കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം തട്ടിയെടുക്കാനെത്തിയ ആറുപേർ അറസ്റ്റിൽ. 3.18 കിലോയോളം തൂക്കംവരുന്ന ഒന്നേമുക്കാല്‍ കോടി രൂപയുടെ സ്വർണവുമായി മൂന്നു കാരിയർമാരും പിടിയിലായി. ഗള്‍ഫില്‍നിന്നു കടത്തികൊണ്ടുവരുന്ന സ്വർണം തട്ടിയെടുത്തു രക്ഷപ്പെടാനായിരുന്നു പൊട്ടിക്കൽ സംഘത്തിന്റെ പദ്ധതി. സിവിൽ ഡ്രസിൽ പൊലീസുകാരെന്ന ഭാവേന വാഹനത്തിൽ കയറ്റി കൊണ്ടുപോയി സ്വർണ്ണം തട്ടാനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്. എന്നാൽ കാരിയർമാരായ മൂന്ന് യാത്രക്കാരും എയർപോർട്ടിനുള്ളിൽ വച്ചു കസ്റ്റംസ് പിടിയിലായതോടെ ഇവരുടെ പദ്ധതി പാളുകയായിരുന്നു.
ജിദ്ദയിൽനിന്നുള്ള വിമാനത്തിൽ കൊണ്ടുവരുന്ന സ്വർണത്തെക്കുറിച്ച് കാരിയർമാരില്‍ ഒരാളാണ് പൊട്ടിക്കൽ സംഘത്തെ വിവരം അറിയിച്ചത്. സംഘത്തിലെ ആറുപേർക്കും വിവരമറിയിച്ച കാരിയർക്കും തുല്യമായി ഇതു വീതിക്കാനായിരുന്നു പദ്ധതി. തന്റെ ഒപ്പമുള്ള രണ്ടുപേരുടെ കൈവശം ഒന്നേമുക്കാല്‍ കോടിയുടെ സ്വർണം ഉണ്ടെന്നായിരുന്നു കാരിയർ അറിയിച്ചത്. ഇതു പ്രകാരം പൊട്ടിക്കൽ സംഘം രണ്ടു വാഹനങ്ങളിൽ ആയുധങ്ങളുമായി കരിപ്പൂരിൽ കാത്തുനിന്നു. പൊലീസുകാർ ആണെന്ന വ്യാജേന ഇവരെ തടഞ്ഞുനിർത്തി സ്വർണം തട്ടാനായിരുന്നു നീക്കം.
ഇതേസമയം ജിദ്ദ വിമാനത്തിൽ കാരിയർമാർ സ്വർണവുമായി എത്തുന്ന വിവരമറിഞ്ഞ് കസ്റ്റംസ് ഉദ്യോഗസ്ഥരും കാത്തുനിൽക്കുകയായിരുന്നു. വിമാനത്തിൽ എത്തിയ ഉംറ യാത്രക്കാരായ ഷഫീഖ് (31), റമീസ് (28), ഫത്ത് (29) എന്നിവരെ സംശയം തോന്നിയതിനാൽ കസ്റ്റംസ് സംഘം എക്സ്റേ എടുക്കാൻ കൊണ്ടുപോയി. ഈ സമയം പുറത്തു കാത്തുനിന്ന പൊട്ടിക്കൽ സംഘം കസ്റ്റംസിനെ പിന്തുടർന്നു. ഇവരുടെ പക്കൽനിന്ന് സ്വർണം തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഈ സമയം സംശയം തോന്നിയ വിമാനത്താവളത്തിലെ പൊലീസുകാർ തട്ടിപ്പ് സംഘത്തെ വളഞ്ഞ് പിടികൂടുകയായിരുന്നു.
പെരിന്തൽമണ്ണ ഏലംകുളം സ്വദേശികളായ മുഹമ്മദ് സുഹൈൽ, അൻവർ അലി, മുഹമ്മദ് ജാബിർ, അമൽ കുമാർ, ഒറ്റപ്പാലം സ്വദേശി മുഹമ്മദലി, മണ്ണൊർക്കാട് സ്വദേശി ബാബുരാജ് എന്നിവരാണ് പിടിയിലായത്. കാരിയർമാരിൽനിന്ന് നാലു കാപ്സ്യൂളുകളായി ഒളിപ്പിച്ച സ്വർണം പിടികൂടി. രണ്ടു വാഹനങ്ങളും ആയുധങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.
English Summary: Six arrested for stealing gold from Karipur Airport
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.