
തീവ്ര വോട്ടര്‍ പട്ടിക പുതുക്കലിന് എതിരെ കേരളത്തില്‍ നിന്നുള്ള ഹര്‍ജികള്‍ നാളെ സുപ്രീം കോടതി പരിഗണിക്കും. വിഷയം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ ഉന്നയിച്ചതോടെയാണ് ഹര്‍ജി വേഗത്തില്‍ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയത്. ഹര്‍ജികള്‍ ഇന്ന് പരിഗണിക്കണമെന്ന ആവശ്യമാണ് അഭിഭാഷകര്‍ ഉയര്‍ത്തിയത്. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് സെക്രട്ടറിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ബെഞ്ചിനു മുന്നില്‍ പരാമര്‍ശങ്ങള്‍ക്ക് മുതിര്‍ന്നെങ്കിലും മുതിര്‍ന്ന അഭിഭാഷകരെ പാരാമര്‍ശങ്ങള്‍ക്ക് അനുവദിക്കാറില്ലെന്ന ചട്ടം ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് കപില്‍ സിബല്‍ മാറി ലീഗിന്റെ അഭിഭാഷകന്‍ ഹാരിസ് ബീരാന് വിഷയം അവതരിപ്പിക്കാന്‍ അവസരം നല്‍കി. ഹര്‍ജി അടിയന്തിരമായി പരിഗണിക്കണം എന്ന ആവശ്യം അദ്ദേഹം അവതരിപ്പിച്ചു. വ്യാഴാഴ്ച ഹര്‍ജികള്‍ പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തയ്യാറായില്ല. എന്നാല്‍ കേസുകളുടെ അടിയന്തിര സാഹചര്യം പരിഗണിച്ച് നാളെ കേസുകള്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് വെള്ളിയാഴ്ച വിരമിക്കുന്ന സാഹചര്യത്തില്‍ ഹര്‍ജികള്‍ ഏതു ബെഞ്ചാകും പരിഗണിക്കുക എന്ന കാര്യത്തില്‍ ഇന്നേ തീരുമാനമുണ്ടാകൂ. എസ്ഐ ആറുമായി ബന്ധപ്പെട്ട കേസുകള്‍ നിലവില്‍ നിയുക്ത ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിയുംവരെ എസ്ഐആര്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി, മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സമര്‍പ്പിച്ച ഹര്‍ജി, സിപിഐ(എം) സംസ്ഥാന സെക്രട്ടറിയുടെ ഹര്‍ജി, സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഹര്‍ജി എന്നിവയാണ് നാളെ കോടതിയുടെ പരിഗണനയ്ക്ക് എത്തുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.