
ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ ഒഴിവാക്കില്ലെന്ന് കേന്ദ്ര സർക്കാർ. ഇതിനായി സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ആരംഭിച്ചിട്ടില്ലെന്ന് കേന്ദ്ര നിയമ നീതി മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു. സമാജ‌്‌വാദി പാര്‍ട്ടി എംപി രാംജി ലാല്‍ സുമന്‍ ആണ് വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. നിലവില്‍ ആമുഖത്തില്‍ നിന്ന് ഈ വാക്കുകള്‍ പുനഃപരിശോധിക്കാനോ നീക്കം ചെയ്യാനോ ഉദ്ദേശ്യമില്ലെന്ന് നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാൾ രേഖാമൂലം മറുപടി നല്‍കി. അത്തരമൊരു ഭരണഘടനാ ഭേദഗതിക്ക് രാഷ്ട്രീയ സമവായവും വിശദമായ ചര്‍ച്ചയും ആവശ്യമാണെന്നും നിലവില്‍ അത്തരമൊരു പ്രക്രിയ ആരംഭിച്ചിട്ടില്ലെന്നുമായിരുന്നു മറുപടി.
ചില ഗ്രൂപ്പുകൾ ഈ വാക്കുകൾ പുനഃപരിശോധിക്കണമെന്ന് അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയോ വാദിക്കുകയോ ചെയ്യുന്നുണ്ടാകാം. അത്തരം നടപടികള്‍ പൊതുചർച്ചയ്ക്ക് കാരണമായേക്കാം, എന്നാല്‍ അവ സർക്കാരിന്റെ ഔദ്യോഗിക നിലപാടിനെയോ പ്രവർത്തനങ്ങളെയോ പ്രതിഫലിപ്പിക്കുന്നില്ലെന്ന് മന്ത്രി മറുപടിയില്‍ പറയുന്നു. ഇന്ത്യയുടെ ക്ഷേമരാഷ്ട്ര പദവിയെ സോഷ്യലിസം പ്രതിഫലിപ്പിക്കുന്നുവെന്നും ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണ് മതേതരത്വം എന്നുമുള്ള 2024ലെ സുപ്രീം കോടതി നിരീക്ഷണവും മന്ത്രി ആവർത്തിച്ചു.
ഭരണഘടനാ ആമുഖത്തിൽ ഉൾപ്പെടുത്തിയ ‘സോഷ്യലിസം’, ‘മതേതരത്വം’ എന്നീ വാക്കുകൾ പുനഃപരിശോധിക്കണമെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ പറഞ്ഞിരുന്നു. സോഷ്യലിസ്റ്റ്, സെക്കുലര്‍ പദങ്ങള്‍ അടിയന്തരാവസ്ഥ കാലത്ത് കോണ്‍ഗ്രസ് ഏഴുതി ചേര്‍ത്തതാണെന്നും ബി ആര്‍ അംബേദ്കര്‍ വിഭാവനം ചെയ്ത ഭരണഘടനയില്‍ ഈ വാക്കുകള്‍ ഇല്ലെന്നുമായിരുന്നു ആര്‍എസ്എസ് വാദം. ഇത് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.