
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിയുംവരെ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീം കോടതി നോട്ടീസയച്ചു. 26ന് വീണ്ടും വാദം കേള്‍ക്കും.
കേസ് അടിയന്തിരമായി പരിഗണിക്കണം എന്ന ആവശ്യം ഹര്‍ജിക്കാര്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിനു മുന്നില്‍ കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ കേസ് വിവരങ്ങള്‍ ബന്ധപ്പെട്ടവരെ ഇ മെയില്‍ മുഖേന അറിയിച്ചെങ്കിലും കമ്മിഷന്‍ അഭിഭാഷകര്‍ ഇന്നലെ കോടതിയില്‍ ഹാജരായില്ല. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബഗ്ചി, എസ് വി എന്‍ ഭാട്ടി എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
ഹര്‍ജികളില്‍ ഇടക്കാല സ്റ്റേ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തില്‍ കമ്മിഷന്റെ ഭാഗം കേള്‍ക്കാതെ കോടതിക്ക് തീരുമാനത്തിലേക്ക് കടക്കാനാകില്ല. കേസ് പരിഗണികുന്നത് വൈകിപ്പിച്ച് കേരളത്തിലെ എസ്ഐആര്‍ നടപടികളുടെ പുരോഗതി വേഗത്തിലാക്കി ഹര്‍ജികളെ എതിര്‍ക്കാനുള്ള കമ്മിഷന്റെ തന്ത്രമായാണ് അഭിഭാഷകര്‍ ഹാജരാകാതിരുന്നതെന്ന് ആരോപണമുണ്ട്.
ഹര്‍ജികളില്‍ വേഗത്തില്‍ വാദം കേള്‍ക്കാന്‍ സന്നദ്ധത വ്യക്തമാക്കിയ കോടതി അടുത്ത ബുധനാഴ്ചത്തേക്ക് കേസുകള്‍ മാറ്റി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജരായത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവരാണ് എസ്ഐആറിനെതിരെ സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നത്.
എസ്ഐആറുമായി ബന്ധപ്പെട്ട ഉത്തര്‍ പ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഹര്‍ജികളും പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും കേരളത്തില്‍ നിന്നുള്ള ഹര്‍ജികള്‍ മാത്രമാണ് ബുധനാഴ്ച പരിഗണിക്കുകയെന്ന് ബെഞ്ച് വ്യക്തമാക്കി. കേരളത്തിലെ ഹര്‍ജികളുടെ അടിയന്തിര സ്വഭാവം പരിഗണിച്ചാണ് ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കുന്നതെന്നും കോടതി അറിയിച്ചു. മറ്റ് ഹര്‍ജികള്‍ ഡിസംബര്‍ ആദ്യം പരിഗണിക്കാമെന്നും കോടതി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.