മേജര്‍ ലീഗ് സോക്കറിന്റെ 29-ാം പതിപ്പിന് ഇന്ന് കിക്കോഫ്. പുലർച്ചെ 6.30ന് നടക്കുന്ന ലീഗിലെ ആദ്യ മത്സരത്തില്‍ ലയണല്‍ മെസിയുടെ ഇന്റർ മിയാമി റയല്‍ സാള്‍ട്ട് ലേക്കിനെ നേരിടും. ലയണല്‍ മെസി യുഎസിലേക്കെത്തിയതോടെ ഇവിടത്തെ ഫുട്ബോള്‍ ആരാധകരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണുണ്ടായിട്ടുള്ളത്. അതുകൊണ്ട് തന്നെ ഫുട്ബോള്‍ ലോകം ഒന്നടങ്കം യുഎസിലേക്ക് ഉറ്റുനോക്കുകയും ചെയ്യുന്ന വര്‍ഷമാണിത്. അടുത്ത വര്‍ഷത്തെ ക്ലബ്ബ് ലോകകപ്പും 2026 ഫുട്‌ബോള്‍ ലോകകപ്പും യുഎസിലാണ് നടക്കുക.
ഫുട്ബോള്‍ ലോകത്തെ യുഎസിലേക്ക് കൂടുതല്‍ ആകര്‍ഷിച്ചതിന് പ്രധാന കാരണം മെസി തന്നെയാണ്. കഴിഞ്ഞ സീസണിന്റെ പകുതിയോടെയാണ് മെസി മയാമിയില്‍ എത്തിയത്. മെസി അരങ്ങേറുമ്പോള്‍ ലീഗില്‍ 15-ാം സ്ഥാനത്തായിരുന്നു ഇന്റർ മിയാമി. ലീഗ്സ് കപ്പില്‍ മെസിയും സംഘവും മുത്തമിട്ടെങ്കിലും എംഎല്‍എസില്‍ കാര്യമായ മുന്നേറ്റം സാധ്യമായില്ല. എന്നാല്‍ തുടര്‍ച്ചയായ വിജയങ്ങള്‍ സ്വന്തമാക്കാന്‍ മിയാമിക്കായിരുന്നു. പിന്നാലെ മെസിക്ക് പരിക്കേറ്റതും ക്ലബ്ബിന് തിരിച്ചടിയായി. മേജർ ലീഗ് സോക്കറിന്റെയും ഇന്റർ മയാമിയുടെയും വിപണിമൂല്യവും ടിക്കറ്റ് നിരക്കും കുതിച്ചുയർന്നു.
ക്ലബ്ബ് ജേഴ്സിക്കായി ആരാധകർ നെട്ടോട്ടമോടി. സൂപ്പര്‍താരത്തിന് പിന്നാലെ ബാഴ്സ സഹതാരങ്ങളായ സെര്‍ജി ബുസ്‌കെറ്റ്‌സ്, ജോര്‍ഡ് ആല്‍ബ, ലൂയി സുവാരസ് തുടങ്ങിയവരും ക്ലബ്ബിലെത്തി. അടുത്തിടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറെ മെസി മിയാമിയിലേക്ക് ക്ഷണിച്ചിരുന്നു. നെയ്മര്‍ കൂടിയെത്തുമ്പോള്‍ ബാഴ്സയിലുണ്ടായിരുന്ന എംഎസ്എന്‍ (മെസി, സുവാരസ്, നെയ്മര്‍) ത്രയസഖ്യത്തെ വീണ്ടും ഫുട്ബോള്‍ ലോകത്തിന് കാണാന്‍ സാധിക്കും.
പുതിയ സീസണിലെത്തുമ്പോള്‍ അർജന്റീനൻ ഇതിഹാസത്തിന് മുന്നില്‍ രണ്ട് സുപ്രധാന ദൗത്യങ്ങളാണുള്ളത്. മേജർ ലീഗ് സോക്കറില്‍ ഇന്റർ മയാമിയുടെ മുന്നേറ്റം ഉറപ്പിക്കുക. കോപ്പ അമേരിക്ക ഉള്‍പ്പെടെയുള്ള ടൂർണമെന്റിന് ടീമിനെ തയ്യാറെടുപ്പിക്കുക.
English Summary:Soccer world to US; Kickoff for MLS today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.