സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇവർക്ക് കരുതലേകുന്ന കുടുംബശ്രീ സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്ററുകളുടെ പ്രവർത്തനം എല്ലാ ഡിവൈഎസ്‌പി ഓഫിസുകളിലും തുടങ്ങുന്നു. ഈ മാസം പകുതിയോടെ പ്രവർത്തനം തുടങ്ങും വിധമാണ് ക്രമീകരണം. ഇതിനായി കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന 84 കമ്മ്യൂണിറ്റി കൗൺസലർമാരെ തെരഞ്ഞെടുത്തിട്ടുണ്ട്. അതിക്രമങ്ങള്‍ക്ക് ഇരയായി പൊലീസ് സ്റ്റേഷനുകളില്‍ എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ കൗണ്‍സിലിങ് സേവനങ്ങള്‍ നല്‍കുകയാണ് ലക്ഷ്യം. ആലപ്പുഴ ജില്ലയിൽ അഞ്ച് സെന്ററുകളാണ് പ്രവർത്തനം തുടങ്ങുക. ഡിവൈഎസ്‌പി, എസ്‌പി ഓഫിസുകളുടെ പരിധിയില്‍ വരുന്ന പൊലീസ് സ്റ്റേഷനുകളില്‍ സെന്റർ പ്രവർത്തിപ്പിക്കാൻ സ്ഥല സൗകര്യമില്ലെങ്കില്‍ സബ്ഡിവിഷന് പരിധിയിലുള്ള മറ്റു പൊലീസ് സ്റ്റേഷനുകളിൽ ഇതിനായി സൗകര്യം കണ്ടെത്തും. പരാതിക്കാരുടെ ആവശ്യവും കേസിന്റെ പ്രാധാന്യവും കണക്കിലെടുത്ത് പൊലീസിന്റെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാകും കൗണ്‍സിലിങ് സേവനങ്ങള്‍ നല്‍കുന്നത്. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ രണ്ടു ദിവസമായിരിക്കും കൗണ്‍സിലിങ് ഏർപ്പെടുത്തുന്നത്. സ്റ്റേഷൻ ഹൗസ് ഓഫിസറുടെ നിര്‍ദേശ പ്രകാരമായിരിക്കും ഏത് ദിവസം, എത്രപേർക്ക് കൗണ്‍സിലിങ് തുടങ്ങിയവ നിശ്ചയിക്കുന്നത്.
നിലവിൽ സംസ്ഥാനത്തെ 12 സ്റ്റേഷനുകളിൽ പദ്ധതി പ്രവർത്തിക്കുന്നുണ്ട്. ഇത് വിജയകരമായതിനെത്തുടർന്നാണ് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നത്. പത്തനംതിട്ടയിൽ അഞ്ച്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ ഒന്നും വയനാട് മൂന്നുമാണ് പ്രവർത്തിക്കുന്നത്. ഇതിൽ സുൽത്താൻ ബത്തേരിയിൽ മാത്രമാണ് ഡിവൈഎസ്‌പി ഓഫിസിലുള്ളത്. ബാക്കിയുള്ളവ മറ്റ് പൊലീസ്റ്റ് സ്റ്റേഷനുകളിലുമാണ് പ്രവർത്തിക്കുന്നത്. പരാതിക്കാര്‍ക്ക് നിര്‍ഭയമായി കാര്യങ്ങള്‍ തുറന്നു പറയാനും ആവശ്യമായ പിന്തുണകള്‍ ലഭ്യമാകുന്നതിനും പദ്ധതി സഹായിക്കും. വിദഗ്ധ മാനസികാരോഗ്യ ചികിത്സ ആവശ്യമുള്ളവർക്ക് അത് ഉറപ്പാക്കാനുള്ള റാഫറൽ സംവിധാനവും ഉണ്ടാകും. അതിക്രമങ്ങൾ നേരിടേണ്ടിവന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ നിയമസഹായം, താല്‍ക്കാലിക താമസം, കൗൺസിലിങ് എന്നിവ നൽകുന്നതിനായി പ്രവർത്തിക്കുന്ന കുടുംബശ്രീ സംവിധാനമാണ് സ്‌നേഹിത ജെൻഡർ ഹെല്‍പ്പ് ഡെസ്‌ക്. നിലവിൽ പതിനാല് ജില്ലകളിലും സ്നേഹിത പ്രവർത്തിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.