20 January 2026, Tuesday

Related news

January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 12, 2026
January 9, 2026

എസ്ഐആര്‍: അപ്പീലിലെ തീര്‍പ്പിന് മുമ്പ് അന്തിമ പട്ടിക വരും

സ്വന്തം ലേഖകൻ
തിരുവനന്തപുരം
November 29, 2025 11:17 pm

എസ്​ഐആറുമായി ബന്ധപ്പെട്ട്​ ഇലക്ടറൽ രജിസ്​ട്രേഷൻ ഓഫിസറുടെയോ (ഇആർഒ) ജില്ലാ കളക്ടർമാരുടെയോ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കിയാലും അന്തിമ പട്ടികയില്‍ വോട്ടര്‍മാര്‍ ഉള്‍പ്പെടില്ല. കരട് പട്ടിക ഡിസംബര്‍ ഒമ്പതിനാണ് പ്രസിദ്ധീകരിക്കുന്നത്. അന്നുമുതലോ അടുത്ത ദിവസം മുതലോ അപ്പീലും ആക്ഷേപങ്ങളും സമര്‍പ്പിക്കാം. ജനുവരി എട്ട് വരെയാണ് ഇതിനുള്ള സമയം. ഇആർഒമാരുടെ തീരുമാനത്തിനെതിരെ 15 ദിവസത്തിനുള്ളിൽ ഒന്നാം അപ്പീൽ അധികാരിയായ കളക്ടർമാർക്ക്​ അപ്പീൽ നൽകാം. കളക്ട​ർമാരുടെ തീരുമാനത്തിനെതിരെ അടുത്ത 15 ദിവസത്തിനുള്ളിൽ രണ്ടാം അപ്പീൽ അധികാരിയായ സിഇഒയ്ക്കും അപ്പീൽ സമർപ്പിക്കാം. എന്നാല്‍, ജനുവരി 31നാണ്​ ഹിയറിങ്ങും പരിശോധനയും ​പൂർത്തിയാകുന്നത്​. കൃത്യം ആറ്​ ദിവസം കഴിഞ്ഞ്​ ഫെ​ബ്രുവരി ഏഴിന്​ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. ഫലത്തിൽ ഹിയറിങ്ങിലെ തീർ​പ്പിനെതിരെ അപ്പീൽ സമർപ്പിക്കാൻ 15 ദിവസമെന്ന സാവകാശം ലഭിക്കില്ല. 

ഈ പൊരുത്തക്കേട് ഇന്ന് മുഖ്യ​തെരഞ്ഞെടുപ്പ്​ ഓഫിസർ (സിഇഒ) രത്തൻ കേല്‍ക്കര്‍ വിളിച്ച യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയെങ്കിലും അപ്പീലുകൾ ഇല്ലാതെ പട്ടിക തയ്യാറാക്കാനാണ്​ ശ്രമിക്കുന്നതെന്നായിരുന്നു കേല്‍ക്കറുടെ മറുപടി. മാത്രമല്ല, ഹിയറിങ്ങിലും അപ്പീൽ സമർപ്പിക്കുന്നതിലുമടക്കം ആശയക്കുഴപ്പവും വ്യക്തതക്കുറവു​ണ്ടെന്നതും യോഗത്തിൽ വിമർശനം ഉയർന്നു. അപ്പീല്‍ സമര്‍പ്പിക്കേണ്ടത് എങ്ങനെയാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. അപേക്ഷയ്ക്ക്​ നിശ്ചിത ഫോമുണ്ടോ, ഇത്​ ആരുടെ കൈവശമാണ്​ സമർപ്പിക്കേണ്ടത്​, എന്ന്​ മുതലാണ്​ സമർപ്പിക്കേണ്ടത്​, ഓൺലൈൻ അപേക്ഷയാണോ എന്നതൊന്നും വ്യക്തത വരുത്താൻ കമ്മിഷൻ തയ്യാറായിട്ടില്ല. 

തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം തന്നെ എസ്ഐആര്‍ നടത്തണമെന്ന വാശി കമ്മിഷന് എന്തിനാണെന്ന് യോഗത്തില്‍ സംസാരിച്ച സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി ചോദിച്ചു. ജനങ്ങളെ സമ്മര്‍ദത്തിലാക്കി അവര്‍ക്കെതിരെ വാളെടുക്കുകയാണ്. എസ്ഐആറിന് ഇത്ര ധൃതിപ്പെടേണ്ടതിന്റെ ആവശ്യമെന്താണെന്നും ഇതിനു പിന്നില്‍ രാഷ്ട്രീയ അജണ്ടയാണെന്നും സത്യൻ മൊകേരി പറഞ്ഞു. എം വിജയകുമാര്‍ (സിപിഐ(എം), എം കെ റഹ്​മാൻ (കോൺഗ്രസ്​), മാത്യു ജോർജ്​ (കേരള കോൺഗ്രസ്​), കെ ജയകുമാർ, പി ജി പ്രസന്നകുമാർ (ആർഎസ്​പി) ജെ ആർ പദ്മകുമാർ (ബി​​ജെപി) എന്നിവരും സംസാരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.