27 February 2026, Friday

Related news

February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 24, 2026
February 24, 2026

ഇന്ത്യയിൽ സമൂഹമാധ്യമങ്ങള്‍ ജാതി വിവേചനം തീവ്രമാക്കുന്നു

ദളിത് വിഭാഗങ്ങൾ പാർശ്വവൽക്കരിക്കപ്പെടുന്നു 
Janayugom Webdesk
ന്യൂഡൽഹി
February 27, 2026 8:51 pm

ഇന്ത്യയിൽ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ ജാതി വിവേചനം ശക്തമാക്കാൻ കാരണമാകുന്നതായി യുകെയിലെ ബാത്ത് സർവകലാശാലയുടെ പഠന റിപ്പോർട്ട്. ശബ്ദമില്ലാത്തവരുടെ ശബ്ദമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സമൂഹമാധ്യമങ്ങൾ പലപ്പോഴും ദളിത് വിഭാഗങ്ങളെ നിശബ്ദരാക്കാനും അവര്‍ക്ക് നേരെയുള്ള വിവേചനം ദൃഢപ്പെടുത്താനുമാണ് സഹായിക്കുന്നത്.
147 കോടി ജനങ്ങളുള്ള ഇന്ത്യയിൽ 20 കോടിയോളം വരുന്ന ദളിത് ജനത സാമൂഹികവും സാമ്പത്തികവുമായി ഇപ്പോഴും പിന്നോക്കാവസ്ഥയിലാണെന്ന് പഠനം വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളിലെ പക്ഷപാതപരമായ അൽഗോരിതങ്ങൾ ദളിത് ചരിത്രത്തെയും അവരുടെ സംഭാവനകളെയും ബോധപൂർവം മറച്ചുപിടിക്കുകയാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോക്ടർ പർദീപ് ആത്രി പറഞ്ഞു. അംബേദ്കർ ജയന്തി പോലുള്ള പ്രധാന ആഘോഷങ്ങൾക്ക് അർഹമായ പ്രാധാന്യം നൽകാതെ, അംബേദ്കർ പൈതൃകത്തെ വളച്ചൊടിക്കാനാണ് പല ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും ശ്രമിക്കുന്നത്. ഹിന്ദുത്വ പ്രത്യയശാസ്ത്രങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്ന ഡിജിറ്റൽ ഇടങ്ങളിൽ ദളിത് സ്വത്വങ്ങൾ അടിച്ചമർത്തപ്പെടുകയാണ്.
ബാങ്കിങ്, റെയിൽവേ, സ്വകാര്യ വ്യവസായം തുടങ്ങിയ മേഖലകളിൽ രാജ്യം പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ദളിത് വിഭാഗങ്ങൾക്ക് ഈ മേഖലകളിൽ ഇപ്പോഴും അർഹമായ പ്രാധാന്യം ലഭിക്കുന്നില്ല. ഇത്തരം തൊഴിലിടങ്ങളിൽ എത്തുന്നവർ പോലും കടുത്ത ജാതി വിവേചനത്തിനും പീഡനത്തിനും ഇരയാകുന്നുണ്ട്. ഭൂരിഭാഗം ദളിതരും ഇപ്പോഴും ശുചീകരണം, തുകല്‍പ്പണി തുടങ്ങിയ പരമ്പരാഗത മേഖലകളിൽ തന്നെ തുടരാൻ നിർബന്ധിതരാകുന്നുവെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു.
സമൂഹമാധ്യമങ്ങളിലെ റിപ്പോർട്ടിങ് സംവിധാനങ്ങൾ ദളിത് വിഭാഗങ്ങളെ ശിക്ഷിക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. കടുത്ത ട്രോളിങ്ങും സൈബർ ആക്രമണങ്ങളും കാരണം ദളിത് വിഭാഗങ്ങളിൽ നിന്നുള്ളവർ സമൂഹമാധ്യമങ്ങളില്‍ നിന്ന് പിന്മാറാൻ നിർബന്ധിതരാകുന്നു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ സവർണജാതി ആധിപത്യം നിലനിൽക്കുന്നത് വിദ്വേഷ പ്രചാരണങ്ങൾ തടയുന്നതിന് തടസമാകുന്നു. വിദ്വേഷം നിറഞ്ഞ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനും ദളിത് വിരുദ്ധ ട്രോളിങ് തടയുന്നതിനും മതിയായ മോഡറേറ്റർമാരുടെ സേവനം അടിയന്തരമായി ഉറപ്പാക്കണമെന്നും ഡോക്ടർ പർദീപ് ആത്രി ആവശ്യപ്പെട്ടു.
ഇന്ത്യയിലെ ദളിത് മധ്യവർഗം വളരുന്നുണ്ടെങ്കിലും അവരുടെ പുരോഗതിയുടെ വേഗത വളരെ കുറവാണ്. ജാതി വിവേചനം കുറയ്ക്കുന്നതിന് സഹായിക്കേണ്ട സാങ്കേതിക വിദ്യകൾ നിർഭാഗ്യവശാൽ വിവേചനം വര്‍ധിപ്പിക്കാനാണ് ഉപയോഗിക്കപ്പെടുന്നത്. മുഖ്യധാരാ മാധ്യമങ്ങളിലെയും സമൂഹമാധ്യമങ്ങളിലെയും ജാതി വിവേചനം പരിഹരിക്കാൻ സർക്കാർ തലത്തിൽ കർശനമായ ഇടപെടലുകൾ വേണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.