23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

കെ സുരേന്ദ്രനെതിരെ മുദ്രാവാക്യം; കാസര്‍കോട് ജില്ലാ ആസ്ഥാനം ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകര്‍

Janayugom Webdesk
കാസര്‍കോ‍‍ട്
February 20, 2022 1:22 pm

ബിജെപി നേതൃത്വത്തിനെതിരെ കാസര്‍കോട്ട് പ്രവര്‍ത്തകരുടെ പരസ്യകലാപം. ജില്ലാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തകര്‍ താഴിട്ടുപൂട്ടിയശേഷം ഇരുന്നൂറിലേറെ പ്രവര്‍ത്തകര്‍ ഓഫീസ് ഉപരോധിച്ചു. കാലങ്ങളായി പുകഞ്ഞുകത്തുന്ന ആഭ്യന്തരകലാപം തെരുവിലേക്കെത്തിയതോടെയാണ് ഓഫീസ് പൂട്ടിയിടുന്ന നടപടികളിലേക്ക് വരെ പ്രവര്‍ത്തകര്‍ എത്തിയത്. കാസര്‍കോട് കുമ്പളയില്‍ പഞ്ചായത്ത് ഭരണസമിതിയുമായി ബന്ധപ്പെട്ട് വന്‍പ്രതിഷേധമാണ് ജില്ലാ നേതൃത്വത്തിനെതിരെ ഉയര്‍ന്നിരുന്നത്. ഇത് സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം പോലും ഇടപെടാതെ വന്നതോടെയാണ് പ്രതിഷേധം രൂക്ഷമായത്. ഇരുനൂറിലേറെ ബിജെപി പ്രവര്‍ത്തകരാണ് മഞ്ചേശ്വരം, കുമ്പള ഭാഗങ്ങളില്‍ നിന്ന് കാസര്‍കോടെത്തി താളിപ്പടുപ്പിലെ ജില്ലാ കമ്മിറ്റി ഓഫീസ് താഴിട്ട് പൂട്ടി പ്രതിഷേധിച്ചത്. തുടര്‍ന്ന് ഒന്നരമണിക്കൂറോളം സമയം ഉപരോധസമരം നടത്തി. 

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ 23 അംഗങ്ങളുള്ള പഞ്ചായത്തില്‍ യുഡിഎഫിന് പത്തും ബിജെപിക്ക് ഒമ്പതും സിപിഐ(എം)ന് മൂന്നും എസ്ഡിപിഐക്ക് ഒന്നും സീറ്റുകളാണ് ലഭിച്ചത്. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പില്‍ മൂന്ന് അധ്യക്ഷസ്ഥാനങ്ങളില്‍ രണ്ടെണ്ണം ബിജെപിക്കും ഒരെണ്ണം സിപിഐ(എം)നും ലഭിച്ചു. ഇതിനുകാരണം നേതൃത്വത്തിന്റെ ബാന്ധവമാണെന്നാണ് ബിജെപി അണികള്‍ ആരോപിക്കുന്നത്. ക്ഷേമകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി വിജയിച്ച സിപിഐ(എം)ലെ എസ് കൊഗു 1998ല്‍ ബിജെപി പ്രവര്‍ത്തകന്‍ വിനു കോയിപ്പാടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു. ഇതാണ് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് കാരണമായത്. 

പഞ്ചായത്ത് ഭരണസമിതി തെരഞ്ഞെടുപ്പില്‍ പ്രശ്നമുണ്ടായ ഘട്ടത്തില്‍ അന്നത്തെ ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്തിനും സംസ്ഥാന കമ്മിറ്റിയംഗം പി സുരേഷ്‌കുമാര്‍ ഷെട്ടിക്കുമെതിരെ പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക മന്ത്രി വി സുനില്‍കുമാറിന്റെ സാന്നിധ്യത്തില്‍ കെ സുരേന്ദ്രന്‍ ഉറപ്പുനല്‍കി. എന്നാല്‍ ശ്രീകാന്തിനെ സംസ്ഥാന സെക്രട്ടറിയായും സുരേഷ്‌കുമാര്‍ ഷെട്ടിയെ ഉത്തരമേഖല ജനറല്‍ സെക്രട്ടറിയായും ഉയര്‍ത്തുന്ന നടപടിയാണ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. 

കഴിഞ്ഞ ദിവസം കാസര്‍കോട് നഗരത്തിലെ ബിജെപിയുടെ സജീവപ്രവര്‍ത്തകനും കൊലക്കേസുകളില്‍ പ്രതിയുമായ ജ്യോതിഷ് ആത്മഹത്യ ചെയ്തിരുന്നു. ജ്യോതിഷിന്റെ അമ്മാവന്‍ വിജയന്‍ ആദ്യകാല രക്തസാക്ഷികളില്‍ ഒരാളാണ്. ഈ കുടുംബത്തിനാവശ്യമായ സംരക്ഷണമോ സാമ്പത്തിക സഹായമോ നല്‍കാന്‍ നേതൃത്വം തയാറായില്ലെന്നും ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് പി രമേശ് ഉള്‍പ്പെടെ 15 ഓളം നേതാക്കള്‍ ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാറിന് രാജിക്കത്ത് നല്‍കിയിരുന്നു. ദീന്‍ ദയാല്‍ ഉപാധ്യായ അനുസ്മരണത്തില്‍ കെ സുരേന്ദ്രന്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധക്കാര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. എന്നാല്‍ പ്രതിഷേധ വിവരമറിഞ്ഞ സുരേന്ദ്രന്‍ പരിപാടി റദ്ദാക്കുകയായിരുന്നു. ഈ മാസം 24നുള്ളില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ പ്രക്ഷോഭം കടുപ്പിക്കുമെന്ന് പ്രതിഷേധക്കാര്‍ സംസ്ഥാന പ്രസിഡന്റിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Eng­lish Sumam­ry: Slo­gan against K Suren­dran; BJP activists block­ade Kasar­god dis­trict headquarters

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.