20 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 16, 2024
October 26, 2024
October 2, 2024
September 20, 2024
August 23, 2024
August 20, 2024
August 7, 2024
August 3, 2024
August 3, 2024
August 1, 2024

സാമൂഹ്യ സുരക്ഷാ പെന്‍ഷനു കേന്ദ്രം പ്രതിവര്‍ഷം നല്‍കേണ്ടത് 232 കോടി

സാമൂഹ്യ സുരക്ഷ പെന്‍ഷന്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ്
webdesk
തിരുവനന്തപുരം
April 18, 2023 9:13 pm

വിഷുവും ചെറിയ പെരുന്നാളും അനുബന്ധിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളിലെ സാമൂഹ്യസുരക്ഷ പെന്‍ഷനുകളുടെ വിതരണം നടക്കുകയാണ്. അര്‍ഹതയുള്ള 50,20,611 ഗുണഭോക്താക്കള്‍ക്ക് ജനുവരി മാസത്തിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനു 750,78,79,300 രൂപയും 50,35,946 ഗുണഭോക്താക്കള്‍ക്ക് ഫെബ്രുവരി മാസത്തിലെ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ 753,13,99,300 രൂപയും ആണ് അനുവദിച്ചിട്ടുള്ളത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇക്കാലയളവിനുള്ളില്‍ വിവിധ ഇനം സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ നല്‍കുന്നതിനായി 16,730.67 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

സാമൂഹ്യ സുരക്ഷാ പെന്‍ഷനു
കേന്ദ്രം പ്രതിവര്‍ഷം നല്‍കേണ്ടത് 232 കോടി

സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന അഞ്ചിനം സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഇനങ്ങളിലായി ആകെ 52,17,642 ഗുണഭോക്താക്കളാണുള്ളത്. ഇതില്‍ ഇന്ദിരാഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍ എന്നിവ ലഭിക്കുന്ന 47,55,920 ഗുണഭോക്താക്കളില്‍ 6,88,329 പേര്‍ക്കു മാത്രമാണ് എന്‍എസ്എപി വഴി കേന്ദ്ര സഹായം ലഭിക്കുന്നത്. ഇതിനായി പ്രതിവര്‍ഷം 232 കോടിയോളം തുക കേന്ദ്ര വിഹിതമായി ലഭിക്കേണ്ടതുണ്ട്.

ഇത്രയും പേരില്‍ വാര്‍ദ്ധക്യകാല പെന്‍ഷന്‍ ലഭിക്കുന്ന 80 വയസ്സിനു മുകളിലുള്ളവര്‍ക്ക് 500 രൂപയും അതില്‍ താഴെയുള്ളവര്‍ക്ക് 200 രൂപയുമാണ് കേന്ദ്ര വിഹിതം. വികലാംഗ പെന്‍ഷനില്‍ 80 ശതമാനത്തിനു മുകളില്‍ വൈകല്യമുള്ള 18 വയസ്സിനും അതിനു മുകളിലുമുള്ളവര്‍ക്ക് 300 രൂപയും വിധവ പെന്‍ഷനില്‍ 40 വയസ്സു മുതല്‍ 80 വയസ്സു വരെയുള്ളവര്‍ക്ക് 300 രൂപയുമാണ് കേന്ദ്ര വിഹിതം. അതിനാല്‍ ഇവര്‍ക്കെല്ലാം ഓരോ മാസവും ലഭിക്കുന്ന 1600 രൂപയില്‍ ബാക്കി തുക ചെലവഴിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്.

എന്‍എസ്എപി ഗുണഭോക്താക്കള്‍ക്ക്
വിതരണം ചെയ്തതില്‍
കേന്ദ്രം ഇനിയും നല്‍കാനുള്ളത് 463.96 കോടി

എല്ലാത്തരം ധനസഹായങ്ങളും തങ്ങളുടെ പിഎഫ്എംഎസ് സോഫ്‌റ്റ്വെയര്‍ വഴി തന്നെയാകണമെന്ന നിബന്ധന കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നതിനെത്തുടര്‍ന്ന് 2021 ജനുവരി മുതല്‍ സംസ്ഥാന സര്‍ക്കാര്‍ എന്‍എസ്എപി ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്ത ധനസഹായത്തിന്റെ കേന്ദ്രവിഹിതമായ 463.96 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് ഇതുവരെ ലഭിച്ചിട്ടില്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ പോലും, കേന്ദ്ര വിഹിതം ലഭിക്കാതിരുന്നിട്ടും 2021 ജനുവരി മുതല്‍ എന്‍എസ്എപി ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ പെന്‍ഷന്‍ അര്‍ഹതയുള്ള എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കും മുഴുവന്‍ തുകയും സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്നു. എന്‍എസ്എപി ഗുണഭോക്താക്കളുടെ കേന്ദ്ര വിഹിതം തുടര്‍ന്നും ലഭ്യമാക്കുന്നതിനായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിന് പഞ്ചായത്ത് വകുപ്പ് ഉപയോഗിക്കുന്ന സേവന സോഫ്‌റ്റ്വെയറിനെ പിഎഫ്എംഎസ്-മായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ പ്രസ്തുത വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് എന്‍എസ്എപി ഗുണഭോക്താക്കള്‍ക്കുള്ള സംസ്ഥാന വിഹിതവും കേന്ദ്ര വിഹിതവും പ്രത്യേകമായി ബാങ്ക് അക്കൗണ്ടില്‍ ക്രഡിറ്റ് ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുള്ളത്.

ഇടതുസര്‍ക്കാരിനെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമം

സാമൂഹ്യസുരക്ഷ സര്‍ക്കാരുകളുടെ ഉത്തരവാദിത്തമല്ലാതെ മാറിക്കൊണ്ടിരിക്കുന്ന ഈ നവ ഉദാരവല്‍ക്കരണ കാലഘട്ടത്തിലും പരിമിതികള്‍ ഏറെയുണ്ടായിട്ടും അവയെല്ലാം തരണം ചെയ്ത് ജനക്ഷേമം ഉറപ്പിച്ചു മുന്നോട്ടു പോകാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനാകുന്നു എന്നത് അഭിമാനകരമാണ്. ജനങ്ങള്‍ സര്‍ക്കാരിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനമാണ് ഈ സര്‍ക്കാര്‍ നടത്തുന്നതെന്ന വസ്തുതയ്ക്ക് ഇക്കാര്യം അടിവരയിടുന്നു.

എന്നാല്‍ ചിലര്‍ ഈ നേട്ടത്തെ ഇകഴ്ത്തിക്കാണിക്കാനും മറ്റു ചിലര്‍ പങ്കു പറ്റാനുമുള്ള വ്യഗ്രതയിലാണ്. 2011–16‑ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ക്കായി ചെലവഴിച്ചത് 9,311.22 കോടി രൂപയായിരുന്നു. അതിന്റെ മൂന്നു മടങ്ങിലും അധികമാണ് (30054.64 കോടി രൂപ) കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അതിനായി ചെലവഴിച്ച തുക. അക്കാലത്ത് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ എണ്ണം 34,43,414 ആയിരുന്നെങ്കില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തത് 49,85,861 ആയി ഉയര്‍ന്നു. സിഎജി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി അനര്‍ഹരായ ആളുകളെ ഒഴിവാക്കിക്കൊണ്ട് അര്‍ഹരായ കൂടുതല്‍ ആളുകളിലേയ്ക്ക് സഹായം എത്തിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചു വരുന്നത്. അതുകൊണ്ട് ഇന്ന് ആ സഹായം അര്‍ഹരായ അരക്കോടിയില്‍ അധികം ആളുകളിലെത്തിക്കാന്‍ നമുക്ക് സാധിച്ചിരിക്കുന്നു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വരുമ്പോള്‍ പെന്‍ഷന്‍ തുക പ്രതിമാസം 300 രൂപയായിരുന്നു. അവര്‍ അത് ആദ്യ വര്‍ഷം 400 രൂപയും രണ്ടാം വര്‍ഷം 525 രൂപയും ആക്കി ഉയര്‍ത്തി. ദേശീയ നയത്തിന്റെ ഭാഗമായി 80 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാര്‍ദ്ധക്യകാല പെന്‍ഷന്‍ 400ല്‍ നിന്നും 900 രൂപയായും, വികലാംഗ പെന്‍ഷന്‍ 700 രൂപയായും ഉയര്‍ത്തി. യുഡിഎഫ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു തൊട്ടുമുന്‍പായി മാര്‍ച്ച് മാസത്തില്‍ 75 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാര്‍ദ്ധക്യകാല പെന്‍ഷന്‍ 1500 രൂപയാക്കിയുയര്‍ത്തുകയും ചെയ്തു.

ഈ ഉയര്‍ത്തപ്പെട്ട വാര്‍ദ്ധക്യകാല പെന്‍ഷന്റേയും വികലാംഗ പെന്‍ഷന്റേയും ഗുണഭോക്താക്കള്‍ മൊത്തം ഗുണഭോക്താക്കളുടെ 15 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു. 85 ശതമാനമാനമാള്‍ക്കാര്‍ക്കും യുഡിഎഫ് കാലത്ത് ലഭിച്ച പെന്‍ഷന്‍ തുക 525 രൂപയായിരുന്നു. ആ സര്‍ക്കാര്‍ ആകെ കൊണ്ടുവന്ന വര്‍ദ്ധനവ് വെറും 225 രൂപ. പെന്‍ഷന്‍ തുക നാമമാത്രമായേ വര്‍ദ്ധിപ്പിച്ചുള്ളൂ എന്നതു പോകട്ടെ, ആ തുക അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തുകയും ചെയ്തു. 19 മാസത്തെ കുടിശ്ശികയായി പെന്‍ഷനിനത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരുത്തിവച്ച 1473.2 കോടി രൂപ ഗുണഭോക്താക്കള്‍ക്ക് കൊടുത്തു തീര്‍ത്തത് തുടര്‍ന്നു വന്ന എല്‍ഡിഎഫ് ഗവണ്‍മെന്റാണ്. കഴിഞ്ഞ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം എല്ലാ പെന്‍ഷനുകളും 1000 രൂപയാക്കിയുയര്‍ത്തി. 2017 മുതല്‍ അത് 1100 രൂപയായും 2019ല്‍ അത് 1200 രൂപയായും 2020ല്‍ 1400 രൂപയായും വര്‍ദ്ധിപ്പിച്ചു. നിലവില്‍ അത് 1600 രൂപയാണ്.

കേരളത്തിലെ സാമൂഹ്യസുരക്ഷാ പെന്‍ഷനുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഇടതുപക്ഷം നേതൃത്വം നല്‍കിയ സര്‍ക്കാരുകളുടെ കാലത്താണ് അവ ഏറ്റവും കാര്യക്ഷമമായി നടപ്പിലാക്കിയിട്ടുള്ളതെന്ന് കാണാം. 1980ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായ ശേഷമാണ് കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ആരംഭിച്ചത്. അന്ന് 2.94 ലക്ഷം തൊഴിലാളികള്‍ക്ക് 45 രൂപ വച്ച് ലഭിച്ച പ്രതിമാസ പെന്‍ഷന്‍ പിന്നീട് പരിഷ്‌കരിച്ചത് 1987ല്‍ നായനാര്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോഴായിരുന്നു.

പെന്‍ഷനുകളൊക്കെ എല്ലാ സര്‍ക്കാരുകളും വര്‍ദ്ധിപ്പിക്കാറുണ്ടെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് മുന്നണി 1981 മുതല്‍ 1987 വരെ അധികാരത്തിലിരുന്നിട്ടും കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചില്ല. അതിനു ആറ് വര്‍ഷത്തിനു ശേഷം വീണ്ടും ഇടതുപക്ഷ സര്‍ക്കാര്‍ വരേണ്ടി വന്നു. 1995ല്‍ എന്‍എസ്എപിയുടെ ഭാഗമായി വാര്‍ദ്ധക്യകാല പെന്‍ഷന്‍ വരുമ്പോള്‍ അധികാരത്തില്‍ ഇരുന്നത് യുഡിഎഫ് സര്‍ക്കാര്‍ ആയിരുന്നു. പക്ഷേ, ആ പെന്‍ഷന്‍ വയോധികര്‍ക്ക് ലഭിക്കാന്‍ 1996‑ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരേണ്ടിവന്നു.

ഇതൊക്കെയാണ് വസ്തുതകളെന്നിരിക്കേ, സാധാരണക്കാര്‍ക്ക് ഉപകാരപ്രദമായ ഒരു ക്ഷേമപദ്ധതിയെക്കുറിച്ചു പോലും അസത്യം പ്രചരിപ്പിച്ചു സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് കോണ്‍ഗ്രസും സഖ്യകക്ഷികളും ബിജെപിയും സംയുക്തമായി ശ്രമിക്കുന്നത്. എന്നാല്‍ അതിനു മുന്നിലൊന്നും പതറാതെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ച് അഭിമാനപൂര്‍വ്വം ഈ ഗവണ്മെന്റ് മുന്നോട്ടു പോവുകയാണ്. അതുകൊണ്ടാണ് ആത്മവിശ്വാസത്തോടെ ‘ഇത് ഞങ്ങളുടെ സര്‍ക്കാര്‍’ എന്നു പ്രഖ്യാപിക്കാന്‍ ഈ നാട്ടിലെ സാധാരണക്കാര്‍ക്ക് സാധിക്കുന്നത്. അവരോടൊപ്പം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരുണ്ടെന്ന ഉറപ്പാണ് നാളെയ്ക്കുള്ള യാത്രയില്‍ ഈ നാടിന്റെ കൈമുതല്‍. കൂടുതല്‍ കരുത്തോടെ ഒരു മനസ്സോടെ നവകേരളം പടുത്തുയര്‍ത്താന്‍ നമുക്കു മുന്നോട്ടു പോകാം.

 

Eng­lish Sum­ma­ry: Social Secu­ri­ty Pen­sion: Chief Min­is­ter Pinarayi Vijayan’s statement

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.