
ബിഹാറില്‍ പരീക്ഷിച്ച് ഏറെ വിവാദം സൃഷ്ടിച്ച പ്രത്യേക അതിതീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ (എസ്ഐആര്‍)ത്തിന്റെ ഭാഗമായ വിവരശേഖരണം നാളെ മുതല്‍ ആരംഭിക്കും. ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ എസ്ഐആര്‍ പ്രക്രിയ ആരംഭിക്കുന്നത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 51 കോടി വോട്ടര്‍മാരുടെ വിവരങ്ങളാണ് കമ്മിഷന്‍ എസ്ഐആറിന്റെ ഭാഗമായി പരിശോധിക്കുക. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ നടപടിക്രമം അവസാനിക്കും. വോട്ടര്‍ പട്ടിക ശുദ്ധീകരണമാണ് ലക്ഷ്യമിടുന്നതെന്നാണ് കമ്മിഷന്‍ അവകാശപ്പെടുന്നത്. ആന്‍ഡമാന്‍ ആന്റ് നിക്കോബര്‍ ദ്വീപ്, ലക്ഷദ്വീപ്, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത് , കേരളം, തമിഴ്നാട്, മധ്യപ്രദേശ്, രാജസ്ഥാന്‍ , പുതുച്ചേരി, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീവിടങ്ങളിലാണ് എസ്ഐആര്‍ പ്രക്രിയ ആരംഭിക്കുന്നത്. ബിഹാറില്‍ ആദ്യഘട്ടത്തില്‍ തുടക്കമിട്ട എസ്ഐആറിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും നിരവധി സന്നദ്ധ സംഘടനകളും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
ബിഹാറില്‍ 80 ലക്ഷം വോട്ടര്‍മാരെയാണ് വ്യക്തമായ കാരണം കൂടാതെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറന്തള്ളിയത്. ഇതിനെതിരെ സിപിഐ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും (എഡിആര്‍ ) സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണയിലിരിക്കെയാണ് രണ്ടാംഘട്ട എസ്ഐആര്‍ നടപടി ആരംഭിക്കുന്നത്. അനധികൃത വിദേശ കുടിയേറ്റക്കാരെ, പ്രത്യേകിച്ച് മ്യാന്‍മര്‍, ബംഗ്ലാദേശ് പൗരന്മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയാണ് എസ്ഐആര്‍ വഴി കമ്മിഷന്‍ മുഖ്യമായും ലക്ഷ്യമിടുന്നത്. ബിഹാറില്‍ മുസ്ലിം ന്യുനപക്ഷത്തെയും ദളിത് ആദിവാസി ഗോത്ര വിഭാഗത്തെയും ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല എന്ന് ആരോപിച്ചാണ് കമ്മിഷന്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.
കേരളം, തമിഴ്നാട്, പുതുച്ചേരി , പശ്ചിമ ബംഗാള്‍ എന്നീവിടങ്ങളില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അതിതീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം ആരംഭിക്കുന്നത്. ഇതോടൊപ്പം തെരഞ്ഞെടുപ്പ് നടക്കേണ്ട അസമില്‍ പ്രത്യേക അറിയിപ്പിന് പിന്നാലെയാകും എസ്ഐആര്‍ നടപടിക്രമം ആരംഭിക്കുക എന്നാണ് കമ്മിഷന്‍ അറിയിച്ചത്. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള പൗരത്വ പരിശോധന നടന്നുവരുന്നതാണ് അസമില്‍ പ്രത്യേക എസ്ഐആറിലേക്ക് നയിച്ചത്. ഇന്ന് മുതല്‍ എണ്ണല്‍ പ്രക്രിയയടൊയാണ് പരിശോധന ആരംഭിക്കുക. ഇത് ഡിസംബര്‍ നാല് വരെ തുടരും. ഡിസംബര്‍ ഒമ്പതിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഫെബ്രുവരി ഏഴിനാകും അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക എന്നാണ് കമ്മിഷന്‍ പറയുന്നത്. സ്വാതന്ത്ര്യ ലബ്ദിക്ക്ശേഷമുള്ള ഒമ്പതാമത്തെ വോട്ടര്‍ പട്ടിക പരിഷ്കരണമാണ് ഇത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.