടപ്പാക്കണമെന്ന നിർബന്ധം തെരഞ്ഞെടുപ്പ് കമ്മിഷനെ സംശയത്തിന്റെ നിഴലിലാക്കുന്നതാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
“വോട്ടിങ്ങിനിപ്പോലെ മറ്റൊന്നുമില്ല, ഞാൻ ഉറപ്പായും വോട്ട് ചെയ്യും” എന്നതായിരുന്നു 2024ലെ വോട്ടർ ദിന സന്ദേശം. അതാണ് രാജ്യത്തെമ്പാടും പ്രചരിപ്പിച്ചത്. അത് പ്രചരിപ്പിച്ചവർ തന്നെയാണ് ബിഹാറിൽ 65 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കിയത്. ഭരണഘടനയുടെ അനുച്ഛേദം 326 പൗരന്മാർക്ക് ഉറപ്പുനൽകുന്ന സാർവത്രിക വോട്ടവകാശത്തിൻറെ പൂർണമായ ലംഘനമാണ് ബീഹാറിൽ നടന്നതും ഇനി രണ്ടാംഘട്ടത്തിലേക്ക് വ്യാപിപ്പിക്കാൻ പോകുന്നതുമായ എസ്ഐആർ പ്രക്രിയ. പൗരന്റെ മൗലികാവകാശമായ സമ്മതിദാനം രാഷ്ട്രീയ താൽപര്യത്തിന് അനുസരിച്ച് എടുത്തുമാറ്റാൻ പറ്റുന്നതല്ല. ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണ് എസ്ഐആർ വഴി ഉദ്ദേശിക്കുന്നതെന്ന ആശങ്ക കൂടുതൽ ശക്തമാവുകയാണ്. തങ്ങൾക്ക് അനുയോജ്യമായ രീതിയിൽ വോട്ടർപട്ടിക പുതുക്കാനുള്ള നീക്കമാണ് എസ് ഐ ആറിലൂടെ കേന്ദ്ര ഭരണാധികാരികൾ നടത്തുന്നത്.
ബീഹാർ എസ്ഐആറിന്റെ ഭരണഘടനാ സാധുത സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെത്തന്നെ ഇതേ പ്രക്രിയ മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനെ നിഷ്കളങ്കമായി കാണാൻ കഴിയില്ല. ദീർഘകാല തയ്യാറെടുപ്പും കൂടിയാലോചനയും ആവശ്യമായ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന തിടുക്കത്തിൽ നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണ്. വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങളിൽ നിന്ന് കമ്മിഷൻ പിന്തിരിയണം. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ കളിപ്പാവയാകാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ പോലുള്ള സ്ഥാപനങ്ങളെ അനുവദിച്ചുകൂടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.