16 February 2026, Monday

Related news

February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 15, 2026
February 15, 2026
February 15, 2026

സാമൂഹിക സുരക്ഷാ പെൻഷൻ കേന്ദ്രം കയ്യൊഴിഞ്ഞു; സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങൾക്ക്

*പട്ടിക പരിഷ്കരിക്കാനും നിർദേശം
Janayugom Webdesk
ന്യൂഡല്‍ഹി
February 16, 2026 10:33 pm

രാജ്യത്തെ മൂന്ന് കോടിയിലധികം ഗുണഭോക്താക്കളുള്ള ദേശീയ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയുടെ (എൻഎസ്എപി) സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങൾ ഏറ്റെടുക്കണമെന്ന് കേന്ദ്ര സർക്കാർ. വയോജനങ്ങൾ, വിധവകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് നൽകുന്ന പെൻഷൻ തുക സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് കണ്ടെത്തണമെന്നാണ് കേന്ദ്ര നിർദേശം. രാജ്യസഭയിൽ കേന്ദ്ര ഗ്രാമീണ വികസന സഹമന്ത്രി കമലേഷ് പസ്വാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ 2007 മുതൽ 12 വരെയുള്ള കാലയളവിൽ തയ്യാറാക്കിയ പട്ടിക പ്രകാരമാണ് പെൻഷൻ വിതരണം ചെയ്യുന്നത്. ഈ പട്ടിക കാലഹരണപ്പെട്ടതാണെന്നും പുതിയ പട്ടിക തയ്യാറാക്കി അർഹരായവരെ ഉൾപ്പെടുത്താനുള്ള നടപടികൾ സംസ്ഥാനങ്ങൾക്ക് ആരംഭിക്കാമെന്നും കേന്ദ്രം അറിയിച്ചു. പെൻഷൻ തുക വർധിപ്പിക്കുന്ന കാര്യത്തിലും തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകളുടെ ചുമലിലാക്കി. 2012ന് ശേഷം ഗുണഭോക്തൃ പട്ടിക വിപുലീകരിക്കാത്തതിനാൽ ലക്ഷക്കണക്കിന് അർഹർ പുറത്തുനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നിർദേശം വന്നിരിക്കുന്നത്.

നാഷണൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാമിന് (എൻഎസ്എപി) കീഴിൽ ഇന്ദിരാഗാന്ധിയുടെ പേരിൽ മൂന്ന് പ്രധാന ഉപപദ്ധതികളാണ് നിലവിലുള്ളത്. 60 മുതൽ 79 വയസ് വരെയുള്ളവർക്ക് പ്രതിമാസം 200 രൂപ വയോജന പെൻഷൻ, 40 വയസിന് മുകളിലുള്ള വിധവകള്‍ക്ക് പ്രതിമാസം 300 രൂപ പെൻഷൻ, മുതിർന്ന ഭിന്നശേഷിക്കാർക്ക് പ്രതിമാസം 300 രൂപ പെൻഷൻ എന്നിവ. ഗുണഭോക്താക്കൾ 80 വയസ് പിന്നിടുമ്പോൾ പ്രതിമാസം 500 രൂപ വീതമാണ് നൽകുന്നത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് (ബിപിഎൽ) മാത്രമാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. നിലവിൽ 3.09 കോടി ആളുകൾ എൻ‌എസ്‌എ‌പി പരിധിയിലുണ്ട്. ഗുണഭോക്താക്കളുടെ എണ്ണത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനാടിസ്ഥാനത്തില്‍ പരിധി ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ യോഗ്യരായ ഗുണഭോക്താക്കളുണ്ടെങ്കിൽ, സംസ്ഥാനങ്ങൾക്ക് സ്വന്തം സ്രോതസുകളിൽ നിന്ന് സാമ്പത്തിക സഹായം നൽകാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

ജിഎസ‌്ടി വിഹിതം ലഭിക്കുന്നതിലെ കാലതാമസവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ പുതിയ നീക്കം വലിയ തിരിച്ചടിയാകും. നിലവിൽ തന്നെ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കേന്ദ്ര വിഹിതത്തെക്കാൾ വലിയൊരു തുക സ്വന്തം ഫണ്ടിൽ നിന്ന് ചേർത്താണ് സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്നത്.
പെൻഷൻ പട്ടിക പുതുക്കുന്നതും തുക വർധിപ്പിക്കുന്നതും സംസ്ഥാനങ്ങൾക്കുമേൽ അമിതമായ സാമ്പത്തിക ഭാരം അടിച്ചേല്പിക്കുന്നതിന് തുല്യമാണെന്ന് വിമർശനം ഉയരുന്നുണ്ട്. അർഹരായവർക്ക് പെൻഷൻ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുമ്പോഴും അതിനുള്ള സാമ്പത്തിക സ്രോതസ് സംസ്ഥാനങ്ങൾ കണ്ടെത്തണമെന്ന കേന്ദ്ര നിലപാടിനെതിരെയാണ് പ്രതിഷേധം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.