22 January 2026, Thursday

Related news

January 19, 2026
January 18, 2026
January 16, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 10, 2026
January 10, 2026
January 9, 2026

എസ്ഐആര്‍: പ്രതിഷേധിച്ച് പ്രതിപക്ഷം

Janayugom Webdesk
ന്യൂഡല്‍ഹി
October 28, 2025 11:00 pm

ബിഹാറില്‍ പരീക്ഷിച്ച് വിവാദം സൃഷ്ടിച്ച പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം (എസ്ഐആര്‍ ) ദേശവ്യാപകമായി നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. ഇന്ന് മുതല്‍ രാജ്യവ്യാപക എസ്ഐആര്‍ പ്രക്രിയയ്ക്ക് തുടക്കമായിരുന്നു. പ്രതിപക്ഷവും വിവിധ സംഘടനകളും സുപ്രീം കോടതിയും എസ്ഐആറിനെതിരെ ഉയര്‍ത്തിയ സംശയം ഇതുവരെ ദൂരികരിക്കാനോ 80 ലക്ഷം വോട്ടര്‍മാരെ ഒഴിവാക്കിയത് ന്യായീകരിക്കാനോ തെരഞ്ഞെടുപ്പ് കമ്മിഷന് ഇതുവരെ സാധിച്ചിട്ടില്ല. ബിഹാറില്‍ 80 ലക്ഷത്തോളം വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്ത് സിപിഐ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും അസോസിയേഷന്‍ ഫോര്‍ ഡെമോക്രറ്റിക് റിംഫോസ് (എഡിആര്‍) സംഘടനയും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്തിമ വിധി പ്രഖ്യാപിച്ചിട്ടുമില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിവാദ എസ്ഐആറുമായി മുന്നോട്ട് പോകാന്‍ തീരുമാനമെടുക്കുകയായിരുന്നു. 

കേരളം, തമിഴ‌്നാട് അടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങള്‍ എസ്ഐആറിനെതിരെ ഇതിനകം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. എസ്ഐആര്‍ തിടക്കപ്പെട്ട് നടത്തുന്നതിനെതിരെ തമിഴ‌്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്തെത്തി. വോട്ടവകാശം ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും അതിനെ ഇല്ലാതാക്കാനുള്ള ഏതൊരു നീക്കത്തിനെതിരെയും തമിഴ‌്നാട് പോരാടുമെന്നും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടവകാശം നിഷേധിക്കുന്നതിനെ ചെറുക്കും. വോട്ട് മോഷണത്തെ പരാജയപ്പെടുത്തുമെന്നും എക്സില്‍ കുറിച്ചു. നവംബര്‍ രണ്ടിന് എസ്ഐആര്‍ സംബന്ധിച്ച് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ടെന്നും അതില്‍ പങ്കെടുക്കണമെന്ന് എല്ലാ പാര്‍ട്ടി നേതാക്കളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി എം വീരപാണ്ഡ്യന്‍, സിപിഐ (എം) നേതാവ് കെ ബാലകൃഷ്ണന്‍, കോണ്‍ഗ്രസ് നേതാവ് കെവി തങ്കബാലു, എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈകോ തുടങ്ങിയവര്‍ എംകെ സ്റ്റാലിന് പിന്തുണ അറിയിച്ചു. പശ്ചിമ ബംഗാളില്‍ എസ്ഐആര്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് ടിഎംസി അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയും അറിയിച്ചു.

അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിലെ 51 കോടി വോട്ടര്‍മാരുടെ പട്ടികയാണ് കമ്മിഷന്‍ പുതുക്കി നിശ്ചയിക്കുക. ‍ ബിഹാറില്‍ അനുവര്‍ത്തിച്ച അതേ നയം തന്നെയാകും രാജ്യവ്യാപക എസ്ഐആറിലും കമ്മിഷന്‍ നടപ്പിലാക്കുക. ബിഹാറില്‍ നിയമ വിരുദ്ധ കുടിയേറ്റക്കാര്‍ എന്ന് മുദ്രകുത്തി മുസ്ലിം വോട്ടര്‍മാരെ വെട്ടിനിരത്തിയതിന്റെ ഫലമായി 80 ലക്ഷം പേര്‍ക്കാണ് സമ്മതിദാന അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നത്.
ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, ലക്ഷദ്വീപ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പുതുച്ചേരി, തമി‌ഴ‌്നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് കേരളത്തിന് പുറമേ വോട്ടര്‍ പട്ടിക പരിഷ്കരണം നടത്തുക. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന അസമില്‍ എസ്ഐആര്‍ ആരംഭിക്കുന്ന തീയതി പ്രത്യേകം പ്രഖ്യാപിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.