യുവജനങ്ങൾക്കിടയിൽ വർധിച്ചുവരുന്ന അക്രമവാസനക്കെതിരെ സ്‌നേഹസന്ദേശം പ്രചരിപ്പിക്കുന്നതിനായി ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഐഎച്ച്ആർഡിയുടെ നേതൃത്വത്തിൽ ‘സ്‌നേഹത്തോൺ’ സംഘടിപ്പിക്കും. നാളെ വിവിധ നഗരകേന്ദ്രങ്ങളിൽ ഇതിന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിക്കും.
സംസ്ഥാനത്തെ 88 ഐഎച്ച്ആർഡി സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ വിവിധ നഗരകേന്ദ്രങ്ങളിൽ ലഹരിവ്യാപനത്തിനെതിരെ ‘റൺ എവേ ഫ്രം ഡ്രഗ്സ്’ എന്ന പേരിൽ കൂട്ടയോട്ടം നടക്കും. രാവിലെ 7.30ന് ആരംഭിക്കുന്ന കൂട്ടയോട്ടത്തിൽ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട പ്രമുഖരടക്കം പങ്കാളികളാകുമെന്ന് മന്ത്രി ആര്‍ ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൂട്ടയോട്ടത്തിന്റെ സംസ്ഥാനതല ഫ്ലാഗ്ഓഫ് മന്ത്രി ആർ ബിന്ദു കൊല്ലത്ത് നിർവഹിക്കും. ഐഎച്ച്ആർഡി സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്‌നേഹമതിൽ തീർക്കും. തുടർന്ന് നൂറു കേന്ദ്രങ്ങളിൽ ഒരുക്കുന്ന സ്‌നേഹസംഗമത്തിൽ ഉന്നത സാംസ്‌കാരിക- സാമൂഹിക വ്യക്തിത്വങ്ങൾ വിദ്യാർത്ഥികളുമായി സംവദിയ്ക്കും.
കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഐഎച്ച്ആർഡി വിദ്യാർത്ഥികളും ജീവനക്കാരും സമൂഹത്തിന്റെ സമസ്ത മേഖലകളിലെയും ഉന്നതവ്യക്തിത്വങ്ങൾക്കൊപ്പം ‘റൺ എവേ ഫ്രം ഡ്രഗ്സ് ’ കൂട്ടയോട്ടത്തിൽ പങ്കാളികളാവും. തുടർന്ന് ലഹരി എന്ന മഹാവിപത്തിനെതിരെയുള്ള തുടർ പ്രചാരണപരിപാടികൾക്കും ഐഎച്ച്ആർഡി നേതൃത്വം നൽകും. ഉന്നതവിദ്യാഭ്യാസ രംഗത്ത് നൂതനങ്ങളായ പരിപാടികളായി നിർമ്മിതബുദ്ധി അന്താരാഷ്ട്ര കോൺക്ലേവ്, കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക്, സ്‌കിൽ എൻഹാൻസ്‌മെന്റ് സെന്ററുകൾ എന്നിവ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന ഐഎച്ച്ആർഡി സ്ഥാപനങ്ങളിൽ ലഹരിക്കും അക്രമവാസനയ്ക്കുമെതിരെ പുതിയ അവബോധ സൃഷ്ടിക്കാണ് ഇതുവഴി ലക്ഷ്യം വെയ്ക്കുന്നത്. സ്‌നേഹം, സൗഹാർദ്ദം, സന്തോഷം എന്നിവയിലേക്കു നയിക്കുന്ന ജീവിതമൂല്യങ്ങൾ കാമ്പസുകളിലും സമൂഹത്തിലും പ്രചരിപ്പിക്കുന്നതാവും സംസ്ഥാനത്തെ നൂറു കേന്ദ്രങ്ങളിൽ ഐഎച്ച്ആർഡി ഒരുക്കുന്ന സ്‌നേഹസംഗമങ്ങൾ. വാര്‍ത്താസമ്മേളനത്തില്‍ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ. വി എ അരുണ്‍കുമാര്‍, അക്കാദമിക് കോഡിനേറ്റര്‍ ഡോ. ലത, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എസ് സജിത് എന്നിവര്‍ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.