
രാജ്യവ്യാപക തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്ഐആർ) നടപടികള്‍ ആദ്യഘട്ടമായി കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്നുമുതൽ ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. നവംബർ നാല് മുതൽ ഡിസംബർ നാല് വരെയാവും വോട്ടർ പട്ടിക പരിഷ്കരണം. ഡിസംബര്‍ ഒമ്പതിന് കരട് വോട്ടര്‍ പട്ടികയും ഫെബ്രുവരി ഏഴിന് അന്തിമ വോട്ടര്‍ പട്ടികയും പ്രസിദ്ധീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിന് പുറമെ ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ എന്നിവിടങ്ങളിലാണ് ആദ്യഘട്ടം നടപ്പാക്കുന്നത്. ഈ പ്രദേശങ്ങളിൽ വോട്ടർ പട്ടിക മരവിപ്പിച്ചു. ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാന്‍ കഴിയുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ബിഹാറിൽ ആദ്യഘട്ട എസ്ഐആർ വിജയകരമായി പൂർത്തിയാക്കിയതായി കമ്മിഷൻ അവകാശപ്പെട്ടു. 1951 മുതൽ 2004 വരെ രാജ്യത്ത് എട്ട് തവണ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടന്നിട്ടുണ്ട്. എസ്ഐആർ നടപടികളുടെ ഭാഗമായി ബൂത്ത് ലെവൽ ഓഫിസര്‍മാർ (ബിഎൽഒ) ഉൾപ്പെടെയുള്ളവർക്ക് ഇന്നു മുതൽ പരിശീലനം ആരംഭിക്കും. ഓൺലൈൻ വഴിയും അപേക്ഷകൾ സമർപ്പിക്കാം. രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തി എസ്ഐആർ വിശദീകരിക്കാനും അവർ നിർദേശിക്കുന്ന ബൂത്ത് തല ഏജന്റുമാർക്ക് പരിശീലനം നൽകാനും സിഇഒമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ഗ്യാനേഷ് കുമാര്‍ പറഞ്ഞു.
തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യം പരിഗണിച്ച് കേരളത്തെ ആദ്യ ഘട്ട എസ്ഐആറിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടെങ്കിലും ഇത് കമ്മിഷൻ അംഗീകരിച്ചില്ല. അടുത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളെ ആദ്യ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് കമ്മിഷൻ നേരത്തെ സൂചന നൽകിയിരുന്നു. തമിഴ്‌നാട്, പുതുച്ചേരി, കേരളം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൾ 2026 ൽ തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. എസ്ഐആര്‍ നടക്കുന്ന 12 സംസ്ഥാനങ്ങളിലായി ആകെ 51 കോടി വോട്ടര്‍മാരുണ്ട്. 2026 ൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിൽ വോട്ടർ പട്ടികയുടെ പരിഷ്കരണം പ്രത്യേകം പ്രഖ്യാപിക്കുമെന്നും ഗ്യാനേഷ് കുമാർ അറിയിച്ചു. പൗരത്വ നിയമപ്രകാരം അസമിൽ പ്രത്യേക വ്യവസ്ഥകള്‍ ബാധകമായതിനാലാണിതെന്നും അദ്ദേഹം പറഞ്ഞു. ബിഹാറില്‍ എസ്ഐആറിലൂടെ 80 ലക്ഷം വോട്ടുകളാണ് നീക്കിയത്. ഇത് പ്രതിപക്ഷ ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളില്‍ ഇത്തവണ നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം എസ്ഐആർ വോട്ടർ പട്ടികയുടെ കൃത്യത ഉറപ്പാക്കാനും തെറ്റുകൾ തിരുത്താനുമാണ് ലക്ഷ്യമിടുന്നതെന്ന് കമ്മിഷന്‍ അവകാശപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.