4 December 2024, Wednesday
KSFE Galaxy Chits Banner 2

സോഷ്യലിസം, അവസര സമത്വം

പ്രഭാത് പട്നായക്
December 2, 2024 4:30 am

രാജ്യത്തിന്റെ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് “സോഷ്യലിസം” എന്ന പദം നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ, ചീഫ് ജസ്റ്റിസ് രണ്ട് സുപ്രധാന നിരീക്ഷണങ്ങൾ നടത്തി. ഒന്നാമത്, ആമുഖത്തിലെ സോഷ്യലിസം എന്ന പദം ഏതെങ്കിലും ഉപദേശപരമായ അർത്ഥത്തിൽ ഉപയോഗിച്ചിട്ടില്ല. എല്ലാ പൗരന്മാർക്കും അവസര സമത്വം ഉറപ്പാക്കുന്ന ഒരു ക്ഷേമരാഷ്ട്രത്തെയാണ് സോഷ്യലിസം എന്ന പദത്തിലൂടെ അർത്ഥമാക്കുന്നത്. രണ്ടാമതായി, ഇതേ അർത്ഥത്തിൽ സോഷ്യലിസം ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണ്. ഇത് ആമുഖത്തിൽ കേവലം ഒരു കൂട്ടിച്ചേർക്കൽ മാത്രമല്ല, മറിച്ച് ഇന്ത്യൻ റിപ്പബ്ലിക് എന്തായിരിക്കണമോ, മൂർത്തമായ ആ ആഗ്രഹത്തിന്റെ സത്തയിൽ വ്യാപിക്കുന്ന ഒന്നാണ്. അതേസമയം ഇതിന് ഒരു സ്ഥാപന സ്വഭാവം നൽകുന്നതിൽ ചീഫ് ജസ്റ്റിസ് തയ്യാറായതുമില്ല. 

ലോകമെമ്പാടും സോഷ്യലിസം എന്ന പദത്തിന്റെ അർത്ഥം പ്രധാന ഉല്പാദനോപാധികളുടെ സാമൂഹിക ഉടമസ്ഥത എന്നാണ്. പക്ഷെ ചീഫ് ജസ്റ്റിസിന്റെ നിർവചനത്തിൽ, ഉടമസ്ഥാവകാശ സ്ഥാപനത്തെക്കാൾ ഫലത്തിന്റെ അടിസ്ഥാനത്തിൽ എന്നായി. എല്ലാ പൗരന്മാർക്കും അവസര സമത്വം ഉറപ്പാക്കുന്ന ഒരു ക്ഷേമരാഷ്ട്രം സൃഷ്ടിക്കുക എന്നതാണ് പ്രധാനം. സോഷ്യലിസത്തിന്റെ സ്ഥാപനപരമായ നിർവചനം, ഉല്പാദനോപാധികളുടെ ഉടമസ്ഥാവകാശത്തിന്റെ അടിസ്ഥാനത്തിൽ വ്യാപകമായി ഉപയോഗിക്കുന്നു. അവസരസമത്വമുള്ള ഒരു ക്ഷേമരാഷ്ട്രം ഉറപ്പാക്കുന്നതിന് സാമൂഹിക ഉടമസ്ഥത അനിവാര്യമായ വ്യവസ്ഥയായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, സാമൂഹിക ഉടമസ്ഥാവകാശം സ്ഥാപിക്കാതെയും ഫലം ഉറപ്പാക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം.
അവസരസമത്വമുള്ള ഒരു ക്ഷേമരാഷ്ട്രം സൃഷ്ടിക്കുന്നതിൽ മാത്രമല്ല സോഷ്യലിസം കേന്ദ്രീകരിക്കുന്നത്. അതിന്റെ ലക്ഷ്യം വിശാലമാണ്. മുതലാളിത്തം സമൂഹത്തിലേക്ക് കൊണ്ടുവരുന്ന ശിഥിലീകരണത്തിന്റെ അവസ്ഥയെ ഇല്ലാതാക്കി ഒരു പുതിയ സമൂഹം സൃഷ്ടിക്കുക. അവസരസമത്വമുള്ള ഒരു ക്ഷേമരാഷ്ട്രത്തിന്റെ സവിശേഷതയായിരിക്കണം പുതിയ സമൂഹം. ഉല്പാദനോപാധികളുടെ സാമൂഹിക ഉടമസ്ഥത ഇല്ലാതെപോലും അവസര സമത്വമുള്ള അത്തരമൊരു ക്ഷേമരാഷ്ട്രം കൈവരിക്കാൻ കഴിയുമോ എന്നതാണ് വിഷയം. കഴിയില്ല എന്നതുതന്നെയാണ് ഉണ്മ. സ്വകാര്യ സംരംഭവും അവസര സമത്വവും തമ്മിലുള്ള വൈരുധ്യത്തിന്റെ വ്യക്തമായ ചില സന്ദർഭങ്ങൾ ചൂണ്ടിക്കാട്ടാം. 

ഒരു വശത്ത് വർധിച്ചുവരുന്ന സമ്പത്തിന്റെ കേന്ദ്രീകരണവും മറുവശത്ത് വർധിച്ചുവരുന്ന തൊഴിലില്ലായ്മയും പോഷകാഹാര ദാരിദ്ര്യവും നിലനിൽക്കെ നിലവിലെ ഇന്ത്യൻ സമൂഹം അവസരസമത്വം ഉറപ്പാക്കുന്ന ദിശയിലേക്ക് നീങ്ങുന്നുവെന്ന് ആർക്കും വാദിക്കാൻ കഴിയില്ല. അവസരസമത്വത്തിലേക്കുള്ള നീക്കത്തിന്റെ അടയാളങ്ങൾ എന്തൊക്കെയാണ്? തൊഴിലില്ലായ്മ നിലനിൽക്കുന്ന ഒരു ലോകത്ത് അവസരസമത്വം ഉണ്ടാകില്ല. തൊഴിലാളികളുടെ കരുതൽ സൈന്യം എന്നായിരുന്നു തൊഴിൽരഹിതരെ കാൾ മാർക്സ് വിശേഷിപ്പിച്ചത്. 

തൊഴിലില്ലാത്തവരുടെ വരുമാനം ജോലിയുള്ളവരെക്കാൾ വളരെ കുറവാണ്. തൊഴിൽരഹിത വേതനം ലഭിച്ചാലും പ്രകടമായ അന്തരത്തിൽ മാറ്റമില്ല. അതിനാൽ, തൊഴിലില്ലാത്തവരുടെ മക്കള്‍ക്കും മറ്റുള്ളവരുടെ കുട്ടികൾക്കുമിടയിൽ അവസരസമത്വം അസാധ്യമാകും. തൊഴിലില്ലായ്മയിൽ നിന്ന് ഉടലെടുക്കുന്ന സാമ്പത്തിക അസമത്വത്തിന് പുറമെ തൊഴിലില്ലാത്തവരുടെ ആത്മാഭിമാന ഇടിവും തൊഴിലില്ലാത്തവരുടെ സന്തതികളുടെ ദാരിദ്ര്യവും വേദന നിറഞ്ഞ ബാല്യവും ഗൗരവമുള്ളതാണ്. തൊഴിലില്ലായ്മ ഇല്ലാതാക്കിയാൽ മാത്രമേ അവസരസമത്വത്തിന് എതിരായ ഇത്തരം അവസ്ഥകൾ ഇല്ലാതാക്കാൻ കഴിയൂ. തൊഴിലില്ലായ്മയിൽ നിന്ന് ഉടലെടുക്കുന്ന സാമ്പത്തിക അപര്യാപ്തത മറികടക്കുന്നതിനുള്ള ഒരു മാർഗം, തൊഴിലില്ലാത്തവർക്ക് ജോലി ചെയ്യുന്നയാളുടെ അതേ വേതന നിരക്ക്, അതായത് തൊഴിലില്ലായ്മാ വേതനം നൽകുക എന്നതാണ്. എന്നാൽ സ്വകാര്യ സംരംഭങ്ങളുള്ള സമ്പദ്‌വ്യവസ്ഥയിൽ ഇത് സാധ്യമല്ല. മുതലാളിത്തത്തിന് കീഴിൽ മാത്രമല്ല, സ്വകാര്യമേഖല ശക്തമായ ഏതൊരു സമ്പദ്‌വ്യവസ്ഥയിലും തൊഴിലില്ലായ്മയുടെ അസ്തിത്വം തൊഴിലാളികൾക്ക് നേരെയുള്ള ഒരു അച്ചടക്ക ഉപകരണമായി പ്രവർത്തിക്കുന്നു. ഇക്കാരണത്താൽ, തൊഴിലില്ലാത്തവർക്ക് ജോലി ചെയ്യുന്നയാളുടെ അതേ വേതനം, തൊഴിലില്ലായ്മാ വേതനമായി നൽകുന്നത് അത്തരം സമ്പദ്‌വ്യവസ്ഥയിൽ അസ്വീകാര്യമാണ്. 

ഒരു വശത്ത് അവസരസമത്വവും മറുവശത്ത് സ്വകാര്യ സംരംഭവും തമ്മിലുള്ള വൈരുധ്യം തൊഴിലില്ലായ്മയുടെ കാര്യത്തിൽ ഉയർന്നുവരുന്നു. എന്നാൽ ചീഫ് ജസ്റ്റിസ് അതിനോട് യോജിക്കുമോ ഇല്ലയോ എന്നതിൽ തീർച്ചയില്ല. തൊഴിലില്ലായ്മയുടെ അസ്തിത്വം അവസര സമത്വത്തിന് തടസമാണെന്ന് ചീഫ് ജസ്റ്റിസിന് ബോധ്യപ്പെടുമോ? അവസരസമത്വത്തിന്റെ രണ്ടാമത്തെ വ്യക്തമായ ആവശ്യം, സമ്പത്ത് അനന്തരാവകാശമായി ലഭിക്കുന്നതിനുള്ള വ്യാപ്തിയുടെ പൂർണമായ ഉന്മൂലനം എന്നതാണ്. അത് സാധ്യമാകുന്നില്ലെങ്കിൽ കുറഞ്ഞത് ഗണ്യമായി കുറയ്ക്കുകയെങ്കിലും വേണം. 

ഒരു ശതകോടീശ്വരന്റെ മകനും ഒരു തൊഴിലാളിയുടെ മകനും അവസരസമത്വം ഉണ്ടെന്ന് പറയാനാവില്ല. ആദ്യത്തേത് പിതാവിന്റെ കോടിക്കണക്കിന് സ്വത്തിന്മേലുള്ള അനന്തരാവകാശമാണ്. മുതലാളിമാരുടെ ലാഭവും അതുവഴി സമ്പത്തും ആർജിക്കുന്ന ബൂർഷ്വാ സാമ്പത്തിക ശാസ്ത്രത്തിന് പോലും, മറ്റുള്ളവർക്ക് ഇല്ലാത്ത ചില പ്രത്യേക ഗുണങ്ങളിൽ അവർക്ക് അനന്തരാവകാശം സംരക്ഷിക്കാൻ കഴിയില്ല. കാരണം അത് ‘സമ്പത്തിന് കാരണം ചില പ്രത്യേക ഗുണങ്ങൾ’ എന്ന ഈ വാദത്തിന് എതിരാണ്. അതുകൊണ്ടാണ് മിക്ക മുതലാളിത്ത രാജ്യങ്ങളിലും ഉയർന്ന പാരമ്പര്യനികുതിയുള്ളത്. ജപ്പാനിലെ നിരക്ക് 55 ശതമാനമാണ്, മറ്റ് പ്രധാന രാജ്യങ്ങളിൽ ഏകദേശം 40 ശതമാനവും. ഇന്ത്യയിൽ അനന്തരാവകാശ നികുതിയില്ല. അവസരസമത്വത്തിന്റെ മൂന്നാമത്തെ ആവശ്യം, അനന്തരാവകാശം നിരോധിക്കുന്നതിനു പുറമേ, സമ്പത്തിന്റെ വ്യത്യാസങ്ങൾ തന്നെ കുറയ്ക്കണം എന്നതാണ്. സമ്പത്ത് രാഷ്ട്രീയവും സാമൂഹികവുമായ അധികാരം കൊണ്ടുവരുന്നു, അധികാരം അസമമായി വിതരണം ചെയ്യപ്പെടുന്ന ഒരു സമൂഹം എല്ലാവർക്കും തുല്യ അവസരം നൽകുമെന്ന് പറയാനാവില്ല. അതിനാൽ, സമ്പത്ത് തലമുറകളിലേക്ക് കൈമാറ്റം ചെയ്യാൻ അനുവദിക്കരുത്. 

മാതാപിതാക്കളുടെ ജീവിതകാലത്ത് കുട്ടികൾക്ക് അനാവശ്യ നേട്ടങ്ങൾ നൽകുന്ന രൂപത്തിൽ സമ്പത്തിന്റെ പ്രത്യാഘാതങ്ങൾ തടയണം. വരുമാന വ്യത്യാസങ്ങളുടെ കാര്യത്തിലും ഇതു ബാധകമാണ്, അവസരസമത്വം ഉറപ്പാക്കണമെങ്കിൽ അതും കുറയ്ക്കണം. നാലാമത്തെ വ്യക്തമായ ആവശ്യം, സാമ്പത്തിക അസമത്വം സന്തതിയുടെ വിദ്യാഭ്യാസ യോഗ്യതയെയോ നൈപുണ്യ സമ്പാദനത്തിന്റെ നിലവാരത്തെയോ ബാധിക്കാൻ അനുവദിക്കരുത് എന്നതാണ്.
ഇതോടൊപ്പം വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനവും നൈപുണ്യ സമ്പാദനവും എല്ലാവർക്കും തുല്യമാക്കേണ്ടതുണ്ട്. അതിനായി ഉയർന്ന നിലവാരത്തിലുള്ള പരിശീലനം നൽകുന്ന ഒരു പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ സൗജന്യമായോ അല്ലെങ്കിൽ എല്ലാവർക്കും താങ്ങാനാവുന്ന നാമമാത്രമായ നിരക്കിലോ നടപ്പിലാക്കണം. നവലിബറലിസത്തിന് കീഴിൽ രാജ്യത്തും മറ്റിടങ്ങളിലും വിദ്യാഭ്യാസ മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യവൽക്കരണത്തിന് പകരം വിദ്യാർത്ഥികളെ അതിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി അവസരസമത്വത്തിന് വഴിയൊരുക്കുന്ന ഉയർന്ന നിലവാരമുള്ളതും പൂർണവുമായ സാർവത്രികവൽക്കരണം നടപ്പിലാകണം. 

സ്വകാര്യ സ്ഥാപനങ്ങള്‍ പൊതുസ്ഥാപനങ്ങളെക്കാൾ ഉയർന്ന ഫീസ് ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ചുരുക്കത്തിൽ അവർക്ക് ജീവകാരുണ്യ സ്ഥാപനങ്ങൾ മാത്രമേ ആകാൻ കഴിയൂ. അഞ്ചാമത്തെ ആവശ്യകത ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ടതാണ്. ഇവിടെയും വിദ്യാഭ്യാസത്തിന്റെ കാര്യത്തിലെ അതേ പരിഗണനകൾ ബാധകമാണ്. ഭരണകൂടത്തിന്റെ കീഴിലുള്ള സേവനത്തിലൂടെയാകണം സാർവത്രികമായ ഉയർന്ന ഗുണമേന്മയുള്ള ആരോഗ്യ സംരക്ഷണം നൽകുന്നത്. അത് തികച്ചും സൗജന്യമായതോ അല്ലെങ്കിൽ എല്ലാവർക്കും താങ്ങാനാവുന്ന നാമമാത്ര നിരക്കിലോ ഉള്ളതാകണം. അവസര സമത്വത്തിന് അത്യന്താപേക്ഷിതമായ തികച്ചും വ്യക്തവും എന്നാൽ ഏറ്റവും കുറഞ്ഞതുമായ ചില ആവശ്യകതകളാണിത്. 

വികസിത മുതലാളിത്ത രാജ്യങ്ങളിൽ ഒരു ക്ഷേമ രാഷ്ട്രത്തെ വളർത്തിയെടുത്ത യുദ്ധാനന്തര സോഷ്യൽ ഡെമോക്രസി, തൊഴിലില്ലായ്മ പരമാവധി കുറയ്ക്കാൻ കെയ്‌നീഷ്യൻ മാതൃകാ മാനേജ്മെന്റ് ഉപയോഗിച്ചു. പക്ഷെ യഥാർത്ഥമായ നേട്ടം കൈവരിക്കുന്നതിൽ വിജയിച്ചതുമില്ല. അവസരസമത്വം സ്ഥായിയായി തെളിയിക്കാൻ കഴിഞ്ഞില്ല (1960കളുടെ തുടക്കത്തിലും അവസാനത്തിലും ഉണ്ടായ പണപ്പെരുപ്പം തകർച്ചയ്ക്ക് കാരണമായി).

വർഗത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടിരിക്കുന്ന ഒരു സമൂഹത്തിൽ അവസര സമത്വം കൈവരിക്കാനുള്ള അസാധ്യതയാണ് ഇത് കാണിക്കുന്നത്. ക്ഷേമരാഷ്ട്രത്തെ ഇല്ലാതാക്കിയ പണപ്പെരുപ്പ പ്രതിസന്ധിക്ക് വഴിയായത് ഉയർന്ന തൊഴിൽ നിരക്കും വിദൂര ദേശങ്ങളിലെ പ്രാഥമിക ചരക്ക് ഉല്പാദകരുടെ മേലുള്ള സമ്പൂർണ നിയന്ത്രണം നഷ്ടപ്പെട്ടതുമായിരുന്നു. ഇത്തരം സംഭവവികാസങ്ങൾ വർഗ സംഘർഷം രൂക്ഷമാക്കുകയും വിലക്കയറ്റം വർധിപ്പിക്കുകയും ചെയ്തു. ഉല്പാദനോപാധികൾ സാമൂഹികമായ ഉടമസ്ഥതയിലുള്ള വർഗ വൈരുധ്യങ്ങൾ നിലവിലില്ലാത്ത ഒരു സമൂഹത്തിൽ മാത്രമേ അവസരങ്ങളുടെ യഥാർത്ഥ സമത്വം ഉണ്ടാകൂ. അവസരസമത്വമുള്ള ഒരു ക്ഷേമ രാഷ്ട്രം എന്ന വ്യവസ്ഥയിൽ സുപ്രീം കോടതി പ്രതിജ്ഞാബദ്ധമായി തുടരട്ടെ. സോഷ്യലിസം സാധ്യമാക്കുന്നതിനുള്ള ഗതിവേഗം കുറവാണെങ്കിലും ആ ദിശയിലുള്ള ഏതൊരു നടപടിയും എല്ലാ സോഷ്യലിസ്റ്റുകളും സ്വാഗതം ചെയ്യുക തന്നെവേണം. 

(ന്യൂസ് ക്ലിക്ക്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.